

ഇന്ത്യയിലെ ഏക ലിസ്റ്റഡ് സ്വര്‍ണ ഖനന, പര്യവേക്ഷണ കമ്പനിയുമായ ഡെക്കാന്‍ ഗോള്‍ഡ് മൈന്‍സ് ഖനനം തുടങ്ങുമെന്ന് പ്രഖ്യാപിച്ചതോടെ ഓഹരിയില്‍ മുന്നേറ്റം. ഓഹരി വില രണ്ട് ദിവസം കൊണ്ട് 91 രൂപയില്‍ നിന്ന് 100.29 രൂപയായി. ഇന്നും നാല് ശതമാനം ഉയര്‍ന്നാണ് ഓഹരി വ്യാപാരം നടത്തുന്നത്.
ജിയോ മൈസൂര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ആന്ധ്രയിലെ ജോന്നാഗിരിയില്‍ ഖനി വികസിപ്പിക്കുന്നത്. ഈ കമ്പനിയില്‍ ഡെക്കാന്‍ ഗോള്‍ഡ് മൈന്‍സിന് 40% ഓഹരി പങ്കാളിത്തമുണ്ട് (മൊത്തം നിക്ഷേപം 28.50 കോടി രൂപ). നിലവില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ സ്വര്‍ണ ഉത്പാദനം നടത്തുന്നുണ്ട്. 2024 ഡിസംബറില്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകും. ഇപ്പോള്‍ മാസം 1 കിലോ സ്വര്‍ണം ഉത്പാദിപ്പിക്കുന്നുണ്ട്. പൂര്‍ണമായി പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ പ്രതിമാസം 750 കിലോ സ്വര്‍ണം ഉത്പാദിപ്പിക്കാന്‍ കഴിയും.
ആന്ധ്രയില്‍ കുര്‍ണൂല്‍ ജില്ലയില്‍ 2013ലാണ് സ്വര്‍ണ ഖനി വികസിപ്പിക്കാനുള്ള അനുമതി ലഭിച്ചത്. മൊത്തം 200 കോടി രൂപയുടെ മൂലധന ചെലവ് നടത്തിയിട്ടുണ്ട്.
ഡെക്കാന്‍ ഗോള്‍ഡ് മൈന്‍സ്
2003ല്‍ സ്ഥാപിതമായ ഡെക്കാന്‍ ഗോള്‍ഡ് മൈന്‍സ് ഖനന, പര്യവേക്ഷണ രംഗത്ത് ആഴത്തില്‍ വേരുകള്‍ ഉള്ള കമ്പനിയാണ്. ഇന്ത്യയിലും വിദേശത്തുമായി നിരവധി ഖനന പദ്ധതികളില്‍ പങ്കാളിത്തമുണ്ട്. കര്‍ണാടകയില്‍ ധാര്‍വാര്‍ മേഖലയില്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്താന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ദുബൈയില്‍ ധാതു പര്യവേക്ഷണ കണ്‍സള്‍ട്ടന്‍സി വെര്‍ട്ടിക്കല്‍ നടത്തുന്നതിനായി ഡെക്കാന്‍ ഗോള്‍ഡ് എഫ്.ഇസഡ്.സി.ഒ (FZCO) എന്ന ഉപകമ്പനിയും സ്ഥാപിച്ചിട്ടുണ്ട്. ആഫ്രിക്ക, ഗള്‍ഫ്, കോമണ്‍ വെല്‍ത്ത് രാജ്യങ്ങളില്‍ ഖനനം, പര്യവേക്ഷണ പദ്ധതികള്‍ക്ക് സാങ്കേതിക സഹായം നല്‍കുന്നത് ദുബൈയിലെ ഉപ കമ്പനിയാണ്. കിര്‍ഗിസ്ഥാനില്‍ ഒരു സ്വര്‍ണ ഖനിയില്‍ ഡെക്കാന്‍ മൈന്‍സിന് 60% ഓഹരി പങ്കാളിത്തം ഉണ്ട്. അവിടെ ഉത്പാദനം 2024 ഒക്ടോബര്‍-നവംബറില്‍ ആരംഭിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine