ഇന്ത്യന്‍ ഓയിലിന് ഡിസംബർപാദത്തിൽ വമ്പൻ ലാഭവളർച്ച; പ്രവർത്തന വരുമാനം രണ്ടുലക്ഷം കോടി രൂപയ്ക്ക് മുകളിൽ
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ.ഒ.സി.എല്‍) 2023-24 സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 9,224.85 കോടി രൂപയുടെ സംയോജിത അറ്റാദായം രേഖപ്പെടുത്തി. മുന്‍ വർഷത്തെ സമാനകാലയളവിലെ 890.28 കോടി രൂപയേക്കാൾ പലമടങ്ങ് വർധന. അതേസമയം 2023-24 ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 13,713.08 കോടി രൂപയുടെ അറ്റാദായം കമ്പനി നേടിയിരുന്നു. പാദ അടിസ്ഥാനത്തില്‍ 33 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
കമ്പനിയുടെ പ്രവര്‍ത്തന വരുമാനം മുന്‍ പാദത്തിലെ 2.05 ലക്ഷം കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോ മൂന്നാം പാദത്തില്‍ 2.26 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. എന്നാല്‍ മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് പ്രവര്‍ത്തന വരുമാനം 2.6 ശതമാനം കുറഞ്ഞു. 2023-24ന്റെ ആദ്യ ഒമ്പത് മാസങ്ങളില്‍ കമ്പനിയുടെ ശരാശരി ഗ്രോസ് റിഫൈനിംഗ് മാര്‍ജിന്‍ (GRM) ബാരലിന് 13.26 ഡോളറായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 21.08 ഡോളറായിരുന്നു.
പലിശയ്ക്കും നികുതികള്‍ക്കും മുമ്പുള്ള ലാഭം മുന്‍ വര്‍ഷത്തെ 1,971 കോടി രൂപയില്‍ നിന്ന് 12,100 കോടി രൂപയായി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഓഹരികള്‍ ഇന്ന് എന്‍.എസ്.ഇയില്‍ 3.78 ശതമാനം ഉയര്‍ന്ന് 144.20 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ചു.