തിളക്കം മാഞ്ഞ് ഇന്ത്യന്‍ ഐ.ടി വ്യവസായം; ഇന്‍ഫോസിസിലും ടി.സി.എസിലും ജീവനക്കാര്‍ കുറയുന്നു

കാമ്പസ് റിക്രൂട്ട്‌മെന്റിനായി കോളേജുകളിലേക്ക് ഇല്ലെന്ന് ഇന്‍ഫോസിസ്; ശമ്പള വര്‍ധന നടപ്പാക്കില്ലെന്ന് ആക്‌സന്‍ചര്‍
Image courtesy: istock
Image courtesy: istock
Published on

ഒരു കാലത്ത് ഇന്ത്യന്‍ യുവക്കളുടെ ഇഷ്ട തൊഴില്‍ രംഗമായിരുന്ന ഐ.ടി മേഖലയുടെ തിളക്കം പൊലിയുന്നു. ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍, വര്‍ധിച്ചുവരുന്ന ചെലവുകള്‍ തുടങ്ങി നിരവധി വെല്ലുവിളികള്‍ ഐ.ടി വ്യവസായം അഭിമുഖീകരിക്കുന്നുണ്ട്. ഇതോടെ പല ഐ.ടി കമ്പനികളും ജീവനക്കാരെ പിരിച്ചുവിടുകയും ചെലവ് ചുരുക്കുകയും ശമ്പളം കുറയ്ക്കുകയും ചെയ്യുകയാണ്.

ജീവനക്കാരുടെ എണ്ണം കുറഞ്ഞ് ഇന്‍ഫോസിസ്

ബെംഗളൂരു ആസ്ഥാനമായുള്ള ഐ.ടി സേവന കമ്പനിയായ ഇന്‍ഫോസിസില്‍ സെപ്റ്റംബര്‍ പാദത്തില്‍ ജീവനക്കാരുടെ എണ്ണത്തില്‍ 7,530 പേരുടെ കുറവാണുണ്ടായത്. തുടര്‍ച്ചയായ മൂന്നാം പാദത്തിലാണ് ജീവനക്കാരുടെ എണ്ണം കുറയുന്നത്. ഇതുവരെ കമ്പനിയിലെ ജീവനക്കാരുടെ എണ്ണത്തിലുണ്ടായ ഏറ്റവും വലിയ ഇടിവ് കൂടിയാണിത്. നിലവില്‍ 3.28 ലക്ഷം ജീവനക്കാരാണ് കമ്പനിയിലുള്ളത്.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ 3,611 ജീവനക്കാന്‍ കമ്പനി വിട്ടിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ 6,940 ജീവനക്കാരും. ഈയടുത്ത് ഇനി പുതുമുഖങ്ങളെ നിയമിക്കുന്നതിനായി കാമ്പസിലേക്ക് പോകുന്നില്ലെന്നും ഓരോ പാദത്തിലും നിയമന പദ്ധതികള്‍ വിലയിരുത്തുമെന്നും കമ്പനി അറിയിച്ചു. നിവലിലെ പ്രശ്‌നങ്ങള്‍ക്കിടയില്‍ കമ്പനിയുടെ ഓഹരികളിടിഞ്ഞു. എന്‍.എസ്.ഇയില്‍ നിലവില്‍ ഇന്‍ഫോസിസ് ഓഹരികള്‍ 2.80% ഇടിഞ്ഞ് 1,424 രൂപയിലാണ് (1:00pm) വ്യാപാരം നടത്തുന്നത്.

ആറായിരത്തിലധികം ജീവനക്കാരുടെ കുറവില്‍ ടി.സി.എസ്

ഇന്ത്യന്‍ ഐ.ടി സേവന കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടി.സി.എസ്) നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പാദം പിന്നിടുമ്പോള്‍ മൊത്തം ജീവനക്കാരുടെ എണ്ണത്തില്‍ ആറായിരത്തിലധികം ജീവനക്കാരുടെ കുറവ് രേഖപ്പെടുത്തി. ഇതോടെ നിലവില്‍ ടി.സി.എസിലെ മൊത്തം ജീവനക്കാരുടെ എണ്ണം 6.08 ലക്ഷമായി.

ജൂണ്‍ പാദത്തില്‍ കമ്പനിയിലെ ജീവനക്കാരുടെ എണ്ണം 6.15 ലക്ഷമായിരുന്നു. മുന്‍ പാദത്തെ അപേക്ഷിച്ച് 6,333 ജീവനക്കാരുടെ കുറവുണ്ടായി. വാര്‍ഷികാടിസ്ഥാനത്തിലും ജീവനക്കാരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. മുന്‍ വര്‍ഷം രണ്ടാം പാദത്തില്‍ ജീവനക്കാരുടെ എണ്ണം 6.16 ലക്ഷമായിരുന്നു. ഇതില്‍ നിന്നും ഒരു വര്‍ഷത്തിനിടെ 7,186 ജീവനക്കാര്‍ കൊഴിഞ്ഞുപോയി.

ശമ്പള വര്‍ധന നല്‍കില്ലെന്ന് ആക്‌സന്‍ചര്‍

ഇന്ത്യയിലെയും ശ്രീലങ്കയിലെയും ജീവനക്കാര്‍ക്ക് 2023ല്‍ ശമ്പള വര്‍ധന നല്‍കില്ലെന്ന് പ്രമുഖ ഐ.ടി കമ്പനിയായ ആക്‌സന്‍ചര്‍ ജീവനക്കാര്‍ക്ക് ഇമെയില്‍ അയച്ചു. പ്രത്യേക വൈദഗ്ധ്യ മേഖലകളിലൊഴികെ കമ്പനി ഈ വര്‍ഷം അടിസ്ഥാന ശമ്പള വര്‍ധന അനുവദിക്കില്ലെന്ന് കമ്പനി അറിയിച്ചു. ഐ.ടി മേഖല നിരവധി വെല്ലുവിളികള്‍ നേരിടുന്ന സമയത്താണ് ആക്‌സന്‍ചറിന്റെ ഈ നീക്കം. ഈ വര്‍ഷം 19,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് കമ്പനി 2023 മാര്‍ച്ചില്‍ അറിയിച്ചിരുന്നു.

നിലവില്‍ അസോസിയേറ്റ് ഡയറക്ടര്‍ (ലെവല്‍ 5) തലം വരെയുള്ള സ്ഥാനക്കയറ്റങ്ങള്‍ മുമ്പ് തീരുമാനിച്ച പോലെ നടക്കും. എന്നാല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞ നിരക്കില്‍. കമ്പനിയിലെ 1 മുതല്‍ 4 വരെയുള്ള ലെവലുകളിലുള്ള ജീവനക്കാരുടെ സ്ഥാനക്കയറ്റങ്ങള്‍ 2024 ജൂണ്‍ വരെ മാറ്റിവച്ചിരിക്കുകയാണ്. നിലവില്‍ ആക്സെഞ്ചറിന് ഇന്ത്യയില്‍ 3 ലക്ഷം ജീവനക്കാരാണുള്ളത്.

പ്രതീക്ഷയോടെ എച്ച്.സി.എല്‍ ടെക്

ഇന്ത്യയിലെ മറ്റൊരു പ്രമുഖ ഐ.ടി കമ്പനിയായ എച്ച്.സി.എല്‍ ടെകും സമാനമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സീനിയര്‍ ജീവനക്കാരുടെ ശമ്പള വര്‍ധന ഒഴിവാക്കുമെന്നും ജൂനിയര്‍ ജീവനക്കാരുടെ ശമ്പള വര്‍ധന ആ പാദത്തിന് ശേഷം മാത്രമേ ആലോചിക്കുകയുള്ളു എന്നും എച്ച്.സി.എല്‍ ടെക് അറിയിച്ചു. എച്ച്.സി.എല്‍ ടെക്കില്‍ നിന്ന് 2,299 ജീവനക്കാരാണ് കൊഴിഞ്ഞുപോയത്. അതേസമയം നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നും നാലും പാദങ്ങളില്‍ എച്ച്.സി.എല്‍ ടെക് ശക്തമായ വളര്‍ച്ച പ്രതീക്ഷിക്കുന്നതായി കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് സി.വിജയകുമാര്‍ പറഞ്ഞു.

ശമ്പള വര്‍ധന നല്‍കാന്‍ വിപ്രോ

ജീവനക്കാര്‍ക്കുള്ള ശമ്പള വര്‍ധന ഡിസംബര്‍ 1 മുതല്‍ നടപ്പിലാക്കുമെന്ന് വിപ്രോ അറിയിച്ചതായി ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട്. ഐ.ടി വ്യവസായം നേരിടുന്ന വെല്ലുവിളികള്‍ കണക്കിലെടുത്ത് വിപ്രോ ശമ്പള വര്‍ധനയുടെ പ്രഖ്യാപനം മാറ്റിവച്ചിരിക്കുകയായിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com