റിലയന്‍സിന്റെ വാതകം പകുതിയും വാങ്ങിയത് ഇന്ത്യന്‍ ഓയില്‍

പ്രകൃതിവാതകത്തിന്റെ ഏറ്റവും പുതിയ ലേലത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെയും പങ്കാളി ബ്രിട്ടീഷ് പെട്രോളിയത്തിന്റെയും സംയുക്ത സംരംഭമായ ജിയോ-ബി.പിയില്‍ നിന്ന് രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് പകുതിയും വാതകം വാങ്ങിയതായി റിപ്പോര്‍ട്ട്.

വൈദ്യുതി, വളം, കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (സി.എന്‍.ജി), പാചകം എന്നിവയ്ക്കായി ഉപയോഗിക്കുന്ന പ്രകൃതിവാതകത്തിന്റെ ലേലം ചെയ്ത 5 മില്യണ്‍ സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്റര്‍ പെര്‍ ഡേ (എം.എം.എസ്.സി.എം.ഡി) പ്രകൃതിവാതകത്തില്‍ 2.5 എം.എം.എസ്.സി.എം.ഡി പ്രകൃതിവാതകവും ഐ.ഒ.സിക്ക് ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

മറ്റ് കമ്പനികള്‍

ഗെയില്‍ ഗ്യാസ് ലിമിറ്റഡ്, മഹാനഗര്‍ ഗ്യാസ് ലിമിറ്റഡ്, ടോറന്റ് ഗ്യാസ്, ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് ലിമിറ്റഡ്, ഹരിയാന സിറ്റി ഗ്യാസ് എന്നിവയുള്‍പ്പെടെയുള്ള കമ്പനികള്‍ വാഹനങ്ങള്‍ക്കായി വില്‍ക്കുന്നതിനും പാചക ആവശ്യങ്ങള്‍ക്കായി വീടുകളിലെ അടുക്കളകളിലേക്ക് പൈപ്പ് വഴിയും സി.എന്‍.ജി നല്‍കുന്നതിനും മൊത്തം 0.5 എം.എം.എസ്.സി.എം.ഡി പ്രകൃതിവാതകം വാങ്ങി.

ഗെയില്‍, റിഫൈനര്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്.പി.സി.എല്‍) 0.6 എം.എം.എസ്.സി.എം.ഡി വീതം വാങ്ങിയപ്പോള്‍ ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോര്‍പ്പറേഷന്‍ (ജി.എസ്.പി.സി) 0.5 എം.എം.എസ്.സി.എം.ഡിയും ഷെല്ലിന് 0.2 എം.എം.എസ്.സി.എം.ഡിയും പ്രകൃതിവാതകം ലഭിച്ചു.

മുന്‍ ലേലം

റിലയന്‍സ്-ബിപി ഏപ്രിലില്‍ 6 എം.എം.എസ്.സി.എം.ഡി പ്രകൃതിവാതകം വിറ്റിരുന്നു. ഇതിന്റെ പകുതിയോളം വാങ്ങിയതും ഐ.ഒ.സി തന്നെയായിരുന്നു. ഗെയില്‍ 0.7 എം.എം.എസ്.സി.എം.ഡി, അദാനി-ടോട്ടല്‍ ഗ്യാസ് ലിമിറ്റഡ് 0.4 എം.എം.എസ്.സി.എം.ഡി, ഷെല്‍ 0.5 എം.എം.എസ്.സി.എം.ഡി, ജി.എസ്.പി.സി 0.25 എം.എം.എസ്.സി.എം.ഡി എന്നിങ്ങനെ നീളുന്നു അന്ന് പ്രകൃതിവാതകം വാങ്ങിയ കണക്കുകള്‍.

Related Articles
Next Story
Videos
Share it