ഇന്ത്യന്‍ മീഡിയ- വിനോദ വ്യവസായം വളരുന്നു, ലോകത്തില്‍ ഏറ്റവും വേഗതയില്‍

കോവിഡ് മഹാമാരി 'അനുഗ്രഹ'മായി മാറിയ ഒരു മേഖലയാണ് മീഡിയ-വിനോദ വ്യവസായം. ലോക്ക് ഡൗണിനെ തുടര്‍ന്ന് ആളുകള്‍ വീട്ടിലിരുപ്പ് തുടങ്ങിയത് ഈ മേഖലയ്ക്ക് വലിയ നേട്ടമുണ്ടാക്കി. പരസ്യ വരുമാനത്തിലും വലിയ തുക നേടാന്‍ ഈ മേഖലകളിലെ സ്ഥാപനങ്ങള്‍ക്ക് ആയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രത്യേകിച്ച് ഇന്ത്യന്‍ മീഡിയ-വിനോദ വ്യവസായം ലോകത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്നുവെന്നാണ് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സി (പിഡബ്ല്യുസി)ന്റെ വിലയിരുത്തല്‍.

സാങ്കേതികവിദ്യയിലുണ്ടായ മുന്നേറ്റവും ഇന്റര്‍നെറ്റ് വ്യാപകമായതുമാണ് ഈ മേഖലയ്ക്ക് തുണയായത്. 2025 ഓടെ ഈ മേഖല 4 ലക്ഷം കോടി രൂപയുടേതായി മാറുമെന്നാണ് പിഡബ്ല്യുസിയുടെ കണക്ക്കൂട്ടല്‍.
കോവിഡ് പ്രതിസന്ധിക്കിടയിലും രാജ്യത്തെ ടിവി ചാനലുകളില്‍ 35015 കോടി രൂപയുടെ പരസ്യങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. 2020-25 കാലയളവില്‍ ഇന്റര്‍നെറ്റ് വഴിയുള്ള പരസ്യത്തില്‍ 18.8 ശതമാനം വര്‍ധന ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2025 ഓടെ 30000 കോടി രൂപയുടേതാകും ഈ വിപണി.
2020 ല്‍ 7331 കോടി രൂപയാണ് മൊബീല്‍ ഇന്റര്‍നെറ്റ് അഡൈ്വസിംഗിനായി ചെലവഴിച്ചിരിക്കുന്നത്. 2025 ഓടെ 25.4 ശതമാനം വര്‍ധിച്ച് 22350 കോടി രൂപയാകും. അതേസമയം പത്രങ്ങളുടെയും മാഗസിനുകളുടെയും പരസ്യ വരുമാനത്തില്‍ 1.82 ശതമാനം വര്‍ധന മാത്രമേ ഉണ്ടാകുകയുള്ളൂ. 2025 ഓടെ 26299 കോടി രൂപയുടെ വിപണിയാകും ഇത്. പ്രിന്റ് മീഡിയയുടെ പരസ്യ വരുമാനം 12 ശതമാനവും സര്‍ക്കുലേഷന്‍ വരുമാനം 4 ശതമാനവും കോവിഡ് പശ്ചാത്തലത്തില്‍ 2020 ല്‍ കുറഞ്ഞിരുന്നു.
സിനിമാ വ്യവസായം 2023 ഓടെയാകും പൂര്‍വസ്ഥിതി പ്രാപിക്കുകയെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2025 ഓടെ ബോക്‌സ് ഓഫീസ് വരുമാനം 39.3 ശതാനം വാര്‍ഷിക വളര്‍ച്ചയോടെ 13857 കോടി രൂപയുടേതാകും. രാജ്യത്തെ സംഗീത, റേഡിയോ, പോഡ്കാസ്റ്റ് വിപണിയുടെ വരുമാനം 2020 ല്‍ 4626 കോടി രൂപയായി കുറഞ്ഞിരുന്നു. 2025 ഓടെ ഈ മേഖല 11026 കോടി രൂപയുടെ വിപണിയായി മാറുകയും ചെയ്യും. ഓരോ വര്‍ഷവും 20 ശതമാനം വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്.
വീഡിയോ ഗെയിംസ്, ഇ സ്‌പോര്‍ട്ട്‌സ് മേഖലയില്‍ 2020 ലും മുന്നേറ്റം ഉണ്ടായിട്ടുണ്ട്. 11250 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം ഇത് നേടിയത്. 2025 ഓടെ 24213 കോടി രൂപയുടേതാകും ഈ വിപണിയെന്നും പിഡബ്ല്യുസി കണക്കുകൂട്ടുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it