Begin typing your search above and press return to search.
ഡക്കാത്ത്ലണിന് ഉഗ്രനൊരു എതിരാളി വരുന്നു, കളിക്കള വിപണിയും പിടിച്ചടക്കുമോ ഈ ഇന്ത്യന്‍ വമ്പന്‍?
രാജ്യത്ത് ഡക്കാത്ത്ലൺ മാതൃകയില്‍ സ്‌പോര്‍ട്‌സ് ഉതപ്ന്നങ്ങള്‍ക്കായുള്ള ഔട്ട്‌ലറ്റുകള്‍ തുറക്കാന്‍ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് റീറ്റെയ്ല്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. കോവിഡിനു ശേഷം രാജ്യത്തെ കായിക വിപണി വലിയ വളര്‍ച്ചയാണ് നേടുന്നത്. ഈ അവസരം മുതലെടുക്കാനാണ് ഉപ്പു തൊട്ടു കര്‍പ്പൂരം വരെ സര്‍വതിലും സാന്നിധ്യമുറപ്പിച്ചിട്ടുള്ള റിലയന്‍സിന്റെ പുറപ്പാട്.
രാജ്യത്തെ പ്രധാന നഗരങ്ങളില്‍ 8,000-10,000 ചതുരശ്ര അടി സ്ഥലം ഏറ്റെടുക്കാന്‍ റിലയന്‍സ് റീറ്റെയ്ല്‍ ശ്രമങ്ങള്‍ തുടങ്ങിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിജയ മാതൃക
2009ല്‍ ഇന്ത്യന്‍ കായിക ഉത്പന്ന വിപണിയിലേക്ക് കടന്ന ഫ്രഞ്ച് ബ്രാന്‍ഡായ ഡക്കാത്ത്ലൺ വളരെ പെട്ടെന്നാണ് മാര്‍ക്കറ്റ് പിടിച്ചത്. ഇതേ മോഡല്‍ പിന്തുടരാനാണ് റിലയന്‍സിന്റെ നീക്കം.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ 3,955 കോടി രൂപയായിരുന്നു ഡക്കാത്ത്ലണിന്റെ വരുമാനം. തൊട്ട് മുന്‍ സാമ്പത്തിക വര്‍ഷങ്ങളില്‍ ഇത് യഥാക്രമം 2,936 കോടി രൂപയും 2,079 കോടി രൂപയും മാത്രമായിരുന്നു.
കഴിഞ്ഞ മാര്‍ച്ചില്‍ രാജ്യത്ത് നടന്ന ഒരു ഇവന്റില്‍ പങ്കെടുക്കാനെത്തിയ ഡക്കാത്ത്ലണിന്റെ ചീഫ് റീറ്റെയ്ല്‍ ആന്‍ഡ് കണ്ട്രീസ് ഓഫീസര്‍ സ്റ്റീവ് ഡൈക്‌സ് ഇന്ത്യന്‍ വിപണിയുടെ സാധ്യതകളെ കുറിച്ച് എടുത്ത് പറഞ്ഞിരുന്നു. പ്രയോരിറ്റി മാര്‍ക്കറ്റ് എന്ന് ഇന്ത്യയെ വിശേഷപ്പിച്ച അദ്ദേഹം ആഗോള തലത്തില്‍ കമ്പനിയുടെ ടോപ്പ് 5 വിപണികളിലൊന്നാണ് ഇന്ത്യയെന്നും പറഞ്ഞിരുന്നു.
ഓരോ വര്‍ഷവും 10 സ്‌റ്റോറുകള്‍ പുതുതായി തുറന്നു കൊണ്ടാണ് ഡക്കാത്ത്ലൺ മുന്നേറുന്നത്. പ്രാദേശികമായ ആവശ്യങ്ങള്‍ക്കനുസരിച്ച് സ്റ്റോറുകളുടെ വലിപ്പം നിശ്ചയിക്കുകയും ഓരോ പ്രദേശത്തിന്റെയും സ്വഭാവത്തിനനുസരിച്ചുള്ള ഉത്പന്നങ്ങള്‍ മാത്രം അവതരിപ്പിക്കുകയും ചെയ്യുന്നു.
ഇന്ത്യന്‍ വിപണിയില്‍ കായിക ഉത്പന്ന ബാന്‍ഡുകളെല്ലാം തന്നെ നല്ല വളര്‍ച്ചയാണ് നേടുന്നത്. പ്യൂമ, അഡിഡാസ്, സ്‌കെച്ചേഴ്‌സ് എന്നിവ സംയുക്തമായി 2023 സാമ്പത്തിക വര്‍ഷത്തില്‍ നേടിയത് 11,617 കോടി രൂപയുടെ വരുമാനമാണ്. രണ്ട് വര്‍ഷം മുമ്പ് ഇത് വെറും 5,022 കോടി രൂപയായിരുന്നു.
കൂടുതല്‍ മേഖലകളിലേക്ക്
റിലയന്‍സ് റീറ്റെയില്‍ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി കൂടുതല്‍ മേഖലകളിലേക്ക് കടക്കുകയാണ്. കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ്, ഡയഗ്നോസ്റ്റിക് ഹെല്‍ത്ത്‌കെയര്‍ എന്നിവയാണ് പ്രധാനമായും പരിഗണിക്കുന്നത്. ഗൃഹോപകരണ രംഗത്തേക്ക് കടക്കുന്നതിന്റെ ഭാഗമായി 'വൈസര്‍' എന്ന സ്വന്തം ബ്രാന്‍ഡ് അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായി കഴിഞ്ഞ മേയില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഷീന്‍ എന്ന ചൈനീസ് ഫാസ്റ്റ് ഫാഷന്‍ ലേബലിനെ വീണ്ടും ഇന്ത്യയിലേക്ക് കൊണ്ടുവരുന്നുണ്ട് റിലയന്‍സ്. വരും ആഴ്ചകളിൽ ഷീന്‍ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ ലഭ്യമായി തുടങ്ങും. 2020ല്‍ ഇന്ത്യ നിരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് അപ്രത്യക്ഷമായ ബ്രാന്‍ഡാണിത്.
Next Story
Videos