നികുതി വെട്ടിപ്പ്: ആപ്പിള്‍, ഗൂഗിള്‍, ആമസോണ്‍ കമ്പനികള്‍ക്കെതിരെ പിടിമുറുക്കി കേന്ദ്രം

ആഗോള ടെക് ഭീമന്മാരായ ആപ്പിള്‍, ഗൂഗിള്‍, ആമസോണ്‍ എന്നിവയ്ക്കെതിരെ നികുതി വെട്ടിപ്പ് ആരോപണ പശ്ചാത്തലത്തില്‍ അന്വേഷണത്തിന് കേന്ദ്രം. ഈ കമ്പനികളുടെ ഇന്ത്യാ വിഭാഗങ്ങള്‍ക്കെതിരെ ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു. ഈ കമ്പനികള്‍ 5,000 കോടി രൂപയിലധികം നികുതിയടയ്ക്കാനുണ്ടെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 2021ല്‍ ആരംഭിച്ച ഈ കേസില്‍ ആപ്പിള്‍, ആമസോണ്‍, ഗൂഗിള്‍ എന്നീ കമ്പനികള്‍ക്കെതിരെയാണ് നിലവില്‍ അന്വേഷണം നടക്കുന്നത്.

ആരോപണങ്ങള്‍ ഇങ്ങനെ

ആപ്പിള്‍ മാതൃരാജ്യമായ അമേരിക്കയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിലെത്തിക്കുന്ന ഇടപാടും ഇന്ത്യയിലുള്ള അവയുടെ വില്‍പന നടപടികളും അന്വേഷിക്കുന്നുണ്ട്. ഇത്തരം കൈമാറ്റങ്ങളാണ് ട്രാന്‍സ്ഫര്‍ പ്രൈസിംഗില്‍ (ടി.പി) ഉള്‍പ്പെടുന്നത്. മൂന്ന് കമ്പനികളുടേയും ട്രാന്‍സ്ഫര്‍ പ്രൈസിംഗ് രീതികളെക്കുറിച്ച് അധികൃതര്‍ വിശദീകരണം തേടിയിട്ടുണ്ട്.

ആമസോണിന്റെ കാര്യത്തില്‍ ഡെലിവറി ചാര്‍ജുകളുടെ 50 ശതമാനവും പരസ്യം, വിപണനം, പ്രമോഷന്‍ ചെലവുകള്‍ എന്നിവയുടെ ഭാഗമായി കണക്കാക്കുന്നു. ഇതില്‍ 100 കോടി രൂപയില്‍ അധികമുള്ള നികുതി ബാധ്യതയുണ്ടാകുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് ആദായനികുതി വകുപ്പ് ആമസോണിനെതിരെ അന്വേഷണം നടത്തുന്നത്.

കേന്ദ്രം അന്താരാഷ്ട്ര നികുതി ഈടാക്കുന്ന ചില ഇടപാടുകള്‍ ഗൂഗിള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാലാണ് അന്വേഷണം നടത്തുന്നത്. ഇതും കമ്പനിയെ നികുതി ബാധ്യതയിലേക്ക് നയിക്കുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഈ മൂന്ന് കമ്പനികളുടെ പരസ്യം, വിപണനം, പ്രമോഷന്‍ ചെലവുകള്‍, റോയല്‍റ്റി പേയ്മെന്റുകള്‍, ട്രേഡിംഗ്, സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ്, മാര്‍ക്കറ്റിംഗ് സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ സംബന്ധിച്ചും ആദായനികുതി വകുപ്പ് സൂക്ഷ്മമായി പരിശോധിച്ചു വരികയാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it