ഇന്ത്യക്കാര്‍ക്ക് വെള്ളി ആഭരണങ്ങളോട് പ്രിയം, കഴിഞ്ഞ വര്‍ഷം ആവശ്യം ഇരട്ടിച്ചു

രാജ്യത്തെ വെള്ളി ആഭരണ നിര്‍മാണം 2022 ല്‍ ഇരട്ടിച്ചതായി സില്‍വര്‍ ഇന്‍സ്റ്റിറ്യുട്ടിന്റെ റിപ്പോര്‍ട്ട്. ഉയര്‍ന്ന പരിശുദ്ധിയുള്ള വെള്ളി ആഭരണങ്ങളാണ് ചില്ലറ വ്യാപാരികള്‍ കൂടുതല്‍ സ്റ്റോക്ക് ചെയ്തത്.

മറ്റു രാജ്യങ്ങളില്‍ ആവശ്യം കുറവ്
ഇന്ത്യ ഒഴിച്ചുള്ള മിക്ക രാജ്യങ്ങളിലും വെള്ളി ആഭരണങ്ങളുടെ ഡിമാന്‍ഡ് കുറഞ്ഞു. അതില്‍ പ്രധാനമായും മുന്‍ വര്‍ഷങ്ങളില്‍ കൂടുതല്‍ ആഭരണങ്ങള്‍ വിറ്റഴിക്കപ്പെട്ട അമേരിക്ക, ചൈന എന്നിവിടങ്ങളിലാണ്. ചില യൂറോപ്യന്‍ രാജ്യങ്ങളിലും തായ്ലന്‍ഡ്, ഇന്തോനേഷ്യ, തുര്‍ക്കി എന്നിവിടങ്ങളിലുമാണ് വെള്ളി ആഭരണ ആവശ്യത്തില്‍ വര്‍ധന രേഖപ്പെടുത്തിയത്. 2022 ല്‍ ലോക വെള്ളി ആഭരണ നിര്‍മാണം 29 ശതമാനം വര്‍ധിച്ച് 7280 ടണ്ണായി.
അതേസമയം, കേരളത്തില്‍ വെള്ളിയേക്കാള്‍ സ്വര്‍ണ ആഭരണത്തോടാണ് പ്രിയമെങ്കിലും വെള്ളി കൊലുസിനും അരഞ്ഞാണത്തിനും ഡിമാന്‍ഡ് ഉണ്ടെന്ന് ആള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്റ്സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ എസ് അബ്ദുല്‍ നാസര്‍ പറഞ്ഞു.
വിലയും നിക്ഷേപവും ഉയര്‍ന്നു
വെള്ളിയുടെ ലഭ്യത കുറഞ്ഞതിനാല്‍ കഴിഞ്ഞ ഒരു മാസത്തില്‍ അന്താരാഷ്ട്ര വില 12.83 ശതമാനം വര്‍ധിച്ച് ഔണ്‍സിന് 25 ഡോളറിന് മുകളില്‍ എത്തി. ഇന്ത്യന്‍ വിപണിയില്‍ കിലോക്ക് 13 ശതമാനം വില വര്‍ധിച്ച് 76,992 രൂപയായി.
ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം വെള്ളിയുടെ ഭൗതിക നിക്ഷേപം 2470 ടണ്ണായി. 2015 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 188 ശതമാനം വര്‍ധന.
വെള്ളി ആഭരണങ്ങളുടെയും വെള്ളി പാത്രങ്ങളുടെയും ഡിമാന്‍ഡ് വര്‍ധിച്ചതാണ് ഇന്ത്യയില്‍ വില്‍പ്പന വര്‍ധിക്കാന്‍ കാരണം. വെള്ളിയുടെ ഇറക്കുമതി തീരുവ വര്‍ധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നത് കൊണ്ട് ബജറ്റിന് മുന്‍പേ വലിയ നിക്ഷേപകരും കച്ചവടക്കാരും വെള്ളി അധികം വാങ്ങി സൂക്ഷിച്ചിരുന്നു. പ്രതീക്ഷ പോലെ സ്വര്‍ണ ഇറക്കുമതി തീരുവക്ക് ഒപ്പം വെള്ളിയുടെ നിരക്കും 7.5 ശതമാനം ശതമാനത്തില്‍ നിന്ന് 10 ശതമാനമായി വര്‍ധിപ്പിച്ചു.
ഖനനം കുറയുന്നു
വെള്ളിയുടെ ഖനനം വര്‍ധിക്കാത്തത് കൊണ്ടും ആവശ്യകത കുതിച്ച് ഉയരുന്നത് കൊണ്ടും 2022 ല്‍ വെള്ളിയുടെ ലഭ്യത ആവശ്യത്തെക്കാള്‍ 7.393 ടണ്‍ കുറവായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിലെ ഉല്‍പ്പാദന കമ്മി കഴിഞ്ഞ 11 വര്‍ഷത്തെ ഉല്‍പ്പാദന മിച്ചം ഇല്ലാതെയാക്കി. 2023 ല്‍ വെള്ളി ഉല്‍പ്പാദനത്തിലെ കമ്മി 4,419 ടണ്ണായിരിക്കുമെന്ന് കരുതുന്നു.
സില്‍വര്‍ ഇന്‍സ്റ്റിറ്യുട്ടിന്റെ കണക്കുകള്‍ പ്രകാരം 2022 ല്‍ എല്ലാ വിഭാഗങ്ങളിലും ഡിമാന്‍ഡ് വര്‍ധിച്ചു - വ്യവസായിക ഡിമാന്‍ഡ് 5 ശതമാനം, ഭൗതിക നിക്ഷേപം 22 ശതമാനം, ആഭരണ ഡിമാന്‍ഡ് 29 ശതമാനം, വെള്ളിപ്പാത്രങ്ങളുടെ ഡിമാന്‍ഡ് 80 ശതമാനം എന്നിങ്ങനെയാണ് വര്‍ധിച്ചത്. മൊത്തം ആഗോള ഡിമാന്‍ഡ് സര്‍വകാല റെക്കോര്‍ഡ് കൈവരിച്ചു -38643 ടണ്‍. വെള്ളിയുടെ ഖനനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വലിയ മാറ്റം ഇല്ലാതെ 25,578 ടണ്ണായിരുന്നു.
വെള്ളി 2023 ല്‍
വൈദ്യുത വാഹനങ്ങളുടെ നിര്‍മ്മാണം വര്‍ധിക്കുന്നത്, സോളാര്‍ പാനലുകളുടെ ഡിമാന്‍ഡ് വര്‍ധന, 5 ജി ശൃംഖല വികസിക്കുന്നതിനുള്ള വിവിധ ഇലക്ട്രോണിക്ക് ഉപകരണങ്ങളുടെ നിര്‍മാണം ഉയരുന്നത് എന്നിവ വെള്ളിയുടെ ആവശ്യകത ആഗോള തലത്തില്‍ ഉയര്‍ത്തുന്നുണ്ട്.
2023 ല്‍ വെള്ളി ഖനനം 2.4 ശതമാനം വര്‍ധിച്ച് 26193 ടണ്ണാകും. ശരാശരി വില ഔണ്‍സിന് 21.30 ഡോളറാകുമെന്നും സില്‍വര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it