അതി സമ്പന്ന രാജ്യങ്ങളില്‍ പൗരത്വം നേടുന്നവരില്‍ ഇന്ത്യക്കാര്‍ ഒന്നാമത്; പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ

വിദ്യാഭ്യാസവും ജോലിയുമായി വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഇവരില്‍ പലരും പല രാജ്യങ്ങളിലുമായി സ്ഥിര താമസക്കാരുമാകുന്നു. മെഡിക്കല്‍ രംഗത്ത് ജോലി ചെയ്യുന്നവരായിരുന്നു വിദേശ പൗരത്വം നേടുന്നവരില്‍ ഇതുവരെ മുന്നില്‍ നിന്നിരുന്നതെങ്കില്‍ ഇന്ന് ഇന്ത്യയില്‍ നിന്നും വിവിധ മേഖലകളിലേക്ക് ജോലി തേടി പോയി പൗരത്വം നേടുന്നവര്‍ ഏറെയാണെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് (ഒ.ഇ.സി.ഡി) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നത് ലോകത്തിലെ ഏറ്റവും സമ്പന്നരായവർ താമസിക്കുന്ന രാജ്യങ്ങളിലെ പൗരത്വം നേടുന്നവരിൽ ഇന്ത്യക്കാര്‍ മുന്‍നിരയിലാണെന്നാണ്.

ഒ.ഇ.സി.ഡിയുടെ ഇന്റര്‍നാഷണല്‍ മൈഗ്രേഷന്‍ ഔട്ട്ലുക്ക് 2023 റിപ്പോര്‍ട്ട് പ്രകാരം, 1,33,000 ഇന്ത്യക്കാർക്ക് അതി സമ്പന്നരുടെ രാജ്യങ്ങളില്‍ പൗരത്വം ലഭിച്ചു. 2021ല്‍ 4,07,000 ഇന്ത്യക്കാര്‍ ഒ.ഇ.സി.ഡി രാജ്യങ്ങളിലേക്ക് ചേക്കേറിയതായും റിപ്പോര്‍ട്ട് പറയുന്നു. 2020ല്‍ ഇത് 2,20,000 ആയിരുന്നു. അമേരിക്ക (56,000), ഓസ്ട്രേലിയ (24,000), കാനഡ (21,000) എന്നിവിടങ്ങളിലാണ് ഇന്ത്യയിൽ നിന്നും കൂടുതല്‍ കുടിയേറ്റം നടന്നത്.

ഒ.ഇ.സി.ഡിയിലെ ഇന്ത്യക്കാര്‍

38 രാജ്യങ്ങളുടെ ഒരു ഗ്രൂപ്പാണ് ഒ.ഇ.സി.ഡി. രാജ്യത്തെ ആകെ പൗരന്മാരില്‍ ഏറ്റവുമധികം പേര്‍ ഉയര്‍ന്ന വരുമാനക്കാരോ ഹ്യൂമന്‍ ഡെവലപ്മെന്റ് ഇന്‍ഡക്സില്‍ (HDI) വളരെ ഉയര്‍ന്ന റാങ്കുള്ളവരോ താമസിക്കുന്ന ഇടമായിട്ടാണ് ഈ 38 രാജ്യങ്ങളെ കണക്കാക്കുന്നത്.

കാനഡ ഉള്‍പ്പെടെയുള്ള ഒ.ഇ.സി.ഡി രാജ്യങ്ങളിലേക്ക് കുടിയേറി പാര്‍ത്തിട്ടുള്ളവരെ ദേശീയ തലത്തില്‍ തിരിച്ചാല്‍ ഇന്ത്യക്കാര്‍ വലിയൊരു വിഭാഗം വരുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 2021ല്‍ 1,33,000 ഇന്ത്യന്‍ പൗരന്മാര്‍ ഒ.ഇ.സി.ഡി രാജ്യങ്ങളിൽ പൗരത്വം നേടി. ഈ കുടിയേറ്റങ്ങളിൽ ഭൂരിഭാഗവും യു.എസ്, ഓസ്ട്രേലിയ, കാനഡ എന്നിവിടങ്ങളിലാണ് നടന്നതെന്ന് മുന്‍ ട്രെന്‍ഡുകള്‍ കാണിക്കുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ, സമ്പന്ന രാജ്യങ്ങളില്‍ പൗരത്വം നേടുന്ന ഏറ്റവും വലിയ ദേശീയ ഗ്രൂപ്പായി ഇന്ത്യക്കാര്‍ മാറിയപ്പോള്‍ ഏറ്റവുമധികം പേര്‍ക്ക് പൗരത്വം നല്‍കിയ രാജ്യമായി കാനഡ മാറി. അതേസമയം, ഒ.ഇ.സി.ഡിയില്‍ ചൈന, ഇന്ത്യ, വിയറ്റ്നാം, ജര്‍മനി, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം തേടിയെത്തുന്നവരുടെ എണ്ണത്തിലും വലിയ ഉയര്‍ച്ചയുണ്ടായി.

ഗോള്‍ഡന്‍ പാസ്‌പോര്‍ട്ട്

സിറ്റിസണ്‍ഷിപ്പ് ഇന്‍വെസ്റ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം വിദേശ രാജ്യത്ത് വലിയ നിക്ഷേപങ്ങള്‍ നടത്തുന്നവര്‍ക്ക് ലഭിക്കുന്ന ഗോള്‍ഡന്‍ പാസ്പോര്‍ട്ടിന് അപേക്ഷിച്ചവരിലും ഇന്ത്യക്കാര്‍ മുന്നിലാണ്. ഇപ്പോള്‍ 'ഗോള്‍ഡന്‍ പാസ്‌പോര്‍ട്ട്' അപേക്ഷിച്ചിട്ടുള്ളവരില്‍ 9.4 ശതമാനം പേര്‍ ഇന്ത്യക്കാരാണ്. വിദേശ രാജ്യത്ത് പൗരത്വം നേടുകയും അവിടെ സ്വന്തമായി വീടു വാങ്ങുകയും ചെയ്താലും ഗോള്‍ഡന്‍ പാസ്‌പോര്‍ട്ടിന് അര്‍ഹരാകും.

Related Articles
Next Story
Videos
Share it