ഇവരാണ് ഓഹരി വിപണിയിലെ സൂപ്പര്‍ റീച്ച് ക്ലബ്ബില്‍ എത്തിയവര്‍!

ഇന്ത്യയിലെ ശതകോടീശ്വരന്മാരായ കമ്പനി ഉടമകളുടെ സമ്പത്തില്‍ 33 ശതമാനം വര്‍ധനവുണ്ടായെന്നു റിപ്പോര്‍ട്ടുകള്‍
ഇവരാണ് ഓഹരി വിപണിയിലെ സൂപ്പര്‍ റീച്ച് ക്ലബ്ബില്‍ എത്തിയവര്‍!
Published on

ലോക്ക്ഡൗണിനു ശേഷം ഓഹരി വിപണിയിലുണ്ടായ നേട്ടത്തെ തുടര്‍ന്ന് ഇന്ത്യയിലെ ശതകോടീശ്വരന്മാരായ കമ്പനി ഉടമകളുടെ സമ്പത്തില്‍ 33 ശതമാനം വര്‍ധനവുണ്ടായെന്നു റിപ്പോര്‍ട്ടുകള്‍.

സ്‌റ്റോക്കില്‍ ഉണ്ടായ വര്‍ദ്ധനവിനെ തുടര്‍ന്ന് ഇന്ത്യയുടെ സൂപ്പര്‍ റിച്ച് ക്ലബ്ബില്‍ എത്തിയ ശതകോടീശ്വരന്മാര്‍ (ഡോളറില്‍ കണക്കാക്കുമ്പോള്‍) 90 ആയി. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് പ്രകാരം 2019 ഡിസംബര്‍ അവസാനത്തോടെ ഈ ക്ലബ്ബില്‍ ഉണ്ടായിരുന്നത് 80 പേര്‍ മാത്രമായിരുന്നു.

ഈ ശതകോടീശ്വരന്മാര്‍ എല്ലാവരുടേം സമ്പത്തിന്റെ കണക്ക് ഒന്നിച്ചു കൂട്ടിയാല്‍ ഏകദേശം 483 ബില്യണ്‍ ഡോളര്‍ (ഏകദേശം 35.5 ട്രില്യണ്‍ രൂപ ) വരുമെന്ന് പത്രം പറയുന്നു. ഇത് കഴിഞ്ഞ വര്‍ഷത്തെ 12 മാസത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ അന്നുണ്ടായിരുന്ന 364 ബില്യണ്‍ ഡോളറില്‍ നിന്നും 33 ശതമാനം വര്‍ദ്ധനവാണ് കാണിക്കുന്നത്.

ഇവരുടെ മുഴുവന്‍ സമ്പത്തും ഒന്നിച്ചെടുത്താല്‍ ഇന്ത്യയുടെ ജി ഡി പിയുടെ ഏകദേശം അഞ്ചിലൊന്ന് ഭാഗമെത്തും ഇപ്പോഴത്തെ കണക്കുകള്‍ ഡോളറുമായി തട്ടിച്ചു നോക്കിയാല്‍. അതെ സമയം ഇന്ത്യയുടെ FY21 ജി ഡി പി 9.6 ഇടിവോടെ ഏകദേശം 2.6 ട്രില്യണ്‍ ഡോളറില്‍ എത്തുമെന്നാണ് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് കണക്കുകൂട്ടുന്നത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയാണ് ഈ പട്ടികയില്‍ ഒന്നാമതെത്തിയത്. അദ്ദേഹത്തിന്റെ മൊത്തം ആസ്തി കഴിഞ്ഞ 12 വര്‍ഷത്തെ കണക്കില്‍ നിന്നും 37.2 ശതമാനം വര്‍ധിച്ചു 87.5 ബില്യണ്‍ ഡോളറായി (6.44 ട്രില്യണ്‍ രൂപ) ആയി ഉയര്‍ന്നു. ഏകദേശം 21.5 ബില്യണ്‍ ഡോളര്‍ കൂടി 2020ല്‍ അദ്ദേഹം തന്റെ സമ്പാദ്യത്തിനോട് ചേര്‍ത്തു.

അദാനി ഗ്രൂപ്പിന്റെ ഗൗതം അദാനി കുടുംബം ആണ് ശതമാന കണക്കില്‍ ഈ വര്‍ഷം ഏറ്റവുമധികം സമ്പത് വര്‍ധിപ്പിച്ചത്. അദാനി കുടുംബത്തിന്റെ സമ്പത്തു ഒരു വര്‍ഷം മുമ്പുണ്ടായിരുന്ന 20 ബില്യണ്‍ ഡോളറില്‍ നിന്നും ഇരട്ടിയിലധികം വര്‍ധിച്ച്് ഈ വര്‍ഷം 41 ബില്യണ്‍ ഡോളര്‍ ആയി മാറി.

അദാനി കമ്പനികളായ അദാനി ഗ്രീന്‍, അദാനി പോര്‍ട്‌സ്, അദാനി എന്റര്‍െ്രെപസസ് എന്നിവയുടെ ഓഹരി വിലയിലുള്ള ഗണ്യമായ വര്‍ധനവാണ് ഇതിനു പ്രധാന കാരണം.

ടെക്ക് കമ്പനി ഉടമകളും തങ്ങളുടെ സമ്പത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. വിപ്രോയുടെ അസിം പ്രേംജി, എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ ശിവ നാടാര്‍, ഇന്‍ഫോസിസ്‌ന്റെ സ്ഥാപകര്‍ എന്നിവര്‍ ഏകദേശം 55 - 67 ശതമാനം വര്‍ദ്ധനവ് ഈ കമ്പനികളുടെ ഓഹരി വിലയിലുണ്ടായ മെച്ചത്തെ തുടര്‍ന്ന് നേടി.

ഷെയര്‍ വിലയിലെ കുതിച്ചുചാട്ടം മൂലം നേട്ടമുണ്ടാക്കിയ മറ്റ് പ്രമോട്ടര്‍മാര്‍ ഇവരാണ്: ഏഷ്യന്‍ പെയ്ന്റ്‌സ് (48 ശതമാനം), അവന്യൂ സൂപ്പര്‍മാര്‍ട്ട് ഉടമ രാധാകിഷന്‍ ദമാനി (41%), സണ്‍ ഫാര്‍മയുടെ ദിലീപ് ഷാങ്‌വി (36%), സുനില്‍ മിത്തല്‍ (21%).

രാജ്യത്തെ ഏറ്റവും പുതിയ ശതകോടീശ്വരന്‍ പ്രൊമോട്ടര്‍മാരായി മാറിയത് യോഗ ഗുരു ബാബാ രാംദേവും ബിസിനസ്സ് പങ്കാളി ആചാര്യ ബാല്‍കൃഷ്ണയുമാണ്.

അവരുടെ സമ്പത് 2019 അവസാനമുണ്ടായിരുന്ന 100 കോടി രൂപയില്‍ നിന്ന് ഡിസംബര്‍ 24, 2020 ആയപ്പോള്‍ 20,000 കോടി രൂപയായി കുതിച്ചുയര്‍ന്നു. ഇതിന്റെ പ്രധാന കാരണം രുചി സോയ എന്ന കമ്പനിയുടെ സ്‌റ്റോക്കില്‍ ഉണ്ടായ വര്‍ധനവാണ്. പതഞ്ജലി ആയുര്‍വേദക്ക് രുചി സോയയില്‍ 99 ശതമാനം ഉടമസ്ഥാവകാശമുണ്ട്.

പ്രധാനമായും നേട്ടമുണ്ടാക്കിയ മറ്റ് ചില കമ്പനി ഉടമകള്‍ ഇവരാണ്: ദിവിസ് ലബോറട്ടറീസ് ഉടമ മുരളി ദിവി (103%), അരബിന്ദോ ഫാര്‍മ ഉടമ റെഡ്ഢികള്‍ (99%), ഇപകാ ലബോറട്ടറീസ് ഉടമ പ്രേംചന്ദ് ഗോദ (91%), ലോറസ് ലാബ്‌സ് ഉടമകള്‍ ചവ സത്യനാരായണയും വെങ്കട്ട രവി കുമാര്‍ വന്താരവും (379%), ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com