Begin typing your search above and press return to search.
ഇന്ത്യന്‍ ഒ.ടി.ടി വിപണി ₹30,000 കോടിയിലേക്ക്
ഇന്ത്യയുടെ ഒ.ടി.ടി (ഓവര്‍-ദ-ടോപ്പ്) വിപണി 2030ഓടെ 30,000 കോടി രൂപയിലെത്തുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ) സംഘടിപ്പിച്ച 'സി.ഐ.ഐ ദക്ഷിണ്‍ 2023 - സൗത്ത് ഇന്ത്യ മീഡിയ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് സമ്മിറ്റ്' വിലയിരുത്തി. നിലവില്‍ 10,500 കോടി രൂപയാണ് ഒ.ടി.ടി വിപണിയുടെ മൂല്യമെന്ന് സി.ഐ.ഐ ദക്ഷിണ്‍ സ്റ്റിയറിംഗ് കമ്മിറ്റി അംഗം അനുപ് ചന്ദ്രശേഖരന്‍ പറഞ്ഞു. 2021ല്‍ 5,300 കോടി രൂപയായിരുന്നു. 2024ല്‍ മൂല്യം 12,000 കോടി രൂപയിലെത്തും. പ്രതിവര്‍ഷ വളര്‍ച്ചാ പ്രതീക്ഷ ശരാശരി 20 ശതമാനമാണ്.
8 കോടി വരിക്കാര്‍
സി.ഐ.ഐ ദക്ഷിണിന്റെ 2022ലെ ഇവന്റ് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ ഒ.ടി.ടി വരിക്കാര്‍ എട്ട് കോടിയാണ്. 2025ല്‍ വരിക്കാര്‍ 25 കോടിയാകും. ആഗോളതലത്തില്‍ ഒ.ടി.ടി വരിക്കാരുടെ എണ്ണം 300 കോടിയാണ്. അമേരിക്കയാണ് മുന്നില്‍ - 33 കോടിപ്പേര്‍. ആഗോളതലത്തില്‍ ഒ.ടി.ടിയുടെ മൂല്യം 10 ലക്ഷം കോടി രൂപയാണ്. പ്രതിവര്‍ഷം ശരാശരി 20 ശതമാനം വളര്‍ച്ച വിപണി നേടുന്നുണ്ട്.
പ്രാദേശിക പ്രിയം
ഇന്ത്യന്‍ ഒ.ടി.ടിയില്‍ 50 ശതമാനത്തോളം ആസ്വാദകരുള്ളത് പ്രാദേശിക ഉള്ളടക്കങ്ങള്‍ക്കാണ്. ഇന്ത്യന്‍ വരിക്കാരില്‍ മൂന്നിലൊന്ന് പേരും കാണുന്നത് ഹിന്ദിയും ഇംഗ്ലീഷും ഒഴികെയുള്ള ഭാഷാ ഉള്ളടക്കങ്ങളാണ്. ഒ.ടി.ടിയിലെ സിനിമകളില്‍ 59 ശതമാനവും പ്രാദേശിക ഭാഷകളില്‍ നിന്നുള്ളവയാണ്. 2021ല്‍ മാത്രം 100 സിനിമകള്‍ നേരിട്ട് ഒ.ടി.ടിയില്‍ റിലീസ് ചെയ്തുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
എന്താണ് ഒ.ടി.ടി?
ഇന്റര്‍നെറ്റ് വഴി സിനിമ, ടിവി., വെബ്‌സീരീസ്, സ്‌പോര്‍ട്‌സ് തുടങ്ങിയ വീഡിയോ ഉള്ളടക്കങ്ങള്‍ ലഭ്യമാക്കുന്ന സംവിധാനമാണിത്. ഇന്റര്‍നെറ്റ് സൗകര്യമുള്ള ഫോണ്‍, ടാബ്, കമ്പ്യൂട്ടര്‍, ടിവി എന്നിവയില്‍ ഇത് ലഭിക്കും. ആമസോണ്‍ പ്രൈം, ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍, സോണി ലിവ്, സീ5 തുടങ്ങിയവ പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളാണ്.
Next Story
Videos