

നാല് സംസ്ഥാനങ്ങളിലായി അപൂർവ ധാതു (Rare Earth) ഇടനാഴികൾ സ്ഥാപിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം ഇന്ത്യയുടെ വ്യവസായ-ഭൗമരാഷ്ട്രീയ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നതായിരിക്കും. ഒഡീഷ, കേരളം, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയാണ് കേന്ദ്ര ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമന്‍ ഈ പ്രത്യേക ഇടനാഴികൾ പ്രഖ്യാപിച്ചത്.
വൈദ്യുത വാഹനങ്ങൾ (EV), പുനരുപയോഗ ഊർജ സാങ്കേതികവിദ്യകൾ, അർദ്ധചാലകങ്ങൾ (Semiconductors), അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾ എന്നിവയ്ക്ക് ഒഴിച്ചുകൂടാനാവാത്ത 17 ലോഹങ്ങളെയാണ് അപൂർവ ധാതുക്കൾ എന്ന് വിളിക്കുന്നത്. നിലവിൽ ഈ ധാതുക്കളുടെ ആഗോള സംസ്കരണത്തിന്റെ 90 ശതമാനത്തിലധികം ചൈനയുടെ നിയന്ത്രണത്തിലാണ്. ഇന്ത്യയിൽ ആവശ്യത്തിന് ധാതുശേഖരം ഉണ്ടെങ്കിലും, സംസ്കരണ ശേഷിയുടെ കുറവും സ്വകാര്യ പങ്കാളിത്തമില്ലാത്തതും കാരണം ചൈനയുമായുള്ള മത്സരത്തിൽ ഇന്ത്യ പിന്നിലായിരുന്നു. ഈ വിടവ് നികത്താൻ ഖനനം, സംസ്കരണം, ഗവേഷണം, ഉൽപ്പാദനം എന്നിവയെ ഏകോപിപ്പിച്ചുകൊണ്ടുള്ള ഹബ്ബുകളായി ഈ ഇടനാഴികളെ മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
അന്താരാഷ്ട്ര തലത്തിൽ ചൈനയുമായുള്ള വ്യാപാര തർക്കങ്ങളും വിതരണ ശൃംഖലയിലെ അനിശ്ചിതത്വങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ, ചൈനയെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കാൻ ഈ നീക്കം സഹായിക്കും. 2025 നവംബറിൽ ആരംഭിച്ച പെർമനന്റ് മാഗ്നറ്റ് സ്കീമിന് കരുത്തുപകരുന്നതാണ് ഈ പുതിയ പ്രഖ്യാപനം. സ്വകാര്യ നിക്ഷേപം ആകർഷിക്കുന്നതിലൂടെയും സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിലൂടെയും ഇന്ത്യയെ വെറുമൊരു അസംസ്‌കൃത വസ്തു വിതരണക്കാരിൽ നിന്ന് ലോകത്തിന് വിശ്വസിക്കാവുന്ന ഒരു ഉൽപ്പാദന കേന്ദ്രമാക്കി മാറ്റുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
അതേസമയം, കേരളത്തില്‍ അപൂർവ ധാതുക്കളുടെ ഖനനം, പ്രത്യേകിച്ച് തീരദേശത്തെ കരിമണൽ ഖനനം സംബന്ധിച്ച് ശക്തമായ പ്രതിഷേധങ്ങളാണ് നടക്കുന്നത്. ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളിയിൽ കരിമണൽ ഖനനത്തിനെതിരെ 2021 ജൂൺ മുതൽ നടന്നുവന്ന റിലേ സത്യഗ്രഹം 1,674 ദിവസങ്ങൾക്ക് ശേഷം 2026 ജനുവരിയിൽ ഹൈക്കോടതി വിധിയിൽ പ്രതീക്ഷയർപ്പിച്ച് താൽക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു. കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിൽ ഐ.ആർ.ഇ.എൽ (IREL), കെ.എം.എം.എൽ (KMML) എന്നീ സ്ഥാപനങ്ങൾ നടത്തുന്ന ഖനനം മൂലം ഭൂമി കടലെടുക്കുന്നു എന്നാരോപിച്ച് 'സേവ് ആലപ്പാട്' എന്ന പേരിൽ ജനകീയ പ്രക്ഷോഭങ്ങൾ നടന്നു. തീരശോഷണം, കുടിവെള്ള സ്രോതസുകളുടെ നാശം, ജൈവവൈവിധ്യ നഷ്ടം എന്നിവയാണ് സമരക്കാർ പ്രധാനമായും ഉന്നയിക്കുന്ന ആശങ്കകൾ.
ഇൽമനൈറ്റിൽ നിന്ന് സിന്തറ്റിക് റൂട്ടൈൽ ഉൽപ്പാദിപ്പിക്കുന്ന കേരളത്തില്‍ നിന്നുളള ലിസ്റ്റഡ് കമ്പനിയാണ് കൊച്ചിൻ മിനറൽസ് ആന്റ് റൂട്ടൈൽ ലിമിറ്റഡ് (CMRL). ഇത് പ്രധാനമായും ടൈറ്റാനിയം സ്പോഞ്ച് നിർമ്മാണത്തിനാണ് ഉപയോഗിക്കുന്നത്. പുതിയ പ്രഖ്യാപനത്തോടെ വിപണിയില്‍ ശ്രദ്ധേയമാകാന്‍ സാധ്യതയുളള ഓഹരിയാണ് ഇത്. 274 രൂപ-285 രൂപ പരിധിയിലാണ് ജനുവരി അവസാന വാരം ഓഹരിയുടെ വില. കഴിഞ്ഞ ഒരു വർഷത്തിനിടെ ഓഹരി വിലയിൽ ഏകദേശം 5 ശതമാനം മുതൽ 17 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
India's rare earth corridor plan challenges China’s dominance, but Kerala’s past protests may hinder progress.
Read DhanamOnline in English
Subscribe to Dhanam Magazine