Begin typing your search above and press return to search.
ഹോബി വാച്ച് ശേഖരണം മുതല്‍ കാറുകള്‍ വരെ, ഇന്ത്യയിലെ സമ്പന്ന കുടുംബങ്ങളുടെ എണ്ണം വര്‍ധിക്കുന്നു
രാജ്യത്തെ കോടീശ്വര കുടുംബങ്ങളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം 11 ശതമാനത്തിന്റെ വര്‍ധന. ദി ഹുറുണ്‍ ഇന്ത്യ റിപ്പോര്‍ട്ടാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തു വിട്ടത്. ഡോളര്‍ മില്യണെയര്‍ എന്നാണ് ഹുറുണ്‍ ഈ വിഭാഗത്തെ വിശേഷിപ്പിക്കുന്നത്. കുറഞ്ഞത് ഏഴ് കോടി രൂപയുടെ ആസ്ഥിയുള്ള കുടുംബങ്ങളെയാണ് ഹുറുണ്‍ കോടീശ്വര പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
4.58 ലക്ഷം ഇന്ത്യന്‍ കുടുംബങ്ങളാണ് കോടീശ്വര പട്ടികയില്‍ ഇടം നേടിയത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ 30 ശതമാനം വര്‍ധനവോടെ ഇന്ത്യന്‍ കോടീശ്വര കുടുംബങ്ങളുടെ എണ്ണം 6 ലക്ഷത്തിലെത്തുമെന്നും ഹുറുണ്‍ പറയുന്നു. രാജ്യത്തെ കോടീശ്വരന്മാരുടെ എണ്ണത്തില്‍ മുംബൈ (20,300 കുടുംബങ്ങള്‍) ആണ് ഒന്നാമത്. ന്യൂഡല്‍ഹി (17,400), കൊല്‍ക്കത്ത (10,500) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
ഇന്ത്യന്‍ കോടീശ്വരന്മാരുടെ ഹോബികള്‍, മാനസിക സന്തോഷം, മക്കളുടെ വിദ്യാഭ്യാസം ഉള്‍പ്പടെയുള്ള കാര്യങ്ങളും സര്‍വ്വെയില്‍ ഹുറുണ്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. സര്‍വ്വെയില്‍ പങ്കെടുത്ത കോടീശ്വരന്മാരില്‍ വ്യക്തിപരവും തൊഴില്‍ പരവുമായി സന്തോഷം കണ്ടെത്തുന്നവര്‍ 66 ശതമാനം മാത്രമാണ്. ജീവിതത്തില്‍ സന്തോഷം കണ്ടെത്തുന്നവരുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ആറ് ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്.
ഇന്ത്യന്‍ സമ്പന്നരില്‍ 70 ശതമാനവും മക്കളെ വിദേശത്ത് അയച്ച് പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. യുഎസിലേക്ക് മക്കളെ അയക്കാനാണ് 29 ശതമാനം പേരും ആഗ്രഹിക്കുന്നത്. യുകെ ( 19 ശതമാനം), ന്യൂസിലന്‍ഡ് (12 ശതമാനം), ജര്‍മ്മനി (11 ശതമാനം) എന്നിവയാണ് വിദ്യാഭ്യാസത്തിനായി തെരഞ്ഞെടുക്കുന്ന മറ്റ് പ്രധാന രാജ്യങ്ങള്‍.
വാച്ച് ശേഖരണമാണ് ഭൂരിഭാഗം ഇന്ത്യന്‍ കോടീശ്വരന്മാരുടെയും ഹോബി. 63 ശതമാനം പേരും കുറഞ്ഞത് നാല് വാച്ചുകളെങ്കിലും കൈവശം ഉള്ളവരാണ്. സര്‍വെയില്‍ പങ്കെടുത്ത നാലിലൊന്ന് ആളുകളും മൂന്ന് വര്‍ഷത്തിനുള്ളില്‍ കാറുകള്‍ മാറുന്നവരാണ്. മേഴ്‌സിഡസ് ബെന്‍സ് ആണ് ഭൂരിഭാഗത്തിന്റെയും ഇഷ്ട ബ്രാന്‍ഡ്. റോള്‍സ് റോയ്‌സും റേഞ്ച് റോവറുമാണ് പിന്നാലെ. ലംബോര്‍ഗിനിയാണ് ഏറ്റവും കൂടുതല്‍ പേര്‍ തെരഞ്ഞടുത്ത ആഡംബര സ്‌പോര്‍ട്‌സ് കാര്‍.
Next Story
Videos