ഒ.ടി.ടിക്കും ഇന്റര്‍നെറ്റ് പരസ്യങ്ങള്‍ക്കും ഇന്ത്യയില്‍ വന്‍ വളര്‍ച്ചാ സാധ്യത

ഇന്ത്യയുടെ വിനോദ, മാധ്യമ മേഖല 2027ഓടെ 9.48% സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ (സി.എ.ജി.ആര്‍) 68 ലക്ഷം കോടി രൂപ കൈവരിക്കുമെന്ന് പി.ഡബ്ല്യൂ.സി (PricewaterhouseCoopers) റിപ്പോര്‍ട്ട്. ഈ വിഭാഗം മുന്നേറ്റത്തിന്റെ പാതയിലാണെന്ന് 53 പ്രദേശങ്ങളും 13 മേഖലകളും ഉള്‍ക്കൊള്ളുന്ന സമഗ്ര പഠനമായ പി.ഡബ്ല്യൂ.സിയുടെ ഗ്ലോബല്‍ എന്റര്‍ടൈന്‍മെന്റ് & മീഡിയ ഔട്ട്ലുക്ക് 2023-2027 റിപ്പോര്‍ട്ട് വ്യക്താമാക്കുന്നു.

വളര്‍ച്ചയില്‍ ഒ.ടി.ടി, വീഡിയോ ഗെയിം വിപണി

ഒ.ടി.ടി (OTT) വീഡിയോ വരുമാനം 2027 ഓടെ 14.3% സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ 2.88 ലക്ഷം കോടി രൂപയായി ഉയരുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2022ല്‍ ഇത് 1.4 ലക്ഷം കോടിയാണ് രേഖപ്പെടുത്തിയത്. പാക്കിസ്ഥാന് പിന്നാലെ ലോകത്ത് അതിവേഗം വളരുന്ന വീഡിയോ ഗെയിം വിപണിയാണ് ഇന്ത്യ. ശ്രദ്ധേയമായ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്ന ഈ മേഖലയുടെ വരുമാനം 19.4% ഉയര്‍ന്ന് 3.46 ലക്ഷം കോടി രൂപയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2022ല്‍ ഇന്ത്യയുടെ മൊത്തം വീഡിയോ ഗെയിമുകളുടെയും എസ്പോര്‍ട്സിന്റെയും വരുമാനം 1.40 ലക്ഷം കോടി രൂപയായിരുന്നു.

പരസ്യങ്ങളും സിനിമയും

ഇന്റര്‍നെറ്റ് പരസ്യങ്ങള്‍ 2022ലെ 3.63 ലക്ഷം കോടി രൂപയില്‍ നിന്ന് 12.3% വളര്‍ച്ചയില്‍ 2027 ഓടെ 6.51 ലക്ഷം കോടി രൂപയിലെത്തുകയും ടിവി പരസ്യങ്ങളുടെ വിപണി 2022ലെ 3.87 ലക്ഷം കോടിയില്‍ നിന്ന് 6.4% വര്‍ധിച്ച് 2027ല്‍ 5.36 ലക്ഷം കോടി രൂപയിലെത്തുുമെന്നും പി.ഡബ്ല്യു.സി റിപ്പോര്‍ട്ട് പറയുന്നു. ഇതോടെ യു.എസ്, ജപ്പാന്‍, ചൈന എന്നിവയ്ക്ക് ശേഷം ആഗോളതലത്തില്‍ ഏറ്റവും വലിയ നാലാമത്തെ ടിവി പരസ്യ വിപണിയായി ഇന്ത്യ മാറും. സിനിമാ വരുമാനം 2027-ഓടെ 1.89 ലക്ഷം കോടി രൂപയായി ഉയരുമെന്ന് പ്രവചിക്കുന്നു.

ഇന്ത്യയുടെ പുസ്തക വിപണി

പത്രങ്ങളും മാസികകളും ഉള്‍പ്പടെയുള്ള ഇന്ത്യയുടെ പുസ്തക വിപണി 2022ലെ മൊത്തം വരുമാനമായ 90,783 കോടി രുപയില്‍ നിന്ന് 2027 ല്‍ 1.07 ലക്ഷം കോടി രൂപ കൈവരിക്കും. ഇലക്ട്രോണിക് പുസ്തക മേഖലയില്‍ ശ്രദ്ധേയമായ വര്‍ധനവുണ്ടാകും.അതേസമയം അച്ചടി മേഖലയില്‍ മിതമായ വളര്‍ച്ചയായിരിക്കും. എന്നിരുന്നലും മൊത്തം വരുമാനത്തിന്റെ 80.1 ശതമാനത്തോടെ പ്രിന്റ് വിഭാഗം ഇപ്പോഴും ഇന്ത്യന്‍ വിപണിയില്‍ ആധിപത്യം പുലര്‍ത്തുന്നുണ്ടന്നണ്ട്. രാജ്യത്തിന്റെ മൊത്തത്തിലുള്ള സംഗീതം, റേഡിയോ, പോഡ്കാസ്റ്റ് വിപണിയുടെ വരുമാനം 2022ല്‍ 82,530 കോടി രൂപയായിരുന്നു. ഇത് 2027ല്‍. 1.23 ലക്ഷം കോടി എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

നിര്‍മിത ബുദ്ധിയും മെറ്റവേഴ്‌സും

നിര്‍മിത ബുദ്ധി (AI),മെഷീന്‍ ലേണിംഗ് (ML), മെറ്റവേഴ്‌സ് തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകള്‍ സ്വീകരിച്ചുകൊണ്ട് വ്യവസായം വലിയൊരു മാറ്റത്തിലേക്ക് നീങ്ങുകയാണെന്ന് പി.ഡബ്ല്യൂ.സി ഇന്ത്യ ചീഫ് ഡിജിറ്റല്‍ ഓഫീസറും ടെക്‌നോളജി, മീഡിയ & ടെലികോം മേധാവിയുമായ മന്‍പ്രീത് സിംഗ് അഹൂജ പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന മൊബൈലിന്റെ സ്വീകാര്യതയും ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ വര്‍ധിച്ച ഉപയോഗവും ഈ വിഭാഗത്തില്‍ പുതിയ വഴികള്‍ തുറക്കുന്നതിനൊപ്പം മെച്ചപ്പെട്ട വളര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന്് പി.ഡബ്ല്യു.സി ഇന്ത്യ, എന്റര്‍ടൈന്‍മെന്റ് & മീഡിയ പാര്‍ട്ണറും ലീഡറുമായ റജിബ് ബസു പറഞ്ഞു.

Related Articles
Next Story
Videos
Share it