ഇന്ത്യൻ സമുദ്രോത്പന്നങ്ങൾക്ക് ആഗോള വിപണിയിൽ വൻ ഡിമാൻഡ്: കയറ്റുമതി വരുമാനം 8.46 ബില്യൺ ഡോളറിലെത്തി, മുന്നിൽ ശീതീകരിച്ച ചെമ്മീൻ

വിദേശ വിപണികളില്‍ അമേരിക്കയും ചൈനയുമാണ് ഇന്ത്യയുടെ പ്രധാന പങ്കാളികള്‍
MPEDA- India's seafood exports
സമുദ്രോല്‍പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) യുടെ 2025–26 വർഷത്തെ സമുദ്രോൽപന്ന കയറ്റുമതി കണക്കുകൾ ചെയർമാൻ പി. ജവാഹർ കൊച്ചിയിൽ പ്രഖ്യാപിക്കുന്നു. (ചിത്രത്തിൽ ഇടത്തുനിന്ന് വലത്തോട്ട്) എംപിഇഡിഎ ഡയറക്ടർ ഡോ. രാം മോഹൻ എം.കെ., സെക്രട്ടറി ഡോ. ജിബിൻ കുമാർ ടി.ആർ., ജോയിന്റ് ഡയറക്ടർ (മാർക്കറ്റിംഗ്) അനിൽ കുമാർ പി. എന്നിവര്‍.
Published on

2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സമുദ്രോല്‍പന്ന കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തി. ആഗോള പ്രതിസന്ധികള്‍ക്കിടയിലും 8.46 ബില്യണ്‍ യുഎസ് ഡോളര്‍ (₹73,890.46 കോടി) മൂല്യമുള്ള 19,72,018 മെട്രിക് ടൺ (MT) ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ കയറ്റുമതി ചെയ്തതായി സമുദ്രോല്‍പന്ന കയറ്റുമതി വികസന അതോറിറ്റി (MPEDA) അറിയിച്ചു. അളവിലും മൂല്യത്തിലും ഇത് പുതിയ ചരിത്രമാണ് കുറിച്ചിരിക്കുന്നതെന്ന് എംപിഇഡിഎ ചെയര്‍മാന്‍ പി. ജവഹര്‍ പറഞ്ഞു.

പ്രധാന കയറ്റുമതി ഇനങ്ങള്‍

കയറ്റുമതി ഇനങ്ങളില്‍ ശീതീകരിച്ച ചെമ്മീന്‍ (Frozen Shrimp) ആണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ആകെ കയറ്റുമതി അളവിന്റെ 40.19 ശതമാനവും ഡോളര്‍ വരുമാനത്തിന്റെ 66.52 ശതമാനവും (49,037.93 കോടി രൂപ) ചെമ്മീന്‍ കയറ്റുമതിയിലൂടെയാണ് ലഭിച്ചത്. ആകെ 7,92,647 മെട്രിക് ടൺ ചെമ്മീനാണ് ഈ കാലയളവില്‍ കയറ്റുമതി ചെയ്തത്. ഇതില്‍ വനാമി, ബ്ലാക്ക് ടൈഗര്‍ ഇനങ്ങള്‍ അളവിലും മൂല്യത്തിലും മികച്ച വളര്‍ച്ച രേഖപ്പെടുത്തി. ശീതീകരിച്ച മത്സ്യം (5,658.37 കോടി രൂപ), ഉണക്കിയ മത്സ്യം (5,079.09 കോടി രൂപ) എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ഉണക്കിയ മത്സ്യത്തിന്റെ കയറ്റുമതിയില്‍ 78.05 ശതമാനത്തിന്റെ വലിയ വളര്‍ച്ചയുണ്ടായി.

വിപണികള്‍

വിദേശ വിപണികളില്‍ അമേരിക്കയും ചൈനയുമാണ് ഇന്ത്യയുടെ പ്രധാന പങ്കാളികള്‍. യു.എസ് താരിഫ് സംബന്ധിച്ച അനിശ്ചിതത്വങ്ങളും പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും മൂലം ആഗോള വ്യാപാരം പ്രതിസന്ധി നേരിടുമ്പോള്‍ ഇന്ത്യ കയറ്റുമതിയില്‍ മികച്ച നേട്ടം കൈവരിച്ചത് ശ്രദ്ധേയമാണെന്നും പി. ജവഹര്‍ പറഞ്ഞു. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ അമേരിക്ക ഒന്നാം സ്ഥാനത്ത് തുടരുന്നു (₹20,263.27 കോടി). അമേരിക്കയിലേക്കുള്ള കയറ്റുമതിയുടെ 93.55 ശതമാനവും ശീതീകരിച്ച ചെമ്മീനാണ്.

അതേസമയം, അളവിന്റെ അടിസ്ഥാനത്തില്‍ ചൈനയാണ് ഏറ്റവും വലിയ വിപണി. 1,611.32 മില്യണ്‍ ഡോളര്‍ മൂല്യമുള്ള 4,90,369 മെട്രിക് ടൺ ഉല്‍പ്പന്നങ്ങളാണ് ചൈന ഇറക്കുമതി ചെയ്തത്. യൂറോപ്യന്‍ യൂണിയന്‍ (മൂന്നാം സ്ഥാനം), തെക്കുകിഴക്കൻ ഏഷ്യ (നാലാം സ്ഥാനം), ജപ്പാന്‍, മിഡില്‍ ഈസ്റ്റ് എന്നിവയാണ് മറ്റ് പ്രധാന വിപണികള്‍.

ചരക്ക് കൈകാര്യം ചെയ്യുന്നതില്‍ വിശാഖപട്ടണം, ജെഎൻപിടി, കൊച്ചി എന്നീ തുറമുഖങ്ങളാണ് മുന്നിട്ടുനില്‍ക്കുന്നത്. ശീതീകരിച്ച കൂന്തള്‍, കണവ എന്നിവയുടെ കയറ്റുമതിയിലും ജീവനുള്ള മത്സ്യങ്ങളുടെ വിഭാഗത്തിലും (11.46% വളര്‍ച്ച) മികച്ച മുന്നേറ്റം ഉണ്ടായിട്ടുണ്ട്.

സമുദ്രോത്പന്ന വ്യവസായത്തിലെ പുതിയ ചലനങ്ങളും പ്രവണതകളും വ്യക്തമാക്കുന്ന സീഫുഡ് എക്സ്പോ ഭാരത് 2026 ചെന്നൈയില്‍ ജൂലൈ 1 മുതല്‍ 3 വരെ നടക്കും. നന്ദമ്പാക്കത്തുള്ള ചെന്നൈ ട്രേഡ് സെന്ററിലാണ് എക്സ്പോ സംഘടിപ്പിച്ചിരിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com