ഉല്‍പാദന മേഖലയിലെ വളര്‍ച്ച വീണ്ടുമിടിഞ്ഞു

ഉല്‍പാദന മേഖലയിലെ  വളര്‍ച്ച വീണ്ടുമിടിഞ്ഞു
Published on

ഇന്ത്യയുടെ ഉല്‍പാദന മേഖലയിലെ വളര്‍ച്ച ജനുവരിയില്‍ എട്ടു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ ശേഷം ഫെബ്രുവരിയില്‍ മന്ദഗതിയിലായതായി സര്‍വേ റിപ്പോര്‍ട്ട്. കൊറോണ വൈറസ് ആഘാതം, കയറ്റുമതിയിലെയും വിതരണ ശൃംഖലയിലെയും മാന്ദ്യം എന്നിവയാണ് കാരണങ്ങള്‍.

400 ഓളം നിര്‍മ്മാതാക്കളുടെ പുതിയ ഓര്‍ഡറുകള്‍, ഔട്ട്പുട്ട്, ജോലികള്‍, വിതരണക്കാരുടെ ഡെലിവറി സമയം, വാങ്ങലുകള്‍ എന്നിവ വിലയിരുത്തിയാണ് ഡാറ്റ അനലിറ്റിക്‌സ് സ്ഥാപനമായ ഐഎച്ച്എസ് മാര്‍ക്കിറ്റ് ഇതു സംബന്ധിച്ച സര്‍വേ നടത്തിയത്. മാനുഫാക്ചറിംഗ് പര്‍ച്ചേസിംഗ് മാനേജര്‍മാരുടെ സൂചിക (പിഎംഐ) ഫെബ്രുവരിയില്‍ 54.5 ആയാണ് കുറഞ്ഞത്. ജനുവരിയില്‍ ഇത് 55.3 ആയിരുന്നു. ഡിസംബറില്‍ രേഖപ്പെടുത്തിയത് 52.7 ഉം. 50 ന് മുകളിലുള്ള സൂചിക വിപുലീകരണത്തെ സൂചിപ്പിക്കുന്നു.

ആഭ്യന്തര, അന്തര്‍ദേശീയ വിപണികളില്‍ നിന്ന് ഫെബ്രുവരിയില്‍ ഇന്ത്യയിലെ ഫാക്ടറികളിലേക്ക് ഭേദപ്പെട്ട നിലയില്‍ ഓര്‍ഡര്‍ പ്രവാഹമുണ്ടായിരുന്നു. എന്നിരുന്നാലും, കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടത് കയറ്റുമതിക്കും വിതരണ ശൃംഖലയ്ക്കും ഭീഷണിയായി. നിര്‍മ്മാതാക്കള്‍ ഇതോടെ അതീവ ജാഗ്രതയിലായി. ബിസിനസുകള്‍ക്ക് ആത്മവിശ്വാസം കുറഞ്ഞു. ഇത് ജോലിക്കാരുടെ എണ്ണം നിയന്ത്രിക്കാനിടയാക്കി - ഐഎച്ച്എസ് മാര്‍ക്കിറ്റിലെ പ്രധാന സാമ്പത്തിക ശാസ്ത്രജ്ഞ പോളിയാന ഡി ലിമ പറഞ്ഞു.

ഇതിനിടയിലും ഫെബ്രുവരിയില്‍ ചരക്ക് സേവന നികുതി പിരിവ് തുടര്‍ച്ചയായി നാലാം മാസത്തില്‍ ഒരു ലക്ഷം കോടി രൂപ മറികടന്നു, ജനുവരിയിലേതിനേക്കാള്‍ വളരെ കുറവാണെങ്കിലും.അതേസമയം, രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഡിസംബര്‍ പാദത്തില്‍ ആറു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്-4.7 ശതമാനം. വീണ്ടെടുക്കലിന്റെ വ്യക്തമായ സൂചനളില്ലെന്നാണ് ഇതെല്ലാം ചേര്‍ത്തുവായിക്കുമ്പോള്‍ സൂചനയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.ഡിമാന്‍ഡ് വര്‍ദ്ധിക്കുമെന്ന് നിര്‍മ്മാതാക്കള്‍ പ്രതീക്ഷിച്ചെങ്കിലും, ശുഭാപ്തിവിശ്വാസം ജനുവരി മുതല്‍ ദുര്‍ബലമായി. കൊറോണ വൈറസ് പകര്‍ച്ചവ്യാധി കയറ്റുമതിയിലും വിതരണ ശൃംഖലയിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്ക മൂലമാണിതു സംഭവിച്ചതെന്ന് ഐഎച്ച്എസ് മാര്‍ക്കിറ്റ് ചൂണ്ടിക്കാട്ടുന്നു.

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ നിര്‍മ്മാണ മേഖലയ്ക്ക് വന്‍ ഇടിവ് നേരിട്ടതിന്റെ കണക്കുകള്‍ കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നു.ഈ മേഖലയിലുണ്ടായത് 0.3 ശതമാനം മാത്രം വളര്‍ച്ചയാണ്. ഒന്നാം പാദത്തില്‍ 5.5 ശതമാനം വളര്‍ച്ച നേടിയ മേഖല രണ്ടാം പാദത്തില്‍ 2.9 ശതമാനമാണ് വളര്‍ച്ച നേടിയത്.

കാര്‍ഷിക മേഖലയില്‍ സ്ഥിരതയോടെയുള്ള മുന്നേറ്റമാണ് പ്രകടമായത്. മൂന്നാം പാദത്തില്‍ 3.5 ശതമാനം വളര്‍ച്ച നേടിയിരുന്നു. 2.8 ശതമാനം, 3.1 ശതമാനം എന്നിങ്ങനെയായിരുന്നു ആദ്യ രണ്ട് പാദങ്ങളിലെ വളര്‍ച്ച. മാനുഫാക്ചറിങ് രംഗത്ത് - 0.2 ശതമാനമാണ് മൂന്നാം പാദത്തിലെ വളര്‍ച്ച. സേവന മേഖലയില്‍ തുടര്‍ച്ചയായ രണ്ടാം പാദത്തിലും ഇടിവുണ്ടായി. 6.2 ശതമാനമാണ് ഡിസംബറില്‍ അവസാനിച്ച പാദത്തിലെ വളര്‍ച്ച. രണ്ടാം പാദത്തെ അപേക്ഷിച്ച് സര്‍ക്കാര്‍ ചെലവഴിച്ച തുകയിലും ഇടിവുണ്ടായി. 10.1 ശതമാനത്തില്‍ നിന്ന് 9.7 ശതമാനമായാണ് ഈ തുക ഇടിഞ്ഞത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ 5.6 ശതമാനമായിരുന്നു ജിഡിപി വളര്‍ച്ചാ നിരക്ക്. ഇത്തവണ ഇത് 4.7 ശതമാനമായി. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 4.5 ശതമാനമായിരുന്നു ജിഡിപി വളര്‍ച്ച. നേരിയ മുന്നേറ്റം നേടാനായെങ്കിലും ഇതിനിടെ കൊറോണ വൈറസ് പുതിയ പ്രതിബന്ധം തീര്‍ക്കുന്നു.അതേസമയം, ഈ വര്‍ഷം തന്നെ ജിഡിപി വളര്‍ച്ചാ നിരക്ക് 7.6 % ആയി ഉയര്‍ത്തും എന്ന അവകാശ വാദത്തില്‍ നിന്ന് ധനമന്ത്രാലയം പിന്മാറുന്നതിന്റെ ലക്ഷണവുമില്ല.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com