ഒപെക് മേഖലയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറക്കാൻ ഇന്ത്യ

എണ്ണ ഇറക്കുമതി ഇന്ത്യയുടെ പക്കലുള്ള ശക്തമായ ആയുധമാണെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞിട്ടുള്ളത്. ഒപെക് രാഷ്ട്രങ്ങള്‍ (ഓര്‍ഗനൈസേഷന്‍ ഓഫ് ദി പെട്രോളിയം എക്‌സ്‌പോര്‍ട്ടിംഗ് കണ്‍ട്രീസ്) പ്രതിദിന ഉല്‍പാദനം വെട്ടിക്കുറക്കാന്‍ തീരുമാനിച്ചപ്പോള്‍ ഇന്ത്യ ഈ ആയുധം പുറത്തെടുക്കുകയായിരുന്നു. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ക്രൂഡ് ഓയിലിന്റെ ഇറക്കുമതി നാലിലൊന്ന് വെട്ടിക്കുറക്കാനും പകരം എണ്ണ ഇറക്കുമതി മറ്റ് മേഖലകളിലേക്ക് വിപുലീകരിക്കാനും മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഇന്ത്യന്‍ ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ എന്നിവയോട് ആഹ്വാനം ചെയ്തു. ലോകത്തെ മൂന്നാമത്തെ എണ്ണ ഉപഭോക്താക്കളായ ഇന്ത്യ ഇറക്കുമതിക്കായി മറ്റ് രാഷ്ട്രങ്ങളെ ആശ്രയിച്ചാല്‍ ഒപെക്കിന് ഉണ്ടാകുന്ന നഷ്ടം ഭീമമായിരിക്കും. ഈ ഒരു സാധ്യത മുന്നില്‍ നിര്‍ത്തി ശക്തമായ വിലപേശലിനാണ് കേന്ദ്രം ഒരുങ്ങിയത്.

ഒപെകിന് പകരം അമേരിക്കയില്‍ നിന്നോ ആഫ്രിക്കയില്‍ നിന്നോ റഷ്യയില്‍ നിന്നോ എണ്ണ ഇറക്കുമതി ചെയ്ത് ഒപെക്ക് രാഷ്ട്രങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കാന്‍ ഇന്ത്യക്ക് സാധിക്കും. കാരണം അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാഷ്ട്രമാണ് ഇന്ത്യ. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ 83 ശതമാനവും ഒപെക് രാഷ്ട്രങ്ങളില്‍ നിന്നാണ്. പ്രതിമാസം 14.8 ബില്യണ്‍ ബാരല്‍ ക്രൂഡോയിലാണ് ഒപെക് സഖ്യത്തിലെ പ്രമുഖ രാജ്യമായ സൗദി അറേബ്യയിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇത് 10.8 ദശലക്ഷമായി കുറക്കാനാണ് കേന്ദ്രം ആഹ്വാനം ചെയ്തത്. പകരം മറ്റ് എണ്ണ ഉല്‍പാദകരുമായി വിലപേശി കുറേക്കൂടി ഭേദപ്പെട്ട നിരക്കില്‍ എണ്ണ ലഭ്യമാക്കാനാണ് ഇന്ത്യ വിലപേശിയത്.

ഇതിന്റെ തുടര്‍ച്ചയായി എച്ച് പി സി എലും മിത്തല്‍ എനര്‍ജിയും ചേര്‍ന്ന സംയുക്ത സംരംഭം ഗയാനയില്‍ നിന്ന് ഒരു കാർഗോ എത്തിച്ചതൊഴിച്ചാല്‍ വലിയ ചലനങ്ങളൊന്നും ഈ ആഹ്വാനത്തിന് ഇതുവരെ ഉണ്ടായിട്ടില്ല. എണ്ണ ഉല്‍പാദകരായ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുടെ വിപണി ആധിപത്യത്തില്‍ നിന്ന് മോചിതരാകാന്‍ ഇന്ത്യക്ക് സാധിക്കണമെങ്കില്‍ ഇനിയും ഒരുപാട് ദൂരം പോകേണ്ടതുണ്ടെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം. ഇതിന് ഒരുപാട് കാരണങ്ങളുണ്ട്. ഭൂമിശാസ്ത്രപമായി ഏറ്റവും അടുത്തു കിടക്കുന്ന മിഡില്‍ ഈസ്റ്റില്‍ നിന്ന്് എണ്ണ ഇറക്കുമതി ചെയ്യുന്നത് തന്നെയാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം എല്ലാം കൊണ്ടും ലാഭകരം. മറ്റ് ഏത് ഭാഗത്തു നിന്ന് എണ്ണ കൊണ്ടുവന്നാലും ട്രാന്‍സ്‌പോര്‍ട്ടിംഗ് ചെലവ് വന്‍തോതില്‍ വര്‍ധിക്കും. ഇതിന് മുമ്പും എണ്ണ പ്രതിസന്ധി ഉണ്ടായപ്പോഴൊക്കെ ഒപെക്കിനെ ആശ്രയിക്കാതെ പുതിയ മേഖലകളില്‍ നിന്ന് എണ്ണ കൊണ്ടുവരണമെന്ന് സര്‍ക്കാര്‍ ഇന്ത്യയിലെ എണ്ണ കമ്പനികളോട് ആവശ്യപ്പെടാറുണ്ട്. ഒറ്റപ്പെട്ട ചില നീക്കങ്ങള്‍ ഉണ്ടാകുന്നതൊഴിച്ചാല്‍ മറ്റൊന്നും സംഭവിക്കാറില്ല. മറ്റു വിപണികളിലെ എണ്ണയുടെ വില, വിതരണം, ആവശ്യമായ എണ്ണയുടെ വലിപ്പം, കാര്‍ഗോ ചെലവ് എന്നിവ പ്രതികൂലമാകുന്നതാണ് കാരണമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. മാസങ്ങള്‍ക്കുള്ളില്‍ തന്നെ സര്‍ക്കാര്‍ തീരുമാനത്തിന് പ്രസക്തി നഷ്ടമാകുകയും ഒപെക്കില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പഴയപടിയാകുകയും ചെയ്യുന്നതാണ് ഇതുവരെയുള്ള അനുഭവം. ഇടതടവില്ലാതെ വലിയ അളവില്‍ ക്രൂഡ് ഓയില്‍ എത്തിച്ചു തരാന്‍ കഴിയുന്നത് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ എണ്ണ ഉല്‍പാദകര്‍ക്കു മാത്രമാണെന്ന് മന്ത്രാലയ വൃത്തങ്ങള്‍ അടിവരയിടുന്നു.

വാസ്തവത്തില്‍ ഒപെക് രാഷ്ട്രങ്ങള്‍ എണ്ണ ഉല്‍പാദനം വെട്ടിക്കുറക്കുന്നതല്ല ഇന്ത്യന്‍ വിപണിയിലെ പ്രശ്‌നമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ഒപെക് രാഷ്ട്രങ്ങള്‍ എടുക്കുന്നത് പൊതു തീരുമാനങ്ങളാണെന്നും ഇന്ത്യക്ക് മാത്രമായി അധിക നിരക്കോ ഇളവോ ചുമത്താറില്ലന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ എണ്ണയ്ക്ക് ഈടാക്കുന്ന വമ്പന്‍ നികുതിയാണ് യഥാര്‍ഥ വില്ലന്‍. ഏപ്രില്‍ 14ന് ശേഷം ഇതുവരെ പെട്രോളിന്റെ എക്‌സൈസ് ഡ്യൂട്ടി ലിറ്ററിന് 23.42 രൂപ വര്‍ധിച്ചു. അതായത് 247 ശതമാനത്തിന്റെ വര്‍ധന. ഡീസലിന്റെ വില ഇക്കാലയളവില്‍ ലിറ്ററിന് 27.3 രൂപയാണ് വര്‍ധിച്ചത്- അതായത് 607 ശതമാനം. വാറ്റ് നികുതി പെട്രോള്‍ ലിറ്ററിന് 9.14 രൂപ- അതായത് 77 ശതമാനവും ഡീസലിന് 5.33 രൂപ- അതായത് 80.6 ശതമാനവും വര്‍ധിച്ചു. ഈ പ്രവണതക്ക് അവസാനമുണ്ടാക്കാതെ ആഭ്യന്തര വിപണിയിലെ എണ്ണവില താഴേക്ക് കൊണ്ടുവരാന്‍ സാധിക്കില്ലെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു.


Related Articles
Next Story
Videos
Share it