

ഓണ്‍ലെന്‍ പെയ്‌മെന്റില്‍ കുതിച്ചു ചാട്ടം നടത്തുമ്പോഴും ഈ മേഖലയില്‍ ആവശ്യമായ ഉപകരണങ്ങളുടെ നിര്‍മാണത്തില്‍ ഇന്ത്യ ഏറെ പിന്നില്‍. വ്യാപാര സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന പോയിന്റ് ഓഫ് സെയില്‍സ് (പിഒഎസ്) ഉപകരണങ്ങള്‍ക്കാണ് ഇന്ത്യ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയെ വലിയ തോതില്‍ ആശ്രയിക്കുന്നത്. ഇന്ത്യയില്‍ നിര്‍മാണ ചെലവ് കൂടുന്നതും ഉയര്‍ന്ന നികുതിയുമാണ് കയറ്റുമതിയെ ആശ്രയിക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഇന്‍സെന്റീവ് ലിങ്ക്ഡ് പ്രൊഡക്ഷന്‍, മെയ്ക് ഇന്‍ ഇന്ത്യ പദ്ധതികളില്‍ ഉള്‍പ്പെടുത്തി തദ്ദേശീയമായ ഉല്‍പ്പാദനം വര്‍ധിപ്പിക്കണമെന്ന് പേടിഎം ഉള്‍പ്പടെയുള്ള കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
ആന്‍ഡ്രോയ്ഡ് പിഒഎസ് ടെര്‍മിനല്‍, സ്മാര്‍ട് കാര്‍ഡ് റീഡര്‍, ക്യുആര്‍ കോഡ് സ്‌കാനര്‍, പിന്‍ പാഡുകള്‍, തെര്‍മല്‍ പ്രിന്റര്‍ തുടങ്ങിയ ഉപകരണങ്ങളാണ് പ്രധാനമായും യു.പി.ഐ ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്നത്. ഇതില്‍ വലിയൊരു ഭാഗം ഇറക്കുമതി ചൈനയില്‍ നിന്നാണ്. ദക്ഷിണ കൊറിയ, സിംഗപ്പൂര്‍,ജപ്പാന്‍, ജര്‍മനി, യുഎസ് എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് ഈ ഉപകരണങ്ങള്‍ എത്തുന്നുണ്ട്. മൈക്രോ ചിപ്പുകളുടെ ക്ഷാമമാണ് ഇന്ത്യയില്‍ ഉല്‍പാദനം കുറയാന്‍ പ്രധാന കാരണം. ഐ.സികള്‍, ഡിസ്‌പ്ലേ പാനല്‍ എന്നിവയും ഇന്ത്യയില്‍ വേണ്ടത്ര നിര്‍മിക്കുന്നില്ല. ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങള്‍ക്ക് ചെലവ് കുറവാണ് എന്നതും ഉല്‍പാദനത്തില്‍ നിന്ന് ഇന്ത്യന്‍ കമ്പനികളെ പുറകോട്ടടിക്കുന്നു. സാങ്കേതിക വിദ്യ മികച്ചതായതിനാല്‍ പെയ്‌മെന്റുകളില്‍ ചൈനീസ് ഉപകരണങ്ങളുടെ വേഗത ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ലഭിക്കില്ലെന്നും കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു.
പിഒഎസ് ടെര്‍മിനലുകളുടെ ഇന്ത്യന്‍ വിപണി 3,300 കോടി രൂപ വിലമതിക്കുന്നതാണെന്നാണ് കണക്ക്. അടുത്ത അഞ്ചു വര്‍ഷത്തിനിടെ 13 ശതമാനം വളര്‍ച്ചയും പ്രതീക്ഷിക്കുന്നു. റീട്ടെയ്ല്‍ പെയ്‌മെന്റില്‍ ഇപ്പോള്‍ യു.പി.ഐ ഇടപാടുകളാണ് ഇന്ത്യയില്‍ മുന്നിട്ടു നില്‍ക്കുന്നത്.
ഇന്ത്യന്‍ കമ്പനികളും ഇപ്പോള്‍ ഈ രംഗത്ത് സജീവമായി തുടങ്ങിയിട്ടുണ്ട്. വിദേശത്തു നിന്ന് പാര്‍ട്‌സുകള്‍ ഇറക്കുമതി ചെയ്ത് ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിലാണ് ശ്രദ്ധ പതിപ്പിക്കുന്നത്. പേടിഎമ്മിന്റെ രണ്ട് പുതിയ ഉപകരണങ്ങള്‍ കഴിഞ്ഞ ദിവസം വിപണിയില്‍ ഇറങ്ങിയിരുന്നു. പൈന്‍ ലാബ്‌സ്, എംസ്വൈപ്, വെരിഫോണ്‍, ഇഡിമിയ തുടങ്ങിയ ഇന്ത്യന്‍ കമ്പനികളാണ് ഈ രംഗത്ത് സജീവമായുള്ളത്. ഈ കമ്പനികളെല്ലാം ചേര്‍ന്ന് 8.5 ലക്ഷം ഉപകരണങ്ങളാണ് ഇന്ത്യയില്‍ വില്‍പ്പന നടത്തിയത്.
Read DhanamOnline in English
Subscribe to Dhanam Magazine