സ്മാര്‍ട്ട്‌ ഫോണ്‍ വിപണി; ഈ വിഭാഗത്തില്‍ നിന്ന് ചൈനീസ് കമ്പനികളെ വിലക്കിയേക്കും

12,000 രൂപയില്‍ താഴെയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കുന്നതില്‍ നിന്ന് ചൈനീസ് കമ്പനികളെ കേന്ദ്രം വിലക്കിയേക്കും. രാജ്യത്തെ എന്‍ട്രി ലെവല്‍, ബഡ്ജറ്റ് സെഗ്മെന്റ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ നിന്ന് ചൈനീസ് കമ്പനികളെ ഒഴിവാക്കുകയാണ് ലക്ഷ്യം. ബ്ലൂംബെര്‍ഗ് ആണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയായ ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന മൂന്നില്‍ ഒന്ന് ഫോണുകളും 12,000 രൂപയ്ക്ക് താഴെ വിലയുള്ളവയാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തിലെ കണക്കുകള്‍ പ്രകാരം ഈ വിഭാഗത്തില്‍ 80 ശതമാനം വിപണി വിഹിതവും ചൈനീസ് കമ്പനികള്‍ക്കാണ്.

ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തില്‍ ഇന്ത്യന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ കേന്ദ്രം സ്വീകരിക്കുമെന്നാണ് വിവരം. എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. മൈക്രോമാക്‌സ്, ലാവ, ലൈഫ് തുടങ്ങിയവയാണ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുന്ന ഇന്ത്യന്‍ കമ്പനികള്‍.

ബജറ്റ് സെഗ്മെന്റില്‍ നിന്ന് പിന്മാറേണ്ടി വന്നാല്‍ ഷവോമി, റിയല്‍മി ഉള്‍പ്പടെയുള്ള കമ്പനികളെ അത് പ്രതികൂലമായി ബാധിക്കും. നിലവില്‍ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ഓപ്പോ, ഷവോമി, വണ്‍പ്ലസ് അടക്കമുള്ള കമ്പനികളെ കേന്ദ്രം ശക്തമായി നിരീക്ഷിച്ച് വരുകയാണ്. വിലക്കുറവും മികച്ച ഫീച്ചറുകളും ആണ് ഇന്ത്യന്‍ വിപണിയില്‍ ചൈനീസ് കമ്പനികളുടെ മുതല്‍ക്കൂട്ട്. അതുകൊണ്ട് തന്നെ കുറഞ്ഞ വിലയിൽ 4ജി/5ജി ഫോണുകള്‍ വാങ്ങാന്‍ കാത്തിരിക്കുന്ന ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കും വലിയ തിരിച്ചടിയാവും ഇത്തരം തീരുമാനങ്ങള്‍.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it