Apple Iphone
Apple IphoneImage courtesy: apple

ഐഫോണാണ് താരം! ഇലക്ട്രോണിക്‌സ് മേഖല കുതിക്കുമ്പോള്‍ ഐഫോണിന്റെ വിഹിതം 1.5 ട്രില്യണ്‍ രൂപയോളം

മൊബൈല്‍ ഫോണുകളുടെ കയറ്റുമതിയില്‍ 61 ശതമാനം വളര്‍ച്ച
Published on

2024-2025ല്‍ കയറ്റുമതി രംഗത്ത് മൂന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണ് ഇലക്ട്രോണിക്‌സ് മേഖല. 36 ശതമാനം വളര്‍ച്ചനേടി ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ്, ജെം ആന്‍ഡ് ജൂവല്‍റി മേഖലകളെ മറികടന്നാണ് 38.6 ബില്യണ്‍ ഡോളര്‍ (3.27 ട്രില്യണ്‍ രൂപ) മൂല്യത്തോടെ ഇലക്ട്രോണിക്‌സ് രംഗം കയറ്റുമതി രംഗത്ത് മൂന്നാമത് എത്തിയിരിക്കുന്നത്. 9.86 ട്രില്യണ്‍ രൂപ മൂല്യത്തോടെ എന്‍ജിനീയറിംഗ് ചരക്കുകളും 5.34 ട്രില്യണ്‍ രൂപ മൂല്യത്തോടെ പെട്രോളിയം ചരക്കുകളുമാണ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുന്നത്. തൊട്ടുമുന്‍വര്‍ഷം പട്ടികയില്‍ അഞ്ചാം സ്ഥാനത്തായിരുന്നു ഇലക്ട്രോണിക്‌സ്.

മൊബൈല്‍ ഫോണ്‍ കയറ്റുമതിയില്‍ കുതിപ്പ്

ഇലക്ട്രോണിക്‌സ് മേഖലയുടെ കുതിച്ചുചാട്ടത്തിന് മുഖ്യ കാരണം മൊബൈല്‍ ഫോണ്‍ രംഗത്തെ വളര്‍ച്ചയാണ്. 61 ശതമാനം വളര്‍ച്ചയോടെ രണ്ട് ട്രില്യണ്‍ രൂപയാണ് മൊബൈല്‍ ഫോണ്‍ മേഖലയുടെ മാത്രം സംഭാവന. ഇതില്‍ ഐഫോണിന്റെ വിഹിതം ഏതാണ്ട് 1.5 ട്രില്യണ്‍ രൂപ വരും. മൊത്തം ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ 45.8 ശതമാനവും ഐഫോണാണ്. ചൈനയ്ക്ക് ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തിയതോടെ വരും മാസങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള ഐ ഫോണ്‍ കയറ്റുമതി ഇനിയും കുത്തനെ കൂടാനാണ് സാധ്യത.

നികുതിയില്‍ സമഗ്ര മാറ്റം വേണം

ഇലക്ട്രോണിക്‌സ് മേഖലയെ പ്രതിനിധീകരിക്കുന്ന വ്യവസായ സംഘടനകള്‍ ഈ നേട്ടത്തില്‍ സന്തോഷം പ്രകടിപ്പിക്കുന്നുണ്ട്. അതേസമയം, 2030ല്‍ 500 ബില്യണ്‍ യുഎസ് ഡോളറിന്റെ കയറ്റുമതി എന്ന പ്രധാനമന്ത്രിയുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ നികുതിയുടെ കാര്യത്തില്‍ സമഗ്രമായ നയമാറ്റങ്ങളും തീരുവയില്‍ മാറ്റങ്ങളും മികച്ച വ്യാവസായിക പശ്ചാത്തല സൗകര്യങ്ങളും അനിവാര്യമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

(ധനം മാഗസിന്‍ 2025 മെയ് 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.)

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com