ഒരു രാത്രി താമസിക്കാന്‍ ₹2 ലക്ഷം; ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ഹോട്ടല്‍

''ഒരു രാത്രി താമസിക്കാന്‍ രണ്ട് ലക്ഷം രൂപ''! രാജകൊട്ടാരത്തിലെ താമസത്തിന്റെ കാര്യമാണോ പറയുന്നത് എന്ന് സംശയം തോന്നേണ്ട. ഇത് ഇന്ത്യയിലെ ഏറ്റവും വില പിടിപ്പുള്ള ഹോട്ടല്‍ മുറിയുടെ ഒരു രാത്രിയുടെ വാടകയാണ്. ആഡംബര ഹോട്ടലുകളുടെ പറുദീസയായ രാജസ്ഥാനില്‍ 'ഇന്റിമേറ്റ് ലക്ഷ്വറി ഹോട്ടല്‍ ബ്രാന്‍ഡ്' ആയ പോസ്റ്റ്കാര്‍ഡ് ഹോട്ടല്‍ ആരംഭിക്കുന്ന പുതിയ ഹോട്ടലിന്റെ ചാര്‍ജാണിത്.

ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് പോസ്റ്റ്കാര്‍ഡ് ഹോട്ടല്‍ സ്ഥാപക സി.ഇ.ഒ ആയ കപില്‍ ചോപ്ര പുതിയ ഹോട്ടല്‍ സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്. 1.95 ലക്ഷം രൂപയും നികുതിയുമാണ് റൺ ഥം ഭോർ വനമേഖലയിലുള്ള ഈ ഹോട്ടലില്‍ ഒറ്റ രാത്രി താമസിക്കാന്‍ നല്‍കേണ്ടി വരിക.

കടുവകള്‍ ഏറെ കാണപ്പെടുന്ന റൺ ഥം ഭോർ ജംഗിള്‍ സഫാരി പ്രശസ്തമാണ്. ഒബ്‌റോയ് ഗ്രൂപ്പിന്റെ 'വന്യവിലാസ്' എന്ന ആഡംബര ഹോട്ടല്‍ ഈ വനത്തിലാണ്. ഇവിടെ ദിവസ വാടക 98,000 രൂപയാണ്. ഒബ്‌റോയ് ഹോട്ടല്‍സിന്റെ മുന്‍ പ്രസിഡന്റ് ആണ് പോസ്റ്റ്കാര്‍ഡ് ഹോട്ടലിന്റെ ഉടമ കപില്‍ ചോപ്ര.

അത്യാഡംബര ഹോട്ടല്‍ ശൃംഖല വിപുലമാക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് പോസ്റ്റ്കാര്‍ഡ് ഹോട്ടല്‍ ഗ്രൂപ്പ്. റൺ ഥം ഭോറിലെ ഈ പുതിയ ഹോട്ടല്‍ കൂടാതെ തിരുപ്പതി, ഗോവ, മഷോബ്ര, ഹിമാലയത്തിലെ കന ടൈഗര്‍ റിസര്‍വ് എന്നിവിടങ്ങളിലും ആഡംബര ഹോട്ടലുകള്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണെന്നും ചോപ്ര വ്യക്തമാക്കി.

വന്‍ പദ്ധതികള്‍

ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള താമസമൊരുക്കുന്ന ഈ ഹോട്ടിലിനും ഏറെ പ്രത്യേകതകളാണുള്ളത്. ഓരോ ഫ്‌ളാറ്റിന്റെ അത്ര വലുപ്പമുള്ളതായിരിക്കും ഈ ഹോട്ടലിലെ മുറികളും. 14 മുറികളും 1,950 സ്‌ക്വയര്‍ഫീറ്റില്‍ പ്രൈവറ്റ് പൂള്‍ ഉള്‍പ്പെടെയായിരിക്കും ഒരുക്കുക. അത്യാഡംബര ഹോട്ടലുകളുടെ ആര്‍ക്കിട്ടെക്റ്റ് ആയ ലൂക്കാ ഫ്രാങ്കോ ആദ്യമായി ഇന്ത്യയില്‍ ചെയ്യുന്ന പദ്ധതി ആയിരിക്കും റൺ ഥം ഭോറിലെ ഈ ഹോട്ടല്‍.

പുതിയ പദ്ധതികളുമായി ആഗോള തലത്തിലും സാന്നിധ്യം വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പോസ്റ്റ് കാര്‍ഡ് ഹോട്ടല്‍സ്. കമ്പനി നിലവില്‍ കൈകാര്യം ചെയ്യുന്ന ആസ്തി 1,563 കോടിരൂപയില്‍ നിന്ന് 2,672 കോടി രൂപയായിട്ടുണ്ട്. ഇത് 100 കോടി ഡോളറാക്കുകയാണ് ലക്ഷ്യം (8,300 കോടി രൂപ).

Related Articles
Next Story
Videos
Share it