Begin typing your search above and press return to search.
ഫിന്‍ടെക് കമ്പനികളുടെ ഭാവിയെന്ത്? കേന്ദ്രമന്ത്രി പറയുന്നതിങ്ങനെ
ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ഇന്ത്യയില്‍ മികച്ച വളര്‍ച്ച നേടിയ രംഗമാണ് ഫിന്‍ടെക് (Fintech Companies). പ്രത്യേകിച്ച് കോവിഡ് കാലത്ത് ഈ മേഖലയില്‍ വന്‍ മുന്നേറ്റമാണുണ്ടായത്. ഇത് ശക്തമായി തുടരുമെന്നാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറയുന്നത്. ''ഇന്ത്യന്‍ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ച അതിഗംഭീരമാണ്, ഈ മേഖല 2025 ഓടെ വിപണി മൂല്യത്തില്‍ 150 ബില്യണ്‍ ഡോളറിലെത്തും'' അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ അതിവേഗം വളരുന്ന മേഖലകളിലൊന്നാണ് ഫിന്‍ടെക്ക്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും നിരവധി പേര്‍ ഈ രംഗത്ത് താല്‍പ്പര്യം പ്രകടിപ്പിച്ചെത്തുന്നുണ്ട്. 'ഇന്ത്യയിലെ ഭൂരിഭാഗം ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഒരു പതിറ്റാണ്ട് പോലും പഴക്കമില്ല, എന്നാല്‍ ഈ സ്ഥാപനങ്ങള്‍ കാണിക്കുന്ന പുരോഗതിയും വളര്‍ച്ചയും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അതിഗംഭീരമാണ്. ഇന്ത്യന്‍ ഫിന്‍ടെക് വിപണി 2025 ഓടെ മൂല്യത്തില്‍ 150 ബില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു,' മന്ത്രി പറഞ്ഞു. ഒരു പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആഗോള ശരാശരിയായ 64 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ ഫിന്‍ടെക്ക് കമ്പനികളുടെ വളര്‍ച്ച 87 ശതമാനമാണ്. യുപിഐ വഴിയുള്ള ഇടപാടുകള്‍ ആളുകള്‍ക്ക് എളുപ്പമായി തോന്നിയതിനാല്‍ നിരവധി പേരാണ് പുതുതായി ഈ മാര്‍ഗം തെരഞ്ഞെടുക്കുന്നത്.
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗവും ഇന്റര്‍നെറ്റ് ലഭ്യതയുമാണ് ഫിന്‍ടെക്കുകള്‍ ജനപ്രിയമാകാനുള്ള പ്രധാനകാരണം. കൂടാതെ, കോവിഡ് കാലത്ത് ഏവരും ഇടപാടുകള്‍ക്ക് ഫിന്‍ടെക്കുകളുടെ സേവനങ്ങളെയാണ് ആശ്രയിച്ചത്. ഓണ്‍ലൈന്‍ വഴിയുള്ള കച്ചവടം ഏറെ വര്‍ധിച്ച ഈയടുത്ത കാലങ്ങളില്‍ ഓണ്‍ലൈന്‍ വഴിയുള്ള പണകൈമാറ്റവും ഏറെ വര്‍ധിക്കുകയും ഫിന്‍ ടെക്കുകള്‍ക്കു ഇതുവഴി ബാങ്കിങ് സ്ഥാപനങ്ങള്‍ നാളിതുവരെ ഉണ്ടാക്കിയെടുത്ത ഇടപാടുകാരുടെ എണ്ണത്തെ നിഷ്പ്രയാസം നിഷ്പ്രഭമാക്കി കുതിച്ചു പായാനും കഴിഞ്ഞു. കൈമാറ്റം ചെയ്യപ്പെടുന്ന പണത്തിന്റെ മൂല്യത്തില്‍ ബാങ്കുകള്‍ ഇപ്പോഴും മുന്നില്‍ തന്നെയെങ്കിലും കൈമാറ്റം ചെയ്യപ്പെടുന്ന ഇടപാടുകളുടെ എണ്ണത്തില്‍ ഫിന്‍ ടെക്കുകള്‍ ബാങ്കുകളെ ബഹുദൂരം പിന്നലാക്കി കഴിഞ്ഞു. പണകൈമാറ്റത്തിന് ഇന്ന് അധികം ആളുകളും, പ്രത്യേകിച്ച്, യുവാക്കള്‍ ആശ്രയിക്കുന്നത് ബാങ്കുകളെയല്ല, മറിച്ചു, ഫിന്‍ ടെക്കുകളുടെ ആപ്പുകളെയാണ്.
Next Story
Videos