ഇത് തലമുറ മാറ്റത്തിന്റെ കാലം: ഇതാ കോര്‍പ്പറേറ്റ് കുടുംബങ്ങളിലെ താരോദയങ്ങള്‍
രാജ്യത്തെ പ്രമുഖ കമ്പനികള്‍ അധികാരക്കൈമാറ്റത്തിന്റെ പാതയിലാണ്. വന്‍കിട കമ്പനികളുടെ സ്ഥാപകരും വളര്‍ച്ചയില്‍ നിര്‍ണായക ഘടകങ്ങളുമായിരുന്ന പഴയ തലമുറ പ്രശ്‌നങ്ങളൊന്നുമില്ലാതെ കമ്പനിയില്‍ പിന്തുടര്‍ച്ചാവകാശികളെ തെരഞ്ഞെടുത്തുകൊണ്ടിരിക്കുന്നു. റിലയന്‍സ് ഗ്രൂപ്പില്‍ മുകേഷ് അംബാനിയും അനില്‍ അംബാനിയും തമ്മിലുണ്ടായിരുന്ന തര്‍ക്കം ആവര്‍ത്തിക്കാതിരിക്കാന്‍ വ്യവസായ ലോകം ശ്രദ്ധിക്കുന്നുണ്ട് . മുകേഷ് അംബാനി ഇപ്പോള്‍ തന്നെ തന്റെ മക്കള്‍ക്ക് പ്രശ്‌നമേതുമില്ലാതെ റിലയന്‍സ് സാമ്രാജ്യത്തില്‍ അധികാരം വീതിച്ചു കൊടുത്തിരിക്കുന്നു. വിപ്രോ, എച്ച്‌സിഎല്‍, ഗോദ്‌റെജ് തുടങ്ങി പ്രമുഖ കമ്പനികളെല്ലാം ആ വഴിക്കു തന്നെയാണ് നീങ്ങുന്നത്.
വിപ്രോ
അസിം പ്രേംജിയുടെ മകന്‍ റിഷാദ് പ്രേംജി ഇപ്പോള്‍ വിപ്രോ ലിമിറ്റഡിന്റെ ചെയര്‍മാനാണ്. കമ്പനിയുടെ ചീഫ് സ്ട്രാറ്റജി ഓഫീസര്‍ എന്ന നിലയില്‍ കമ്പനിയുടെ ഇന്‍വെസ്റ്റര്‍ റിലേഷന്‍സ്, കോര്‍പ്പറേറ്റ് അഫയേഴ്സ് വിഭാഗങ്ങള്‍ക്ക് നേതൃത്വം നല്‍കിവരികയായിരുന്ന റിഷാദിനെ ചെയര്‍മാനായി നിയമിക്കുകയായിരുന്നു.
കമ്പനിയും വിദേശ സംരംഭങ്ങളുമായുള്ള ലയനങ്ങള്‍ക്കും ഏറ്റെടുക്കലുകള്‍ക്കും നേതൃത്വം നല്‍കി വരികയായിരുന്നു അദ്ദേഹം. രാജ്യാന്തര തലത്തില്‍ ഏറ്റെടുക്കലിനായി ഏറ്റവും കൂടുതല്‍ തുക വിനിയോഗിച്ച ഇന്ത്യന്‍ ഐറ്റി സ്ഥാപനങ്ങളിലൊന്നു കൂടിയാണ് വിപ്രോ. 1.14 ശതകോടി ഡോളറാണ് ഏറ്റെടുക്കലുകള്‍ക്കായി വിപ്രോ ചെലവിട്ടത്.
റിലയന്‍സ്
റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ മക്കളായ ആകാശും ഇഷയും അനന്തും റിലയന്‍സ് കമ്പനികള്‍ക്ക് നേതൃത്വം നല്‍കും. രാജ്യത്തെ മുന്‍നിര ടെലികോം കമ്പനിയായ ജിയോ ഇന്‍ഫോകോം ലിമിറ്റഡിന്റെ ചെയര്‍മാനായി 30 കാരനായ ആകാശിനെയാണ് നിയമിച്ചിരിക്കുന്നത്. അതേസമയം, ഇരട്ട സഹോദരിയായ ഇഷ റിലയന്‍സ് റീറ്റെയ്ല്‍ വിഭാഗത്തിന് നേതൃത്വം നല്‍കും.
27 കാരനായ ഇളയ സഹോദരന്‍ അനന്തിന് ഓയ്ല്‍ മുതല്‍ പെട്രോ കെമിക്കല്‍സ് വരെയുള്ള സംരംഭങ്ങളുടെ ചുമതലയാണ് ഏല്‍പ്പിക്കാന്‍ പോകുന്നത്. റിലയന്‍സ് ഏറെ പ്രാധാന്യത്തോടെ കാണുന്ന ഗ്രീന്‍ എനര്‍ജി സംരംഭങ്ങള്‍ക്കും അനന്ത് നേതൃത്വം നല്‍കും. എന്നാല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ തലപ്പത്ത് മുകേഷ് അംബാനി തന്നെയായിരിക്കും.
ഗോദ്റെജ്
ഗോദ്റെജ് ഗ്രൂപ്പില്‍ പുതിയ തലമുറ സാരഥ്യം ഏറ്റെടുത്തു കഴിഞ്ഞു. ആദി ഗോദ്റെജിന്റെ മകന്‍ പിരോജ്ഷാ ആദി, ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് ലിമിറ്റഡിന്റെ എക്സിക്യൂട്ടിവ് ചെയര്‍മാനായാണ് നിയമിതനായിരിക്കുന്നത്. നേരത്തെ വിദേശകാര്യ മന്ത്രാലയത്തില്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച ശേഷമാണ് ഗോദ്റെജ് ഗ്രൂപ്പിന്റെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ സംരംഭമായ ഗോദ്റെജ് പ്രോപ്പര്‍ട്ടീസിന്റെ തലപ്പത്ത് 42കാരനായ പിരോജ്ഷാ എത്തുന്നത്. വാര്‍ട്ടണ്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്ന് ഗ്രാജ്വേഷനും കൊളംബിയ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇന്റര്‍നാഷണല്‍ അഫയേഴ്സില്‍ മാസ്റ്റര്‍ ഡിഗ്രിയും കൊളംബിയ ബിസിനസ് സ്‌കൂളില്‍ നിന്ന് എംബിഎയും പൂര്‍ത്തിയാക്കിയിട്ടുണ്ട് അദ്ദേഹം. 2008ല്‍ എക്സിക്യൂട്ടിവ് ഡയറക്ടറായി ചേര്‍ന്ന അദ്ദേഹമാണ് ഗോദ്റെജ് പ്രോപ്പര്‍ട്ടീസിനെ ഐപിഒയിലേക്ക് നയിച്ചത്.
അതേസമയം, സഹോദരി നിസബ ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സിന്റെ ചെയര്‍പേഴ്സണായി നിയമിതയായി. ഇവരുടെ ഇളയ സഹോദരി തന്യ ദുബാഷ് ആദി ഗോദ്റെജ് ഗ്രൂപ്പിന്റെ ചീഫ് ബ്രാന്‍ഡ് ഓഫീസറായാണ് ചുമതലയേറ്റത്.
ഗോദ്റെജ് ആന്‍ഡ് ബോയ്സിന്റെ ചെയര്‍മാന്‍ ജംഷിദ് ഗോദ്റെജിന്റെ പിന്തുടര്‍ച്ചാവകാശിയായി സഹോദരീപുത്രി നൈരിക ഹോള്‍ക്കറെ നിയമിച്ചു. ഏതാനും വര്‍ഷങ്ങളായി കമ്പനിയുടെ സ്ട്രാറ്റജി, ലയനങ്ങളും ഏറ്റെടുക്കലുകളും, നിയമം തുടങ്ങിയവ കൈകാര്യം ചെയ്തു വന്നിരുന്നത് അവരാണ്.
റിലയന്‍സ് കാപിറ്റല്‍
അനില്‍ അംബാനിയുടെ മകനായ ജയ് അന്‍മോള്‍ അംബാനി, റിലയന്‍സ് കാപിറ്റല്‍ ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമാണ്. ഏകദേശം 3.3 ശതകോടി ഡോളര്‍ ആസ്തിയുണ്ട് അദ്ദേഹത്തിന്. ലൈഫ് ഇന്‍ഷുറന്‍സ്, ജനറല്‍ ഇന്‍ഷുറന്‍സ്, ഹോം ഫിനാന്‍സ്, അസറ്റ് മാനേജ്മെന്റ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്.
ജയ് സ്ഥാനമേറ്റതിനു പിന്നാലെയാണ് കമ്പനി 300 കോടി രൂപയുടെ എംപ്ലോയീ സ്റ്റോക് ഓപ്ഷന്‍ പദ്ധതി പ്രഖ്യാപിച്ചത്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ കമ്പനിയെ മുന്നോട്ട് നയിക്കാനാണ് അനില്‍ അംബാനി മകന് നല്‍കിയ ഉപദേശം. യുകെയിലെ വാര്‍വിക് ബിസിനസ് സ്‌കൂളില്‍ നിന്ന് മാനേജ്മെന്റില്‍ ബാച്ച്‌ലേഴ്സ് ഡിഗ്രി നേടിയിട്ടുള്ള ജയ്, 2014 മുതല്‍ തന്നെ കമ്പനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോഴാണ് നേതൃപദവിയിലേക്ക് വന്നിരിക്കുന്നത്.
കാഡില ഹെല്‍ത്ത് കെയര്‍
ജനറിക് മരുന്ന് നിര്‍മാണത്തിലെ മുന്‍നിര കമ്പനികളിലൊന്നായ കാഡില ഹെല്‍ത്ത് കെയറിന്റെ തലപ്പത്തു നിന്ന് പങ്കജ് ആര്‍ പട്ടേല്‍ സ്ഥാനമൊഴിഞ്ഞ് മാനേജിംഗ് ഡയറക്ടറായി മകന്‍ ഷവ്റില്‍ പി പട്ടേലിനെ നിയമിച്ചു. കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി കമ്പനിയില്‍ പ്രവര്‍ത്തിച്ചതിനു ശേഷമാണ് ഷവ്റില്‍ സാരഥ്യത്തിലെത്തുന്നത്.
യുകെയിലെ സണ്ടര്‍ലാന്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് കെമിക്കല്‍ ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സില്‍ ബിരുദം നേടിയ ഷവ്റില്‍, മൂന്നാം തലമുറ സംരംഭകനാണ്. യുഎസിലെ ഹോപ്കിന്‍സ് ബേവ്യൂ മെഡിക്കല്‍ സെന്ററില്‍ നിന്ന് ഡോക്ടറേറ്റും അദ്ദേഹം നേടിയിട്ടുണ്ട്.
ഷവ്റിലിന്റെ മുത്തച്ഛന്‍ രമണ്‍ ബായ് തുടക്കമിട്ട സ്ഥാപനത്തിന് ഏകദേശം 8 ശതകോടി ഡോളര്‍ മൂല്യമുണ്ട്. 1.4 ശതകോടി ഡോളറാണ് വാര്‍ഷിക വിറ്റുവരവ്.
എച്ച്‌സിഎല്‍
ടെക്നോളജീസ് എച്ച്‌സിഎല്‍ ടെക്നോളജീസ് സ്ഥാപകനും ശതകോടീശ്വരനുമായ ശിവ് നാടാര്‍ ഏക പുത്രി റോഷ്നി നാടാര്‍ മല്‍ഹോത്ര (40)യ്ക്ക് അധികാരങ്ങള്‍ കൈമാറി. ഇതോടെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ഐറ്റി കമ്പനിയെ നയിക്കുന്ന ആദ്യവനിതയായി അവര്‍ മാറി.
യുഎസിലെ കെല്ലോഗ് സ്‌കൂള്‍ ഓഫ് മാനേജ്മെന്റില്‍ നിന്ന് സോഷ്യല്‍ എന്റര്‍പ്രൈസ് മാനേജ്മെന്റ് ആന്‍ഡ് സ്ട്രാറ്റജിയില്‍ എംബിഎ ബിരുദധാരിയാണ് റോഷ്നി. റോഷ്നി നാടാരുടെ ഭര്‍ത്താവ് ശിഖര്‍ മല്‍ഹോത്രയും എച്ച്‌സിഎല്‍ ടെക്നോളജീസ് കമ്പനികള്‍ക്ക് നേതൃത്വം നല്‍കി ബിസിനസിലുണ്ട്.
ഇമാമി
കണ്‍സ്യൂമര്‍ പ്രോഡക്ട് നിര്‍മാതാക്കളായ ഇമാമിയിലും പിന്തുടര്‍ച്ചാ പദ്ധതിയുടെ ഭാഗമായി നേതൃമാറ്റം ഉണ്ടായി. കമ്പനി സ്ഥാപകരായ ആര്‍എസ് അഗര്‍വാളും ആര്‍എസ് ഗോയങ്കയും സജീവ പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും യഥാക്രമം ചെയര്‍മാന്‍ എമിരറ്റസ്,
നോണ്‍ എക്സിക്യൂട്ടിവ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. ആര്‍എസ് ഗോയങ്കയുടെ മൂത്ത മകന്‍ മോഹന്‍ ഗോയങ്ക പു
തിയ വൈസ് ചെയര്‍മാന്‍ കം ഹോള്‍ ടൈം ഡയറക്ടറായും, ആര്‍എസ് അഗര്‍വാളിന്റെ മകന്‍ ഹര്‍ഷ അഗര്‍വാള്‍ വൈസ് ചെയര്‍മാന്‍ കം മാനേജിംഗ് ഡയറക്ടറായും ചുമതലയേറ്റു.
പിരാമല്‍ എന്റര്‍പ്രൈസസ്
രാജ്യത്തെ മുന്‍നിര ബാങ്കിതര ധനകാര്യ സ്ഥാപനമായ പിരാമല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് അടക്കമുള്ള പിരാമല്‍ ഗ്രൂപ്പിന്റെ എക്സിക്യൂട്ടിവ് ഡയറക്ടറായി ആനന്ദ് പിരാമല്‍ നിയമിതനായത് അടുത്തിടെയാണ്. റിയല്‍ എസ്റ്റേറ്റ് സംരംഭമായ പിരാമല്‍ റിയല്‍റ്റിയുടെ സാരഥ്യവും അദ്ദേഹത്തിന് തന്നെയാണ്.
അദ്ദേഹത്തിന്റെ പിതാവ് അജയ് പിരാമല്‍ ആണ്. ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്ന് എംബിഎ പൂര്‍ത്തിയാക്കിയിട്ടുണ്ട് 37 കാരനായ ആനന്ദ്.
ടിവിഎസ്
ടിവിഎസ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ എമിരറ്റസായി സ്ഥാനമേറ്റ് മറ്റു ചുമതലകള്‍ മക്കള്‍ക്ക് നല്‍കിയിരിക്കുകയാണ് വേണു ശ്രീനിവാസന്‍. ടിവിഎസ് മോട്ടോറിന്റെ പുതിയ മാനേജിംഗ് ഡയറക്ടര്‍ മകന്‍ സുദര്‍ശന്‍ വേണുവാണ്. മകളും സംരംഭത്തില്‍ സജീവമാണ്.