

'' അടുത്ത കാലത്തായി യു.എ.ഇയില്‍ ഇന്ത്യന്‍ കമ്പനികളുടെ സാന്നിധ്യം കൂടി വരികയാണ്. ഗാര്‍മെന്റ്‌സ്, ജുവലറി, മെറ്റല്‍, എഞ്ചിനിയറിംഗ് ഉല്‍പ്പന്നങ്ങള്‍, ഐടി അനുബന്ധ ഉല്‍പ്പന്നങ്ങള്‍ തടങ്ങിയവയുടെ നിര്‍മാണത്തിലാണ് ഇന്ത്യന്‍ കമ്പനികള്‍ അടുത്ത കാലത്തായി കൂടുതല്‍ സജീവമാകുന്നത്.'' ദുബൈയിലെ കോര്‍പ്പറേറ്റ് സര്‍വീസ് സ്ഥാപനമായ എം.സി.എയുടെ മാനേജിംഗ് പാര്‍ട്ണര്‍ വെങ്കിടേഷ് സന്താനത്തിന്റെ വാക്കുകളില്‍ ഇന്ത്യന്‍ ബിസിനസുകാരുടെ ശൈലീ മാറ്റത്തിന്റെ സൂചനകളുണ്ട്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പല കമ്പനികളും ഇപ്പോള്‍ ദുബൈയില്‍ പ്രവര്‍ത്തനം തുടങ്ങുന്നതിന് പ്രധാനമായി ഒരു കാരണമാണുള്ളത്. അമേരിക്ക ഇന്ത്യക്ക് ഏര്‍പ്പെടുത്തിയ അധിക നികുതി. ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്നതിന് പകരം യു.എ.ഇ വഴി അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുമ്പോള്‍ 10 ശതമാനം മാത്രം നികുതിയാണ് നല്‍കേണ്ടി വരികയെന്നതാണ് ആനുകൂല്യം,
അമേരിക്കന്‍ വിപണിയെ ലക്ഷ്യമിട്ടുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്ന് കയറ്റി അയക്കുന്നത് നഷ്ടമാകുമെന്ന് വന്നതോടെയാണ് പുതിയ മാറ്റം. ഇന്ത്യയിലെ വിവിധ ജുവലറികള്‍ യു.എ.ഇയില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി നിര്‍മാണ യൂണിറ്റുകള്‍ ആരംഭിച്ചിട്ടുണ്ട്. ടെക്‌സ്റ്റൈല്‍ മേഖലയിലും പുതിയ കമ്പനികള്‍ വരുന്നുണ്ട്. ഉല്‍പ്പന്നങ്ങള്‍ യു.എ.ഇ നിര്‍മിച്ചവയാണെങ്കില്‍ മാത്രമാണ് കുറഞ്ഞ നികുതി വരുന്നത്. ഇതോടെ വിവിധ കമ്പനികള്‍ നിര്‍മാണ യൂണിറ്റുകള്‍ ആരംഭിച്ച് മൂല്യവര്‍ധന നടത്തുകയാണ് ചെയ്യുന്നതെന്ന് ദുബൈയിലെ ബര്‍ജീല്‍ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സിഇഒ കൃഷ്ണന്‍ രാമചന്ദ്രന്‍ പറയുന്നു.
പുതിയ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം, മൂല്യവര്‍ധന, അസംബ്ലിംഗ് എന്നിവക്കായി സ്വന്തം നിലയിലും പാര്‍ട്ണര്‍ഷിപ്പിലും ഇന്ത്യന്‍ കമ്പനികള്‍ യു.എ.ഇയില്‍ പുതിയ യൂണിറ്റുകള്‍ ആരംഭിക്കുന്നത് വര്‍ധിച്ചതായി വെങ്കിടേഷ് സന്താനം ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷം യു.എ.ഇയില്‍ പുതിയ ബിസിനസ് തുടങ്ങാന്‍ താല്‍പര്യം കാണിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ അഞ്ച് ശതമാനം വര്‍ധനയുണ്ടായതായി ദുബൈയിലെ കണ്‍സള്‍ട്ടന്‍സി സോവറിന്‍ ഗ്രൂപ്പ് സീനിയര്‍ ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ ഒക്‌സാനയും വെളിപ്പെടുത്തി.
Read DhanamOnline in English
Subscribe to Dhanam Magazine