

ഒരുവശത്ത് യു.എസിന്റെ 25 ശതമാനം അധിക ഇറക്കുമതി തീരുവ ഭീഷണി നേരിടുമ്പോഴും, മറുവശത്ത് ബംഗ്ലാദേശിലെ തൊഴില്‍ പ്രതിസന്ധിയെത്തുടര്‍ന്ന് വഴിമാറി വരുന്ന വമ്പന്‍ വിദേശ ഓര്‍ഡറുകള്‍ ഇന്ത്യന്‍ ടെക്സ്റ്റൈല്‍ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വാകുന്നു. നവംബര്‍ 1 മുതല്‍ 18 വരെയുള്ള 18 ദിവസത്തിനിടെ ബംഗ്ലാദേശിന് നഷ്ടമായ 25.4 കോടി ഡോളറിന്റെ (ഏകദേശം 2,100 കോടിയിലധികം രൂപ) വസ്ത്ര ഓര്‍ഡറുകളില്‍ ഭൂരിഭാഗവും സ്വന്തമാക്കിയത് ഇന്ത്യന്‍ കമ്പനികളാണ്.
തൊഴിലാളി പ്രക്ഷോഭങ്ങളും ഉല്പാദന തടസങ്ങളും രൂക്ഷമായതോടെയാണ് സാറ (Zara), എച്ച് ആന്‍ഡ് എം (H&M), മാര്‍ക്സ് ആന്‍ഡ് സ്പെന്‍സര്‍ (M&S), സെലിയോ (Celio) തുടങ്ങിയ മുന്‍നിര ആഗോള ഫാഷന്‍ ബ്രാന്‍ഡുകള്‍ ബംഗ്ലാദേശില്‍ നിന്നുള്ള ഓര്‍ഡറുകള്‍ ഇന്ത്യ, വിയറ്റ്നാം, കംബോഡിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലേക്ക് മാറ്റിയത്. ഇതില്‍ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത് ഇന്ത്യയാണ്.
തൊഴിലാളി സമരങ്ങള്‍ കാരണം ബംഗ്ലാദേശില്‍ 40 കോടി ഡോളറിലധികം ഉല്‍പ്പാദന നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. കൂടാതെ, കുറഞ്ഞ വേതനം 12,500 ടാക്കയില്‍ നിന്ന് 17,000 ടാക്കയായി (36% വര്‍ധന) ഉയര്‍ത്തിയതും ഊര്‍ജ്ജ പ്രതിസന്ധിയും അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും ബംഗ്ലാദേശിന്റെ കുറഞ്ഞ ചെലവിലുള്ള ഉല്പാദന മികവിന് തിരിച്ചടിയായി.
ബംഗ്ലാദേശില്‍ ഓര്‍ഡറുകള്‍ നല്കി ഉല്പന്നങ്ങള് എത്തിക്കാന്‍ ശരാശരി 120 ദിവസമെടുക്കുമ്പോള്‍, ഇന്ത്യ അടക്കമുള്ള എതിരാളി രാജ്യങ്ങള്‍ക്ക് 60 മുതല്‍ 90 ദിവസത്തിനുള്ളില്‍ ഡെലിവറി പൂര്‍ത്തിയാക്കാനാകും. ബംഗ്ലാദേശിനേക്കാള്‍ ഒരാഴ്ച മുതല്‍ ഏകദേശം 60 ദിവസം വരെ നേരത്തെ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ കഴിയുന്നത് ഇന്ത്യയ്ക്ക് വലിയ മുന്‍തൂക്കം നല്കുന്നു.
ഈ സാഹചര്യം ഇന്ത്യന്‍ ടെക്സ്റ്റൈല്‍ ഓഹരികളിലും വലിയ മുന്നേറ്റമുണ്ടാക്കി. ഗോകുല്‍ദാസ് എക്സ്പോര്‍ട്ട്സ് (Gokaldas Exports), കിറ്റെക്സ് ഗാര്‍മെന്റ്സ് (Kitex Garments), പേള്‍ ഗ്ലോബല്‍ (Pearl Global), പി.ഡി.എസ് (PDS), ട്രൈഡന്റ് (Trident) തുടങ്ങിയ ഓഹരികള്‍ വിപണിയില്‍ ശ്രദ്ധാകേന്ദ്രമായി മാറിയിട്ടുണ്ട്.
ആഗോള ബ്രാന്‍ഡുകളുടെ വരവ് ആശ്വാസം നല്കുമ്പോഴും, യു.എസ് ട്രേഡ് റെപ്രസന്റേറ്റീവിന്റെ (USTR) സെക്ഷന്‍ 301 പ്രകാരമുള്ള 25 ശതമാനം അധിക തീരുവ നിര്‍ദേശം ഇന്ത്യന്‍ കയറ്റുമതിക്കാരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. സാധാരണഗതിയില്‍ അടുത്ത വര്‍ഷം ഏപ്രില്‍ വരെ നീളാറുള്ള വസന്ത-വേനല്‍ക്കാല (Spring and Summer) ഓര്‍ഡറുകള്‍ അടുത്ത വര്‍ഷം ആദ്യം തന്നെ യു.എസിലേക്ക് എത്തിക്കാനാണ് കമ്പനികളുടെ ശ്രമം.
പരുത്തി, സിന്തറ്റിക് നൂല് എന്നിവയുടെ വിലക്കയറ്റം കാരണം ലാഭവിഹിതം ഇതിനോടകം ഇടിഞ്ഞിരിക്കുന്നതിനാല്‍, മുന്‍വര്‍ഷങ്ങളിലേതുപോലെ തീരുവ ബാധ്യത യു.എസ് ഉപഭോക്താക്കളുമായി പങ്കിടാന്‍ കഴിയില്ലെന്ന് കയറ്റുമതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഉഭയകക്ഷി വ്യാപാര കരാറിലെത്തിയാല്‍ തീരുവ 17 ശതമാനമായി കുറയ്ക്കാമെന്ന വ്യവസ്ഥയുണ്ടെങ്കിലും, പാകിസ്ഥാന്, ശ്രീലങ്ക തുടങ്ങിയ എതിരാളികള്‍ക്ക് യു.എസ് ഇളവ് നല്‍കിയത് തിരിച്ചടിയാണ്.
കോട്ടണ്‍ വസ്ത്രങ്ങള്‍ പ്രധാനമായുള്ള അടുത്ത സീസണിലേക്കുള്ള കയറ്റുമതി ജനുവരിയിലേക്ക് വേഗത്തിലാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും രണ്ട് മാസത്തോളം വരുന്ന കപ്പല്‍ യാത്രാ സമയം വെല്ലുവിളിയാണെന്ന് ടെക്സ്റ്റൈല്‍ നിര്‍മാതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
ബംഗ്ലാദേശില്‍ നിന്നുള്ള ഓര്‍ഡര്‍ മാറ്റം കേരളം ആസ്ഥാനമായുള്ള കിറ്റെക്സ് ഗാര്‍മെന്റ്സ് അടക്കമുള്ള വന്‍കിട വസ്ത്ര നിര്‍മാണ കമ്പനികള്‍ക്ക് വലിയ നേട്ടമാകും. ആഗോള ബ്രാന്‍ഡുകള്‍ വിതരണ ശൃംഖല (Supply Chain) വൈവിധ്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഇന്ത്യയിലേക്ക് മാറുകയാണെങ്കില്‍ കൂടുതല്‍ കയറ്റുമതി ഓര്‍ഡറുകള്‍ കേരളത്തിലേക്കും എത്തും.
അതേസമയം, യു.എസിന്റെ 25 ശതമാനം അധിക തീരുവ നടപ്പിലായാല്‍ കണ്ണൂര്‍ ഉള്‍പ്പെടെയുള്ള വടക്കന്‍ കേരളത്തിലെ കൈത്തറി, ഹോം ടെക്സ്റ്റൈല്‍ കയറ്റുമതി യൂണിറ്റുകള്‍ക്ക് അത് കടുത്ത വെല്ലുവിളിയാകും. ബെഡ്ഷീറ്റുകള്‍, ടവലുകള്‍, കര്‍ട്ടനുകള്‍ എന്നിവ പ്രധാനമായും യു.എസിലേക്ക് കയറ്റി അയക്കുന്ന ചെറുകിട-ഇടത്തരം സംരംഭകര്‍ക്ക് (MSMEs) ഉയര്‍ന്ന ഉല്പാദന ചെലവിനൊപ്പം അധിക തീരുവ കൂടി വരുന്നത് തിരിച്ചടിയായേക്കും.
While Indian textile exporters accelerate spring-summer shipments to beat proposed 25% US Section 301 tariffs, global fashion brands diverting $254 million in orders from unrest-hit Bangladesh offer a major silver lining for the sector.
Read DhanamOnline in English
Subscribe to Dhanam Magazine