അടുത്ത ശമ്പളത്തില്‍ വലിയ മാറ്റം, എല്ലാവര്‍ക്കും കൈയില്‍ കിട്ടുന്നതു കുറയും, എന്താണ് കാരണം?

മുമ്പ് സ്ഥാപനങ്ങള്‍ അടിസ്ഥാന ശമ്പളം കുറച്ച്, അലവന്‍സ് കൂട്ടി പി.എഫ്, ഗ്രാറ്റുവിറ്റി എന്നിവ കുറക്കാറുണ്ടായിരുന്നു. ഇനി അത് സാധിക്കില്ല
Salary  
Salary  
Published on

2026 ഏപ്രില്‍ 1 മുതല്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ പുതിയ തൊഴില്‍ നിയമ പരിഷ്‌കാരങ്ങള്‍, രാജ്യത്തെ ലക്ഷക്കണക്കിന് ജീവനക്കാരുടെ ശമ്പള ഘടനയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. ഇതിന്റെ ഫലമായി, പലര്‍ക്കും കൈയില്‍ കിട്ടുന്ന ശമ്പളം (take-home pay) മുമ്പത്തേക്കാള്‍ കുറയാന്‍ സാധ്യതയുണ്ട്.

പരിഷ്‌കാരങ്ങള്‍ പ്രധാനമായും ജീവനക്കാരുടെ ദീര്‍ഘകാല സാമ്പത്തിക സുരക്ഷയും (social security) നിക്ഷേപവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കൊണ്ടുവന്നിരിക്കുന്നത്. തൊഴില്‍ മന്ത്രാലയം കൊണ്ടുവന്ന നാല് പ്രധാന ലേബര്‍ കോഡുകളാണ് ഈ മാറ്റങ്ങളുടെ അടിസ്ഥാനം. പഴയ നിരവധി നിയമങ്ങളെ മാറ്റി, ഏകീകൃത ശമ്പള സംവിധാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ശമ്പള ഘടനയില്‍ എന്താണ് മാറ്റം?

പുതിയ നിയമപ്രകാരം ''വേതനം (wages)' എന്നതിന് ഒരു ഏകീകൃത നിര്‍വചനം നല്‍കിയിട്ടുണ്ട്. വേതനത്തില്‍ ഉള്‍പ്പെടുന്നത് അടിസ്ഥാന ശമ്പളം (Basic pay), ക്ഷാമബത്ത (DA), റീട്ടെയ്‌നിംഗ് അലവന്‍സ് (Retaining Allowance) എന്നിവയാണ്. ഇവയെല്ലാം കൂടി ചേര്‍ന്നാല്‍ ജീവനക്കാരന്റെ മൊത്തം ശമ്പളത്തിന്റെ കുറഞ്ഞത് 50% ആയിരിക്കണം. മറ്റു ഘടകങ്ങളായ വീട്ടുവാടക, ബോണസ്, സ്‌പെഷ്യല്‍ അലവന്‍സുകള്‍ തുടങ്ങിയവ മൊത്തം ശമ്പളത്തിന്റെ 50% കവിഞ്ഞാല്‍, അതിലധികം വരുന്ന ഭാഗം 'വേതന'ത്തില്‍ ഉള്‍പ്പെടുത്തേണ്ടിവരും. മുമ്പ് സ്ഥാപനങ്ങള്‍ അടിസ്ഥാന ശമ്പളം കുറച്ച്, അലവന്‍സ് കൂട്ടി പി.എഫ്, ഗ്രാറ്റുവിറ്റി എന്നിവ കുറക്കാറുണ്ടായിരുന്നു. ഇനി അത് സാധിക്കില്ല.

EPF, ESI എന്നിവയില്‍ വരുന്ന മാറ്റങ്ങള്‍

EPF പോലുള്ള നിയമപരമായ വിഹിതം എത്രയെന്ന് 'വേതന'ത്തെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. ഇപ്പോള്‍ വേതനം (basic + DA) ഉയരും. അതിനനുസരിച്ച് PF സംഭാവനയും ഉയരും. ഇതുവഴി ജീവനക്കാരന്റെയും കമ്പനിയുടെയും പി.എഫ് കോണ്‍ട്രിബ്യൂഷന്‍ ഉയരും. ESI പോലുള്ള മറ്റു ആനുകൂല്യങ്ങളെയും ബാധിക്കും. PF പോലുള്ള ഡിഡക്ഷന്‍ വര്‍ധിക്കുന്നതിനാല്‍ ശമ്പളത്തില്‍ നിന്ന് കൂടുതല്‍ തുക PF ആയി പോകും. അതിനാല്‍ കൈയിലെ ശമ്പളം കുറയാന്‍ സാധ്യതയുണ്ട്. പക്ഷേ, ദീര്‍ഘകാലത്തേക്ക് നോക്കിയാല്‍ കൂടുതല്‍ സേവിംഗ്‌സും ഗ്രാറ്റുവിറ്റിയും ഉണ്ടാകും എന്നത് വലിയ മാറ്റമാണ്.

പുതിയ നിയമപ്രകാരം ഫിക്‌സ്ഡ്-ടേം, കോണ്‍ട്രാക്ട് ജീവനക്കാര്‍ക്ക് ഒരു വര്‍ഷം ജോലി ചെയ്താല്‍ ഗ്രാറ്റുവിറ്റിക്ക് അര്‍ഹതയുണ്ട്. മുമ്പ് 5 വര്‍ഷം ആവശ്യമുണ്ടായിരുന്നു. ഈ നിയമവ്യവസ്ഥക്ക് 2025 നവംബര്‍ 21 മുതലാണ് പ്രാബല്യം.

ഗ്രാറ്റുവിറ്റി എങ്ങനെ ഉയരും?

ഗ്രാറ്റുവിറ്റി കണക്കാക്കുന്നത് അവസാനം ലഭിച്ച വേതനവും സര്‍വീസിലുണ്ടായിരുന്ന വര്‍ഷങ്ങളും ബന്ധപ്പെടുത്തിയാണ്. അടിസ്ഥാന ശമ്പളം ഉയരുന്നതിനാല്‍ ഗ്രാറ്റുവിറ്റി തുക അതിനൊത്ത് ഉയരും. മുമ്പ് ബേസികിന്റെ 30% ആയിരുന്നെങ്കില്‍, അത് 50% ആക്കുമ്പോള്‍, ഗ്രാറ്റുവിറ്റി ഏകദേശം 66% വരെ വര്‍ധിക്കാം. തൊഴിലുടമ ജീവനക്കാരന് ഗ്രാറ്റുവിറ്റി പിരിഞ്ഞ ശേഷം 30 ദിവസത്തിനുള്ളില്‍ നല്‍കണം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com