പുകവലി വിരുദ്ധ നിയമം കര്‍ശനമാകുന്നു; സിഗരറ്റ് കമ്പനികള്‍ പ്രതിസന്ധിയിലേക്ക്

ഇന്ത്യയില്‍ പുകവലി വിരുദ്ധ നിയമം കൂടുതല്‍ ശക്തമാകുന്നതോടെ സിഗരറ്റ് നിര്‍മ്മാതാക്കള്‍ പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തും. ഇപ്പോള്‍ തന്നെ സിഗരറ്റ് വില്പന പണ്ടത്തേക്കാളും എത്രയോ കുറഞ്ഞു. ഇനി കര്‍ശന നിയമം കൊണ്ട് വരുന്നതോടെ ഈ മേഖലയിലെ വ്യാപാരം തികച്ചും പ്രതിസന്ധിയില്‍ ആകും.

2015 ല്‍ പുകവലി വിരുദ്ധ നിയമം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്നിരുന്നു. എന്നാല്‍ ഇത് നടപ്പാക്കുന്ന കാര്യത്തില്‍ സിഗരറ്റ് കമ്പനികളുടെ ശക്തമായ എതിര്‍പ്പുണ്ടായതിനെ തുടര്‍ന്ന് ഗവണ്മെന്റ് ഇക്കാര്യത്തില്‍ നയം മയപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഇനി കൂടുതല്‍ ശക്തമായ നിയമങ്ങള്‍ കൊണ്ടു വരികയാണ്. അതോടൊപ്പം നേരത്തെ ചെയ്ത പോലെ ബോധവല്‍ക്കരണ ക്യാമ്പയിനുകളും ഉണ്ടാകും.

ഏറ്റവും പുതിയ തീരുമാനം അനുസരിച്ച് ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും എയര്‍പോര്‍ട്ടുകളിലും സ്‌മോക്കിങ് സോണുകള്‍ നിരോധിക്കും, അതുപോലെ കിയോസ്‌കുകളില്‍ സിഗരറ്റിന്റെ പരസ്യവും നിരോധിക്കും. കൂടാതെ, നിയമപരമായി പുകവലിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി 21 വയസ്സാക്കി മാറ്റും. എന്നാല്‍ ഈ തീരുമാനത്തിനെതിരെ സിഗരറ്റ് നിര്‍മ്മാതാക്കള്‍ പ്രതിഷേധവുമായി ഇറങ്ങിയിരിക്കുകയാണ്.

ലോകാരോഗ്യ സംഘടനാ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ പ്രതിവര്‍ഷം പുകവലി മൂലം പതിമൂന്നര ലക്ഷം പേര്‍ മരണമടയുന്നുണ്ട്. ഇന്ത്യന്‍ സിഗരറ്റ് മാര്‍ക്കറ്റില്‍ 1200 കോടി ഡോളറിന്റെ വിറ്റുവരവുണ്ട്. ഐ ടി സി, ഗോഡ്ഫ്രി ഫിലിപ്‌സ്, ഫിലിപ്പ് മോറിസ് എന്നിവയാണ് ഇന്ത്യയിലെ പ്രമുഖ സിഗരറ്റ് നിര്‍മ്മാതാക്കള്‍.

പുതിയ നിയന്ത്രണങ്ങള്‍ക്കെതിരെ സര്‍ക്കാരിനെ സമീപിക്കാന്‍ ഈ കമ്പനികള്‍ തീരുമാനിച്ചു കഴിഞ്ഞു. പല നിയന്ത്രണങ്ങളും വളരെ കടുത്തതാണെന്നാണ് ഇവരുടെ പക്ഷം. സര്‍ക്കാര്‍ പുതുതായി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന നിയന്ത്രണങ്ങള്‍ സംബന്ധിച്ച് പൊതുജനാഭിപ്രായം ആരായാന്‍ ജനുവരി 31 വരെ സമയമുണ്ട്. അതിന് മുമ്പ് തങ്ങളുടെ ആശങ്കകള്‍ സര്‍ക്കാരിനെ അറിയിക്കാനാണ് കമ്പനികള്‍ ആലോചിക്കുന്നത്.

പുകവലി നിയന്ത്രണങ്ങള്‍ കടുപ്പിക്കുമ്പോള്‍ സിഗരറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട തൊഴില്‍ മേഖലയില്‍ ഉണ്ടായേക്കാവുന്ന തൊഴിലാളികളുടെ പ്രതിസന്ധികളും പുകയില കര്‍ഷകര്‍ അനുഭവിച്ചേക്കാവുന്ന പ്രശ്‌നങ്ങളുമായിരിക്കും ഈ കമ്പനികള്‍ ഉയര്‍ത്തിപ്പിടിക്കുക.

കിയോസ്‌കുകളില്‍ പരസ്യം നിരോധിക്കുന്നതോടൊപ്പം ഓരോ സിഗരറ്റ് വീതമുള്ള ലൂസ് വില്‍പ്പനയും നിരോധിച്ചേക്കും. ലൂസ് വില്പനയിലൂടെയാണ് കമ്പനികള്‍ക്ക് ഏറെ വരുമാനം ലഭിക്കുന്നത്.

എന്നാല്‍ പുകവലി വിരുദ്ധ സാമൂഹിക സംഘടനകള്‍ ഏറെ സന്തോഷത്തിലാണ്. വളരെ അത്യാവശ്യമായ നിയമങ്ങളാണ് സര്‍ക്കാര്‍ കൊണ്ടു വരുന്നതെന്നും നേരത്തെ ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ വളരെ ശുഷ്‌കമായിരുന്നു എന്നുമാണ് ഇവരുടെ പക്ഷം.


Related Articles
Next Story
Videos
Share it