അമേരിക്കയിലും ചൈനയിലും ഇന്ത്യന്‍ ചെമ്മീന് പ്രിയം കൂടുന്നു

2022-23 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതിയില്‍ വര്‍ധന. 63,969.14 കോടി രൂപയുടെ(8 .09 ബില്യൺ ഡോളർ ) കയറ്റുമതിയാണ് ഇക്കാലയളവില്‍ നടത്തിയത്. 17,35,286 മെട്രിക് ടണ്‍ സമുദ്രമത്സ്യങ്ങള്‍ ഇക്കാലയളവില്‍ കയറ്റുമതി ചെയ്തു. മൂല്യമടിസ്ഥാനത്തിലും അളവ് അടിസ്ഥാനത്തിലും ഏറ്റവും ഉയര്‍ന്ന കയറ്റുമതിയാണിത്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 57,586.48 കോടി രൂപയുടെ കയറ്റുമതിയാണ് നടന്നത്. 13,69,264 മെട്രിക് ടണ്‍ മത്സ്യങ്ങളായിരുന്നു കയറ്റുമതി. ശീതീകരിച്ച ചെമ്മീനായിരുന്നു ഏറ്റവും ഡിമാന്റുള്ള സമുദ്രോത്പന്നം. ശീതീകരിച്ച മീനിനും ഏറെ ആവശ്യക്കാരുണ്ടായിരുന്നു.

അളവ് അടിസ്ഥാനത്തില്‍ കയറ്റുമതി 26.73 ശതമാനം വര്‍ധിച്ചപ്പോള്‍ രൂപയടിസ്ഥാനത്തില്‍ 11.08 ശതമാനം വര്‍ധിച്ചു. അമേരിക്ക, ചൈന എന്നിവിടങ്ങളിലേക്കാണ് ഇന്ത്യന്‍ സമുദ്രോത്പന്നങ്ങള്‍ ഏറ്റവും കൂടുതല്‍ കയറ്റി അയച്ചത്. പ്രധാന കയറ്റുമതി രാജ്യമായ അമേരിക്കയില്‍ പ്രതിസന്ധി നിലനിന്നപ്പോഴും കയറ്റുമതിയില്‍ കുതിച്ചുചാട്ടമുണ്ടായത് ശ്രദ്ധേയമാണെന്ന് എം.പി.ഇ.ഡി.എ (Marine Products Export Development Authority /MPEDA) ചെയര്‍മാന്‍ ഡി.വി സ്വാമി പറഞ്ഞു.
ഇന്ത്യന്‍ ചെമ്മീനോട് പ്രിയം
ശീതീകരിച്ച ചെമ്മീനായിരുന്നു ഏറ്റവും ഡിമാന്‍ഡുള്ള സമുദ്രോത്പന്നം. ആകെ കയറ്റുമതിയുടെ 40.98 ശതമാനവും ശീതീകരിച്ച ചെമ്മീനാണ്. 43,135.58 കോടി രൂപയുടെ ചെമ്മീന്‍ ഇക്കാലയളവില്‍ കയറ്റുമതി നടത്തി. മൊത്തം
ചെമ്മീന്‍ കയറ്റുമതി 7,11,099 മെട്രിക് ടണ്‍.
അമേരിക്കയിലേക്ക് മാത്രം 2,75,662 മെട്രിക് ടണ്‍ ചെമ്മീന്‍ കയറ്റുമതി ചെയ്തു. ചൈന(1,45,743 മെട്രിക് ടണ്‍), യൂറോപ്പ്(95,377 മെട്രിക് ടണ്‍), ദക്ഷിണപൂര്‍വേഷ്യ(65,466 മെട്രിക് ടണ്‍), ജപ്പാന്‍(40,975 മെട്രിക് ടണ്‍), ഗള്‍ഫ് രാജ്യങ്ങള്‍(31,647 മെട്രിക് ടണ്‍) എന്നീ രാജ്യങ്ങളാണ് ചെമ്മിന്‍ ഇറക്കുമതി ചെയ്തത്.
കാരചെമ്മീന്‍ കയറ്റുമതി 74.06 ശതമാനം വര്‍ധിച്ചു. 2,56.71 കോടി രൂപ വരുന്ന 31,213 മെട്രിക് ടണ്‍ കാരചെമ്മീനാണ് കയറ്റുമതി ചെയ്തത്. കാരചെമ്മീന്‍ കയറ്റുമതിയുടെ 25.38 ശതമാനവും ജപ്പാനിലേക്കായിരുന്നു. യൂറോപ്പിലും അമേരിക്കയിലും കാരചെമ്മീന് ഡിമാന്‍ഡ് ഉണ്ട്. അതേ സമയം വനാമി ചെമ്മീന്റെ കയറ്റുമതിയില്‍ 2021-22 സാമ്പത്തിക വര്‍ഷവുമായി നോക്കുമ്പോള്‍ 8.11 ശതമാനം ഇടിവുണ്ടായി.
ആകെ കയറ്റുമതിയില്‍ 21.24 ശതമാനം ശീതകരിച്ച മത്സ്യമാണ്. സുറുമി , സുറുമി അനലോഗ് എന്നിവയുടെ കയറ്റുമതിയിലും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. 3593.75 കോടി രൂപയുടെ ശീതീകരിച്ച കണവയുടെ കയറ്റുമതി നടന്നു. ഉണങ്ങിയ മത്സ്യോത്പന്നങ്ങളുടെ കയറ്റുമതി 2,52,918 മെട്രിക് ടണ്‍ ആണ്. 243.27 ശതമാനത്തിന്റെ വര്‍ധനയുണ്ട്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it