കടുംപിടിത്തം ഒഴിവാക്കി കേന്ദ്രം; ഇന്ത്യയുടെ 'സൗഹൃദ സവാള' ഉടൻ പറക്കും ബംഗ്ലാദേശിലേക്കും യു.എ.ഇയിലേക്കും

സവാള കയറ്റുമതിക്ക് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ഡിസംബറില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു
Indian Onions
Image : Canva
Published on

സവാള കയറ്റുമതി ചെയ്യരുതെന്ന നിലപാടില്‍ അല്പം അയവുവരുത്തി കേന്ദ്രസര്‍ക്കാര്‍. സുഹൃദ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക് ഈ വിലക്ക് ബാധകമാക്കേണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ബംഗ്ലാദേശിലേക്കും യു.എ.ഇയിലേക്കുമായി മൊത്തം 64,400 ടണ്‍ സവാള കയറ്റുമതി ചെയ്യാനാണ് കേന്ദ്രം ഇപ്പോള്‍ അനുവദിച്ചത്.

ബംഗ്ലാദേശിലേക്ക് 50,000 ടണ്ണും യു.എ.ഇയിലേക്ക് 14,400 ടണ്ണും കയറ്റിഅയക്കും. നാഷണല്‍ കോ-ഓപ്പറേറ്റീവ് എക്‌സ്‌പോര്‍ട്‌സ് (NCEL) വഴിയാണ് കയറ്റുമതിയെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. ത്രൈമാസത്തില്‍ 3,600 മെട്രിക് ടണ്‍ വീതമായിരിക്കും യു.എ.ഇയിലേക്കുള്ള കയറ്റുമതിയെന്ന് വാണിജ്യ മന്ത്രാലയത്തിന് കീഴിലെ കയറ്റുമതി-ഇറക്കുമതിനയ നിയന്ത്രണ ഏജന്‍സിയായ ഡയറക്ടറേറ്റ് ഓഫ് ഫോറിന്‍ ട്രേഡും (DGFT) വ്യക്തമാക്കി.

കേന്ദ്രത്തിന്റെ വിലക്ക്

കഴിഞ്ഞ ഡിസംബര്‍ എട്ടിനാണ് കേന്ദ്രസര്‍ക്കാര്‍ സവാള കയറ്റുമതി നിരോധിച്ചത്. മാര്‍ച്ച് 31 വരെയാണ് നിരോധനം. അതേസമയം, സുഹൃദ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ കയറ്റുമതി ചെയ്യാന്‍ ഇളവ് അനുവദിക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

സവാളയുടെ ആഭ്യന്തര ലഭ്യത ഉയര്‍ത്തുകയും വില നിയന്ത്രിക്കുകയും ലക്ഷ്യമിട്ടാണ് കേന്ദ്രം കയറ്റുമതി വിലക്ക് കൊണ്ടുവന്നത്. വില ഒരുവേള കിലോയ്ക്ക് 100 രൂപയും കടന്ന് കുതിച്ചിരുന്നു. തുടര്‍ന്നാണ്, കയറ്റുമതിക്ക് പൂട്ടിട്ട കേന്ദ്രം കരുതല്‍ ശേഖരത്തില്‍ നിന്ന് സവാള ലഭ്യമാക്കി ആഭ്യന്തര വിപണിയില്‍ കിലോയ്ക്ക് 25 രൂപ റീറ്റെയ്ല്‍ നിരക്കില്‍ വില്‍ക്കാന്‍ നടപടിയുമെടുത്തത്.

ലക്ഷ്യം ആഭ്യന്തരവില പിടിച്ചുനിറുത്തല്‍

ആഭ്യന്തര വിപണിയില്‍ ലഭ്യതക്കുറവും വിലക്കയറ്റവും രൂക്ഷമായ പശ്ചാത്തലത്തില്‍ കയറ്റുമതിക്ക് കഴിഞ്ഞവര്‍ഷം കടുത്ത നിബന്ധനകളും കേന്ദ്രം ഏര്‍പ്പെടുത്തിയിരുന്നു. കയറ്റുമതിക്ക് 40 ശതമാനം നികുതി ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍, ടണ്ണിന് 800 ഡോളര്‍ (66,000 രൂപ) മിനിമം വിലയും നിശ്ചയിച്ചിരുന്നു. കയറ്റുമതി നിയന്ത്രണം വരുമാനത്തെ ബാധിക്കുമെന്ന് കാട്ടി നിരവധി കര്‍ഷകര്‍ പ്രതിഷേധമുയര്‍ത്തുകയും ചെയ്തിരുന്നു. ലോകത്ത് ഏറ്റവുമധികം സവാള കൃഷി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ബംഗ്ലാദേശ്, യു.എ.ഇ., മലേഷ്യ എന്നിവയാണ് ഇന്ത്യന്‍ സവാളയുടെ പ്രധാന വിപണികള്‍.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com