

ചരക്ക് സേവന നികുതിക്ക് (ജിഎസ്ടി) കീഴിൽ ഇൻവോയ്സ് മാനേജ്മെന്റ് സിസ്റ്റം (ഐഎംഎസ്) നടപ്പിലാക്കുന്നതിനുള്ള സമയപരിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ എസ്എംഇ ഫോറം. ഐഎംഎസ് കാരണം എംഎസ്എംഇ കൾക്ക് പ്രതിവർഷം 1.5 ലക്ഷം രൂപ അധിക ചെലവാണ് ഉണ്ടാകുക. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ കാര്യമായ പ്രവർത്തനപരവും സാമ്പത്തികവുമായ വെല്ലുവിളികളാണ് നിലവില്‍ നേരിടുന്നത്.
ഐഎംഎസ് പരിവർത്തനത്തിനായി ഘട്ടം ഘട്ടമായുള്ള നടപ്പാക്കൽ അനുവദിക്കണമെന്നും ഫോറം ആവശ്യപ്പെടുന്നു. തത്സമയ ഇൻവോയ്സ് സമന്വയം ഉറപ്പാക്കി ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) പൊരുത്തക്കേടുകൾ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടാണ് ഐഎംഎസ് സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.
ഐഎംഎസില്‍ എല്ലാ മാസവും ഇന്‍വോയ്സുകള്‍ സമന്വയിപ്പിക്കാനാണ് നിലവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മാറ്റിവയ്ക്കാൻ കഴിയാത്ത ക്രെഡിറ്റ് നോട്ടുകള്‍ക്ക് ഈ സമയപരിധി പ്രതിസന്ധി സൃഷ്ടിക്കും. ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് നിരസിക്കാനുള്ള സാധ്യത ചെറുകിട സംരംഭങ്ങളുടെ പണമൊഴുക്കിനെ ബുദ്ധിമുട്ടിലാക്കുകയും പ്രവർത്തനങ്ങളെ തടസപ്പെടുത്തുകയും ചെയ്യുമെന്നും ഇന്ത്യ എസ്എംഇ ഫോറം വ്യക്തമാക്കുന്നു. അടിസ്ഥാന സൗകര്യങ്ങളിലെ പരിമിതികൾ, അപര്യാപ്തമായ സോഫ്റ്റ്‌വെയർ, നടപ്പാക്കുന്നതിനുളള തടസങ്ങൾ തുടങ്ങിയവ മൂലം ചെറുകിട ബിസിനസുകള്‍ വലിയ പ്രതിസന്ധികളാണ് നേരിടുന്നത്.
19 സംസ്ഥാന ഘടകങ്ങളിലായി 98,200 ലധികം എംഎസ്‌എംഇകൾ നേരിട്ടുള്ള അംഗങ്ങളായും 12,36,000 എംഎസ്‌എംഇകൾ സബ്‌സ്‌ക്രൈബർമാരായും പ്രവർത്തിക്കുന്ന സംഘടനയാണ് ഇന്ത്യ എസ്എംഇ ഫോറം (ഐഎസ്എഫ്). ഇൻവോയ്സ് മാനേജ്മെന്റ് സിസ്റ്റം ഘട്ടം ഘട്ടമായി നടപ്പാക്കാന്‍ ആറ് മുതൽ പന്ത്രണ്ട് മാസം വരെ സമയപരിധി അനുവദിക്കണമെന്നും ഫോറം ആവശ്യപ്പെട്ടു.
Read DhanamOnline in English
Subscribe to Dhanam Magazine