ഇന്ത്യന്‍ ഹെല്‍ത്ത് ടെക് മേഖല 2033 ഓടെ 3.65 ലക്ഷം കോടി രൂപയുടെ വിപണിയാകും

ഇന്ത്യന്‍ ഹെല്‍ത്ത് ടെക് മേഖല അടുത്ത 12 വര്‍ഷം കൊണ്ട് അഭൂതപൂര്‍വമായ വളര്‍ച്ച നേടുമെന്ന് പഠന റിപ്പോര്‍ട്ട്. 2033 ഓടെ ഈ മേഖല 50 ശതകോടി ഡോളറിന്റെ (ഏകദേശം 3.64 ലക്ഷം കോടി രൂപ) വിപണിയായി മാറുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ രണ്ടു ശതകോടി ഡോളറിന്റെ (ഏകദേശം 14554 കോടി രൂപ) വിപണിയാണിത്.

ടെലിമെഡിസിന്‍, ഇ ഫാര്‍മസി, ഫിറ്റ്‌നസ്, വെല്‍നെസ്സ്, ഹെല്‍ത്ത് കെയര്‍ ഐറ്റി, അനലിറ്റിക്‌സ്, ഹോം ഹെല്‍ത്ത് കെയര്‍, പേഴ്‌സണല്‍ ഹെല്‍ത്ത് മാനേജ്‌മെന്റ് എന്നീ ആറ് വിഭാഗമാണ് ഹെല്‍ത്ത് ടെക് വിപണി. നിലവില്‍ രാജ്യത്തെ ആരോഗ്യസംരക്ഷണ വിപണിയുടെ ഒരു ശതമാനം മാത്രമാണ് ഹെല്‍ത്ത് ടെക് മേഖല കൈകാര്യം ചെയ്യുന്നത്.
കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ആര്‍ബിഎസ്എ അഡൈ്വസേഴ്‌സാണ് പഠന റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
കോവിഡ് മഹാമാരിയും പുതിയ സാങ്കേതിക വിദ്യയുടെ കടന്നു വരവും ഈ മേഖലയില്‍ വലിയ മാറ്റം ഉണ്ടാക്കിയിട്ടുണ്ടെന്നും 2017 മുതല്‍ ഈ മേഖലയ്ക്ക് 1.6 ശതകോടി ഡോളറിന്റെ ഫണ്ട് ആകര്‍ഷിക്കാനായിട്ടുണ്ടെന്നും ആര്‍ബിഎസ്എ അഡൈ്വസേഴ്‌സിന്റെ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ രാജീവ് ഷായെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യന്‍ ഹെല്‍ത്ത് ടെക് മേഖല 2023 ഓടെ അഞ്ച് ശതകോടി ഡോളറിന്റെ വിപണിയാകും. തുടര്‍ന്നുള്ള പത്തു വര്‍ഷം കൊണ്ട് അത് 50 ശതകോടി ഡോളറിലെത്തും.
ഹെല്‍ത്ത് ടെക് മേഖലയില്‍ ഇ ഫാര്‍മസിയാണ് ഏറ്റവും മികച്ച പ്രകടനം നടത്തുന്നത്. 5094 കോടി രൂപയാണ് ഇ ഫാര്‍മസി മേഖലയുടെ 2020 ലെ വരുമാനം. ബിടുബി ഹെല്‍ത്ത് ടെക് മാര്‍ക്കറ്റ് (438 കോടി രൂപ), ബിടുബി മെഡിക്കല്‍ സപ്ലൈസ് (210 കോടി രൂപ), മറ്റു ഹെല്‍ത്ത് ടെക് സേവനങ്ങള്‍ (728 കോടി), ഇ ഡയഗ്നോസ്റ്റിക്‌സ് (510 കോടി), ടെലികണ്‍സള്‍ട്ടേഷന്‍ (328 കോടി രൂപ)
റോബോട്ടിക്‌സ്, മെഷീന്‍ ലേണിംഗ്, കൃത്രിമ ബുദ്ധി, ശരീരത്തില്‍ ധരിക്കുന്ന ഉപകരണങ്ങള്‍, ബ്ലോക്ക് ചെയ്ന്‍ തുടങ്ങിയവയുടെ വര്‍ധിക്കുന്ന ഉപയോഗമാകും വരും കാലങ്ങളില്‍ ആരോഗ്യ സംരക്ഷണ മേഖലയെ മാറ്റിമറിക്കുക.
ഹെല്‍ത്ത് ടെക് സ്റ്റാര്‍ട്ടപ്പുകള്‍ ഇപ്പോള്‍ വന്‍തോതില്‍ നിക്ഷേപം ആകര്‍ഷിക്കുന്നുണ്ട്. ഹെല്‍ത്ത് കെയര്‍ ആന്‍ഡ് ഐറ്റി അനലിറ്റിക്‌സ് കമ്പനി ഇന്നൊവാക്‌സര്‍ (225 ദശലക്ഷം ഡോളര്‍), ഇ ഫാര്‍മസി കമ്പനി ഫാംഈസി (651.5 ദശലക്ഷം ഡോളര്‍), 1എംജി (191.3 ദശലക്ഷം ഡോളര്‍), ഫിറ്റ്‌നസ്& വെല്‍നെസ് പ്ലാറ്റ്‌ഫോമായ ക്യൂര്‍ ഡോട്ട് ഫിറ്റ് (404.6 ദശലക്ഷം ഡോളര്‍), ടെലിമെഡിസിന്‍ പ്ലാറ്റ്‌ഫോമായ പ്രാക്‌റ്റോ (232 ദശലക്ഷം ഡോളര്‍) എന്നിവയാണ് നിക്ഷേപം നേടിയ ഈ മേഖലയിലെ പ്രമുഖ സ്റ്റാര്‍ട്ടപ്പുകള്‍.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it