വിലക്കയറ്റം വലച്ചു; സ്വര്‍ണ ഡിമാന്‍ഡില്‍ ഇടിവ്

സ്വര്‍ണ (Gold) ഉപഭോഗത്തില്‍ ലോകത്തെ രണ്ടാംസ്ഥാനക്കാരായ ഇന്ത്യയില്‍ നടപ്പുവര്‍ഷം (2023-24) ഏപ്രില്‍-ജൂണ്‍പാദത്തില്‍ ഡിമാന്‍ഡ് വന്‍തോതില്‍ കുറഞ്ഞെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ (WGC) റിപ്പോര്‍ട്ട്.

മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 170.7 ടണ്ണില്‍ നിന്ന് 158.1 ടണ്ണായാണ് ഡിമാന്‍ഡ് കുറഞ്ഞത്. റെക്കോഡ് വിലക്കയറ്റമാണ് തിരിച്ചടിയായതെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മേയില്‍ രാജ്യാന്തര സ്വര്‍ണ വില ഔണ്‍സിന് 2,060 ഡോളറിലേക്ക് കുതിച്ചുയര്‍ന്നിരുന്നു. കേരളത്തില്‍ വില പവന് എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 45,760 രൂപയിലും എത്തിയിരുന്നു.
മൂല്യം കണക്കാക്കിയാല്‍ 82,530 കോടി രൂപയില്‍ നിന്ന് 79,270 കോടി രൂപയിലേക്കാണ് കഴിഞ്ഞപാദത്തില്‍ ഡിമാന്‍ഡ് താഴ്ന്നത്.
ആഭരണങ്ങള്‍ക്കും തിരിച്ചടി
കഴിഞ്ഞപാദത്തില്‍ ആഭരണ ഡിമാന്‍ഡ് 140.3 ടണ്ണില്‍ നിന്ന് 128.6 ടണ്ണായി കുറഞ്ഞു. 67,120 കോടി രൂപയില്‍ നിന്ന് 65,140 കോടി രൂപയിലേക്കാണ് മൂല്യം ഇടിഞ്ഞത്.
സ്വര്‍ണ നിക്ഷേപം 30.4 ടണ്ണില്‍ നിന്ന് കുറഞ്ഞ് 29.5 ടണ്ണായി. എന്നാല്‍, വില വര്‍ദ്ധന മൂലം നിക്ഷേപ മൂല്യം 14,140 കോടി രൂപയില്‍ നിന്ന് 9 ശതമാനം വര്‍ദ്ധിച്ച് 15,410 കോടി രൂപയായിട്ടുണ്ട്.
റിസര്‍വ് ബാങ്കും വാങ്ങല്‍ കുറച്ചു
കഴിഞ്ഞപാദത്തില്‍ 10 ടണ്‍ സ്വര്‍ണമാണ് റിസര്‍വ് ബാങ്ക് കരുതല്‍ ശേഖരത്തിലേക്ക് കൂട്ടിച്ചേര്‍ത്തത്. 2022ലെ സമാനത്തില്‍ 15 ടണ്‍ വാങ്ങിയിരുന്നു. നിലവില്‍ റിസര്‍വ് ബാങ്കിന്റെ കരുതല്‍ ശേഖരത്തിലുള്ള ആകെ സ്വര്‍ണം 797.4 ടണ്ണാണ്.
2,000 ഏശിയില്ല
റിസര്‍വ് ബാങ്ക് കഴിഞ്ഞ മേയ് 19നാണ് 2,000 രൂപാ നോട്ട് പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചത്. അന്നും തുടര്‍ന്നുള്ള ഏതാനും ദിവസങ്ങളിലും 2,000 രൂപാ നോട്ടുകള്‍കൊണ്ട് സ്വര്‍ണം വാങ്ങാന്‍ ഉപയോക്താക്കള്‍ തിരിക്ക് കൂട്ടിയിരുന്നു. എന്നാല്‍, നിശ്ചിത തുകയ്ക്കുമേലുള്ള ഇടപാടുകള്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ നിര്‍ബന്ധമാക്കുന്നത് ഉള്‍പ്പെടെയുള്ള നിയന്ത്രണം വന്നതോടെ ഡിമാന്‍ഡ് വീണ്ടും താഴ്ന്നു.
Related Articles
Next Story
Videos
Share it