ആദ്യ ത്രീഡി പ്രിന്റഡ് പോസ്റ്റ് ഓഫീസ് ബാംഗളൂരുവില്‍, 45 ദിവസം കൊണ്ട് നിര്‍മാണം

രാജ്യത്തെ ആദ്യ ത്രീ-ഡി പ്രിന്റഡ് പോസ്റ്റ് ഓഫീസ് (3D printed Post Office) ബാംഗളൂരില്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്തു. എന്‍ജിനീയറിംഗ്-കണ്‍സ്ട്രക്ഷന്‍ രംഗത്തെ മുന്‍നിര കമ്പനിയായ എല്‍&ടിയാണ് 1,000 ചതുരശ്ര അടിയുള്ള കെട്ടിടം നിര്‍മിച്ചത്. 45 ദിവസം കൊണ്ട് കെട്ടിടം പൂര്‍ത്തിയായി.

ബില്‍ഡിംഗ് മെറ്റീരിയല്‍സ് ആന്റ് ടെക്‌നോളജി പ്രമോഷന്‍ കൗണ്‍സില്‍ (BMTPC) അംഗീകാരം നല്‍കിയ സാങ്കേതികവിദ്യ അനുസരിച്ച് മദ്രാസ് ഐ.ഐ.ടിയാണ് രൂപകല്‍പ്പന നിര്‍വഹിച്ചിരിക്കുന്നത്.

ത്രീ-ഡി പ്രിന്റിംഗ്

3ഡി ഡിജിറ്റല്‍ പ്ലാനും ഉപകരണവും ഉപയോഗിച്ചുള്ള നൂതന സാങ്കേതിക വിദ്യയാണ് 3ഡി പ്രിന്റിംഗ്. കംപ്യൂട്ടറില്‍ അപ്‌ലോഡ് ചെയ്യുന്ന കെട്ടിടത്തിന്റെ 3ഡി ഡിസൈന്‍ അനുസരിച്ച്, നിര്‍മാണ സാമഗ്രികള്‍ നിറച്ച ത്രീ-ഡി പ്രിന്റിംഗ് ഉപകരണമാണ് കെട്ടിടത്തിന്റെ ഭാഗങ്ങള്‍ നിര്‍മിക്കുക. കട്ടകള്‍ ഉപയോഗിക്കുന്നതിനു പകരം പ്രത്യേകം തയ്യാറാക്കിയ കോണ്‍ക്രീറ്റ് മിശ്രിതമുപയോഗിച്ചാണ് നിര്‍മാണം. മെഷീന്‍ നിര്‍മിതമായതിനാല്‍ ഒരേ തരത്തിലുള്ള നിര്‍മാണങ്ങള്‍ ചെലവു കുറച്ച് ചെയ്യാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. സങ്കീര്‍ണമായ രൂപകല്‍പ്പനയും എളുപ്പത്തില്‍ നിര്‍മിക്കാനാകും.

കേരളത്തിലും അടുത്തിടെ നിര്‍മിത കേന്ദ്രയുടെ നേതൃത്വത്തില്‍ ത്രീ-ഡി പ്രിന്റിംഗ് ടെക്‌നോളജി ഉപയോഗിച്ചുള്ള കെട്ടിട നിര്‍മാണം ആരംഭിച്ചിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it