ഉത്സവകാല ഡിമാന്‍ഡ് തിമിര്‍ത്തു; സ്വര്‍ണം വാങ്ങിക്കൂട്ടി ഇന്ത്യ

ഉത്സവകാലത്തിന് മുന്നോടിയായി ഒക്ടോബറില്‍ ഇന്ത്യ ഇറക്കുമതി ചെയ്തത് 123 ടണ്‍ സ്വര്‍ണം. കഴിഞ്ഞ 31 മാസത്തിനിടയിലെ ഏറ്റവും വലിയ പൊന്നിന്‍ ഇറക്കുമതിയാണിത്. ദീപാവലി, നവരാത്രി, ദസറ ആഘോഷങ്ങളോട് അനുബന്ധിച്ച് ആഭരണങ്ങള്‍ക്ക് ഡിമാന്‍ഡ് ഏറിയതാണ് സ്വര്‍ണ ഇറക്കുമതി കൂടാനും വഴിയൊരുക്കിയത്. 2022ലെ ഒക്ടോബറില്‍ 77 ടണ്ണായിരുന്നു ഇറക്കുമതി; 60 ശതമാനമാണ് കഴിഞ്ഞമാസത്തെ വര്‍ധന.

കഴിഞ്ഞ ഒരു ദശാബ്ദമെടുത്താല്‍ ഓരോ വര്‍ഷവും ഒക്ടോബറിലെ ശരാശരി സ്വര്‍ണ ഇറക്കുമതി 66 ടണ്ണായിരുന്നു. ഈ ട്രെന്‍ഡ് മറികടന്നുള്ള ഇറക്കുമതി കുതിപ്പാണ് കഴിഞ്ഞമാസം കണ്ടത്.
ഇറക്കുമതി മൂല്യം ഇരട്ടിയായി
2022 ഒക്ടോബറിലെ സ്വര്‍ണ ഇറക്കുമതിച്ചെലവ് 370 കോടി ഡോളറായിരുന്നു (ഏകദേശം 31,000 കോടി രൂപ). ഈ വര്‍ഷം ഒക്ടോബറില്‍ സ്വര്‍ണം ഇറക്കുമതിക്കായി ഇന്ത്യ ചെലവിട്ടതാകട്ടെ 723 കോടി ഡോളറാണ് (60,000 കോടി രൂപ), അതായത് ഇരട്ടിയോളം തുക!
ആശങ്കപ്പെടണം!
സ്വര്‍ണാഭരണങ്ങള്‍ക്ക് ഡിമാന്‍ഡേറുന്നതും കച്ചവടം ഉഷാറാകുന്നതും രാജ്യത്തെ ആഭരണ വിപണിക്ക് നേട്ടമാണ്. പക്ഷേ, ഇന്ത്യയുടെ വ്യാപാരക്കമ്മി, കറന്റ് അക്കൗണ്ട് കമ്മി എന്നിവ കൂടാന്‍ വലിയ പങ്ക് സ്വര്‍ണം ഇറക്കുമതി വഹിക്കുന്നു എന്ന ആശങ്കയുണ്ട്.
ലോകത്തെ രണ്ടാമത്തെ വലിയ സ്വര്‍ണ ഉപഭോഗ രാജ്യമാണ് ഇന്ത്യ. രാജ്യാന്തര സ്വര്‍ണ വ്യാപാരം നടക്കുന്നത് ഡോളറിലാണ്. സ്വര്‍ണം വാങ്ങാന്‍ വന്‍തോതില്‍ ഡോളര്‍ ചെലവഴിക്കുന്നത് വ്യാപാര, കറന്റ് അക്കൗണ്ട് കമ്മികള്‍ കൂടാനിടയാക്കും.
രാജ്യത്തിന്റെ മൊത്തം ഉത്പന്ന ഇറക്കുമതിച്ചെലവും കയറ്റുമതി വരുമാനവും തമ്മിലെ അന്തരമാണ് വ്യാപാരക്കമ്മി (trade deficit). വിദേശ നാണയ വരുമാനവും വിദേശ നാണയ ചെലവും തമ്മിലെ അന്തരമാണ് കറന്റ് അക്കൗണ്ട് കമ്മി (current account deficit). സ്വര്‍ണം വാങ്ങാനായി ഡോളറിന്റെ ആവശ്യകത കൂടുന്നത് രൂപയുടെ മൂല്യം കുറയാനും ഇടവരുത്തും. കമ്മികള്‍ കൂടുന്നതും രൂപ ദുര്‍ബലമാകുന്നതും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും ആഘാതം സൃഷ്ടിക്കും.
Related Articles
Next Story
Videos
Share it