ദുബൈയിലെ പുത്തന്‍ കമ്പനികളില്‍ കൂടുതലും ഇന്ത്യയില്‍ നിന്ന്

ദുബൈയില്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ കമ്പനികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയതായി ദുബൈ ചേംബര്‍ ഓഫ് കൊമേഴ്സ്. ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത മൊത്തം കമ്പനികളില്‍ ഇന്ത്യന്‍ കമ്പനികള്‍ക്കാണ് ഒന്നാം സ്ഥാനം.

ഇന്ത്യന്‍ കമ്പനികളുടെ എണ്ണം

2023ലെ 6 മാസത്തിനിടെ രജിസ്റ്റര്‍ ചെയ്ത 30,146 പുതിയ കമ്പനികളില്‍ 6,717 (22.3%) എണ്ണം ഇന്ത്യക്കാരുടേതാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 4,485 എണ്ണമായിരുന്നു. ഇന്ത്യന്‍ കമ്പനികളുടെ വളര്‍ച്ചാനിരക്ക് 39 ശതമാനമാണ്. ഇതോടെ ദുബൈ രജിസ്റ്റര്‍ ചെയ്ത മൊത്തം ഇന്ത്യന്‍ കമ്പനികളുടെ എണ്ണം 90,118 ആയി ഉയര്‍ന്നു. ദുബൈയുടെ സുസ്ഥിര വളര്‍ച്ചയ്ക്ക് ഇന്ത്യന്‍ കമ്പനികളുടെ സംഭാവന വളരെ വിലപ്പെട്ടതാണെന്ന് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റും സി.ഇ.ഒയുമായ മുഹമ്മദ് അലി റഷീദ് ലൂത്ത വ്യക്തമാക്കി. ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ ഇത്രയധികം ഇന്ത്യന്‍ കമ്പനികള്‍ ദുബൈയില്‍ ആരംഭിക്കുന്നതിന് വലിയൊരു കാരണമായി.

മറ്റ് രാജ്യങ്ങള്‍

ദുബൈയില്‍ പുതിയ കമ്പനികളുടെ എണ്ണത്തില്‍ ഈ കാലയളവില്‍ മൊത്തം 43% വര്‍ധനയുണ്ടായി. ഇന്ത്യ കഴിഞ്ഞാല്‍ 4,445 പുതിയ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ട് യു.എ.ഇയാണ് രണ്ടാം സ്ഥാനത്ത്. 3,395 പുതിയ കമ്പനികളുമായി പാകിസ്ഥാന്‍ മൂന്നാം സ്ഥാനത്തെത്തി. ദുബൈയില്‍ രജിസ്റ്റര്‍ ചെയ്ത മൊത്തം പാകിസ്ഥാന്‍ കമ്പനികളുടെ എണ്ണം 40,315 ആണ്. 59 ശതമാനമാണ് പാകിസ്ഥാന്‍ കമ്പനികളുടെ വളര്‍ച്ചാനിരക്ക്.

ഈജിപ്തില്‍ നിന്നുള്ള കമ്പനികളുടെ എണ്ണം 2022നെ അപേക്ഷിച്ച് 102% ആയി വര്‍ധിച്ചു. സിറിയന്‍ കമ്പനികള്‍ 24% വര്‍ധിച്ചു. കൂടാതെ ബംഗ്ലദേശ് 47%, യു.കെ 40%, ചൈന 69%, ലബനന്‍ 26%, ജപ്പാന്‍ 253%, കിര്‍ഗിസ്ഥാന്‍ 167%, ടാന്‍സാനിയ 145%, ഹംഗറി 138% എന്ന തോതില്‍ ഈ രാജ്യങ്ങളിലെ കമ്പനികളുടെ എണ്ണവും വര്‍ധിച്ചു.

ഈ മേഖലകള്‍ മുന്നില്‍

പുതുതായി രജിസ്റ്റര്‍ ചെയ്ത കമ്പനികളില്‍ 42.4% വ്യാപാരം, അറ്റകുറ്റപ്പണി സേവന വിഭാഗങ്ങളിലുള്ളതാണ്. 30.8% റിയല്‍ എസ്റ്റേറ്റ്, വാടക, ബിസിനസ് സേവന മേഖലകളിലെ കമ്പനികളാണ്. മൂന്നാം സ്ഥാനത്ത് 7.2 ശതമാനത്തോടെ നിര്‍മാണ മേഖലയിലുള്ള കമ്പനികളാണുള്ളത്. ഗതാഗതം, സംഭരണം, ടെലികമ്യൂണിക്കേഷന്‍ എന്നീ മേഖലകളിലെ കമ്പനികളാണ് ബാക്കി (6.3%.).


Related Articles
Next Story
Videos
Share it