

യു.എസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) കമ്പനിയായ ആന്ത്രോപിക്കിന്റെ, ഏറ്റവും നൂതനവും ആഗോള തലത്തിൽ ശ്രദ്ധനേടിക്കൊണ്ട് മുന്നേറുകയുമായിരുന്ന ക്ലോഡ് ഫേബിൾ-5, മിഥോസ്-5 മോഡലുകൾ, മറ്റ് രാജ്യങ്ങളിലെ വിപണിയിൽ നിന്നും നേരിയ മുന്നറിയിപ്പ് പോലും നൽകാതെ പൊടുന്നനേ പിൻവലിക്കപ്പെട്ടത് ഇന്ത്യൻ സ്റ്റാർട്ടപ്പ് മേഖലയിൽ പുതിയ ആശങ്കകൾക്ക് വഴിതുറന്നിരിക്കുന്നു. വിദേശ നിർമ്മിത എ.ഐ ഇൻഫ്രാസ്ട്രക്ചറുകളെ മാത്രം ആശ്രയിച്ചു പ്രവർത്തിക്കുന്നതിലെ വലിയ അപകടസാധ്യതയെയാണ് യു.എസ് സർക്കാരിന്റെ നിർദേശത്തെ തുടർന്നുള്ള ആന്ത്രോപിക്കിന്റെ അപ്രതീക്ഷിത നീക്കം തുറന്നുകാട്ടുന്നത്.
മുൻകാലങ്ങളിൽ സെമികണ്ടക്ടറുകളിലും അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ് ഹാർഡ്‌വെയറുകളിലും മാത്രമായി ഒതുങ്ങിയിരുന്ന യു.എസിന്റെ ആഗോള കയറ്റുമതി നിയന്ത്രണങ്ങൾ, ഇപ്പോൾ എഐ മോഡലുകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിന്റെ വ്യക്തമായ സൂചനയാണിത്. വിദേശ ലാർജ് ലാംഗ്വേജ് മോഡലുകളെ (LLMs) അടിസ്ഥാനമാക്കി പുതിയ പ്രോഡക്ടുകൾ നിർമ്മിക്കുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക്, സാങ്കേതിക മികവ് ഉണ്ടെങ്കിൽപ്പോലും വിപണിയിലെ സുരക്ഷിതത്വം ഉറപ്പാക്കാനാകില്ല എന്ന യാഥാർത്ഥ്യമാണ് ഈ സംഭവം വ്യക്തമാക്കുന്നത്. ആന്ത്രോപിക്കിന്റെ അത്യാധുനികമായ എഐ മോഡലുകൾ അപ്രതീക്ഷിതമായി പിൻവലിച്ചതിനെ തുടർന്ന് രൂപപ്പെട്ട പുതിയ പ്രതിസന്ധി, ഇന്ത്യൻ സ്റ്റാർട്ടപ്പ് ലോകത്ത് ഉണ്ടാക്കുന്ന പ്രധാന ആഘാതങ്ങൾ എന്തൊക്കെയെന്ന് വിശദമായി നോക്കാം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ മിക്ക ഇന്ത്യൻ സ്റ്റാർട്ടപ്പുകളും നിലവിലുള്ള എഐ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് വേണ്ടിയുള്ള പുതിയ ആപ്പുകളും സേവനങ്ങളും നിർമ്മിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിക്കുന്നത് അഥവാ ആപ്ലിക്കേഷൻ ലെയറിലാണ് പ്രവർത്തിക്കുന്നത് എന്ന് ബെംഗളൂരു ആസ്ഥാനമായുള്ള ന്യൂറൽഓർബ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകൻ അനിൽ ഭട്ട് പറഞ്ഞു.
എന്നാൽ ഈ ആശ്രയത്വം ഇപ്പോൾ പുതിയൊരു ബിസിനസ് റിസ്ക് കൂടി അനാവരണം ചെയ്യുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വികസന ചരിത്രത്തിൽ ആദ്യമായാണ്, ഒരു എ.ഐ ഫൗണ്ടേഷൻ മോഡലിനു മേൽ വിദേശ വിപണികളിലേക്കുള്ള കയറ്റുമതിക്കും വിദേശികളുടെ ഉപയോഗത്തിനും നിയന്ത്രണം ഏർപ്പെടുത്തുന്നത്. ആഗോള സാമ്പത്തിക രംഗത്ത് ഡോളറിനെയും സ്വിഫ്റ്റ് (SWIFT) പേയ്‌മെന്റ് ശൃംഖലയെയും വിദേശ രാജ്യങ്ങൾക്കെതിരേയുള്ള ഉപരോധത്തിനും സമ്മർദത്തിനുമുള്ള മാർഗങ്ങളായി ഉപയോഗിക്കുന്നതുപോലെ, ഇനി എ.ഐ മോഡലുകളെയും ആയുധവത്കരിക്കാനുള്ള നീക്കത്തിന്റെ തുടക്കമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും അനിൽ ഭട്ട് കൂട്ടിച്ചേർത്തു.
മുൻകൂട്ടി യാതൊരു അറിയിപ്പുമില്ലാതെ എഐ മോഡലുകൾ ഒറ്റയടിക്ക് പിൻവലിക്കപ്പെടുന്നത്, ഇത്തരം സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയ സ്റ്റാർട്ടപ്പുകളുടെയും കമ്പനികളുടെയും പ്രവർത്തനങ്ങളെ അവതാളത്തിലാക്കുമെന്ന് അഞ്ച് രാജ്യങ്ങളിൽ ബിസിനസ് സാന്നിധ്യമുള്ള ഡിജിറ്റൽ സർവീസസ് കമ്പനിയായ പേസ് ഹൈ-ടെക്കിന്റെ സ്ഥാപകയും സി.ഇ.ഒ.യുമായ ഗീതു ശിവകുമാർ പറഞ്ഞു. ഒരൊറ്റ എക്സ്റ്റേണൽ മോഡലിനെ മാത്രം ആശ്രയിച്ച് പ്രൊഡക്ട് റോഡ്മാപ്പുകൾ തയ്യാറാക്കുന്നത് വലിയൊരു ബിസിനസ് റിസ്ക് ആണ്. എഐ മോഡലിനെ അടിസ്ഥാനമാക്കി നിശ്ചിത സേവനം വാഗ്ദാനം ചെയ്തവർക്ക്, പിന്നീട് അത് സാധിക്കാതെവരുന്നപക്ഷം ക്ലയന്റിൽ നിന്നും നിയമനടപടികൾ നേരിടാനുള്ള സാധ്യതയുണ്ട്. ഇത്തരം അപ്രതീക്ഷിത മാറ്റങ്ങൾ കമ്പനികളുടെ പ്രവർത്തനങ്ങളിൽ അനിശ്ചിതത്വം സൃഷ്ടിക്കുകയും പ്രോഡക്ട് ലോഞ്ച് വൈകിപ്പിക്കുകയും പ്രവർത്തന ചെലവ് വർധിപ്പിക്കാമെന്നും അവർ ചൂണ്ടിക്കാട്ടി.
അതുപോലെ വിദേശ സർക്കാരുകൾ എടുക്കുന്ന നയപരമായ തീരുമാനങ്ങൾ കാരണം ഇന്ത്യയിലെ കമ്പനികളുടെ സുപ്രധാന എ.ഐ ഇൻഫ്രാസ്ട്രക്ചറുകൾ ഏത് നിമിഷവും ഇല്ലാതാകാം എന്നത്, സൈബർ സുരക്ഷ മുൻനിർത്തിയുള്ള ഘടനാപരമായ ആശങ്കയാണ്. ആന്ത്രോപിക്കുമായി നേരിട്ട് വാണിജ്യ കരാറുകളുള്ള പ്രമുഖ ഐ.ടി കമ്പനികൾക്ക് പോലും ഈ നിയന്ത്രണത്തിൽ ഇളവ് ലഭിച്ചിട്ടില്ല. സാധാരണ ബിസിനസ്സ് റിസ്കുകളിൽ നിന്നും വ്യത്യസ്തമായി, ഇത്തരം ജിയോപൊളിറ്റിക്കൽ ഘടകങ്ങൾ നിയമപരമായ കരാറുകളിലൂടെയോ സാങ്കേതിക വൈദഗ്ധ്യത്തിലൂടെയോ മറികടക്കാൻ ഇന്ത്യൻ കമ്പനികൾക്ക് നിലവിൽ കഴിയുന്നതല്ല. അതിനായി രാജ്യം സ്വന്തം നിലയിൽ സമ്പൂർണ എ.ഐ സംവിധാനം (Full AI Stack) കെട്ടിപ്പടുക്കണമെന്നും ഗീതു ശിവകുമാർ പറഞ്ഞു.
ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾ എ.ഐ വികസനവുമായി ഇടകലരുന്നതോടെ, വിദേശ നിർമിത ഫൗണ്ടേഷൻ മോഡലുകളെ അമിതമായി ആശ്രയിക്കുന്ന ബിസിനസുകളുടെ സാമ്പത്തിക മൂല്യനിർണ്ണയത്തെയും ബാധിക്കാമെന്ന് തിരുവനന്തപുരം ആസ്ഥാനമായുള്ള ഐ.ടി.ഇ.എസ് സ്റ്റാർട്ടപ്പായ ഡിജിറ്റൽ ലൈവിന്റെ സ്ഥാപകൻ ദിലീപ് സേനാപതി പറഞ്ഞു. ഇനി മുതൽ ഒരു സ്റ്റാർട്ടപ് കമ്പനിയുടെ വളർച്ചാ നിരക്കോ സാങ്കേതിക മികവോ മാത്രം നോക്കിയാകില്ല നിക്ഷേപകർ തീരുമാനമെടുക്കുക; എഐ ഇൻഫ്രാസ്ട്രക്ചറുകളിലെ സ്വയംപര്യാപ്തതയും ഇനി മുതൽ വാല്യുവേഷൻ നിശ്ചയിക്കുന്നതിൽ നിർണായക ഘടകങ്ങളായി മാറിയേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചുരുക്കത്തിൽ ക്ലോഡ് ഫേബിൾ-5 മോഡലിന്റെ അപ്രതീക്ഷിത പിൻവലിക്കലും ഉപയോഗ നിയന്ത്രണവും ഇന്ത്യയ്ക്ക് സ്വന്തമായ സോവറിൻ എ.ഐ (Sovereign AI) ശേഷി കെട്ടിപ്പടുക്കേണ്ടതിന്റെ അനിവാര്യതയിലേക്കാണ് വിരൽചൂണ്ടുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine