ട്രംപിനെ മറികടക്കാന്‍ റൂട്ടൊന്നു മാറ്റിപിടിക്കാന്‍ ജെം ആന്‍ഡ് ജുവലറി മേഖല, നോട്ടം ദുബൈ, മെക്‌സിക്കോ വഴി യു.എസിലേക്ക്

50% നികുതി വ്യവസായത്തെ തകര്‍ക്കുമെന്ന് ആശങ്ക
Jewellery
Image : Canva
Published on

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് തീരുവ ഇരട്ടിയാക്കിയതോടെ ചുവടൊന്നു മാറ്റിപ്പിടിക്കാന്‍ ഒരുങ്ങുകയാണ് രാജ്യത്തെ ജെം ആന്‍ഡ് ജുവലറി മേഖല. യു.എസിലേക്ക് നേരിട്ട് ഇറക്കുമതി നടത്താന്‍ സാധിക്കുന്ന, കുറഞ്ഞ ഇറക്കുമതി ചുങ്കമുള്ള രാജ്യങ്ങളായ യു.എ.ഇ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിര്‍മാണ യൂണിറ്റുകള്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.

2024-25 ലെ കണക്കനുസരിച്ച് 10 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന വജ്രങ്ങളും കല്ലു പതിച്ച ആഭരണങ്ങളുമാണ് യുഎസ് വിപണിയിലേക്ക് കയറ്റുമതി ചെയ്തത്. 50 ശതമാനം ചുങ്കത്തില്‍ ഇനി കയറ്റുമതി സാധിക്കില്ല. മറ്റ് വഴികള്‍ നോക്കിയില്ലെങ്കില്‍ ട്രംപിന്റെ ഉയര്‍ന്ന ചുങ്കം ഇന്‍ഡസ്ട്രിയെ പൂര്‍ണമായി തകര്‍ക്കുമെന്നാണ് ജെം ആന്‍ഡ് ജുവലറി എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കിരിത് ബന്‍സാലി പറയുന്നത്.

25 ശതമാനം താരിഫ് ആയിരുന്നപ്പോള്‍, യുഎസുമായി ബിസിനസ് നടത്തുന്നതിന് മാര്‍ജിനുകള്‍ പുനഃക്രമീകരിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നെന്നു എന്നാല്‍ ഇപ്പോഴത്തെ 50 ശതമാനം തീരുവയെ ഒരുതരത്തിലും അതിജീവിക്കാനാകില്ലെന്നുമാണ് ബന്‍സാലി പറയുന്നത്.

യു.എസുമായി നേരിട്ട് ബിസിനസ് ചെയ്യാന്‍ മറ്റ് മാര്‍ഗങ്ങള്‍ തേടുന്നതിന്റെ ഭാഗമായാണ് ദുബൈയെയും മെക്‌സിക്കോയെയും പരിഗണിക്കുന്നത്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന് 10 ശതമാനമാണ് നിലവില്‍ താരിഫ്. മെക്‌സിക്കോയ്ക്ക് ഇത് 25 ശതമാനവും. വിവിധ രാജ്യങ്ങളുടെ യു.എസുമായുള്ള താരിഫുകള്‍ പഠിച്ചശേഷം അനുയോജ്യമായിടത്ത്‌ അധികം വൈകാതെ നിര്‍മാണ യൂണിറ്റുകള്‍ തുടങ്ങാനാണ് പദ്ധതി. ഏറ്റവും അടുത്ത രാജ്യമെന്ന നിലയില്‍ രാജ്യമെന്ന നിലയില്‍ യു.എ.ഇക്കാണ് പ്രഥമ പരിഗണന. വജ്രം പതിപ്പിച്ച ആഭരണങ്ങള്‍ കയറ്റി അയക്കാനായി മെക്‌സിക്കോയെയും പരിഗണിക്കുന്നുണ്ട്.

മുന്‍പേ നടക്കാന്‍ ടൈറ്റന്‍

രാജ്യത്തെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പായ ടൈറ്റന്‍ കമ്പനി (Titan Company) യു.എസിന്റെ താരിഫ് വെല്ലുവിളി മറികടക്കാനായി മിഡില്‍ മിഡില്‍ ഈസ്റ്റില്‍ നിര്‍മാണം തുടങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

താരിഫ് വിഷയത്തില്‍ വ്യവസായ സംഘടനയുമായും കേന്ദ്ര വാണിജ്യ മന്ത്രാലയവുമായും ചര്‍ച്ച നടത്താന്‍ യുഎസ് രത്‌ന, ആഭരണ വ്യവസായത്തെ പ്രതിനിധീകരിക്കുന്ന ഒരു സംഘം ഓഗസ്റ്റ് 19 ന് ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് ആഭരണങ്ങള്‍ വാങ്ങുന്ന 70,000 ചെറുകിട, ഇടത്തരം ആഭരണ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ യുഎസിലുണ്ട്.

നിലവില്‍ കയറ്റുമതി നടന്നുകൊണ്ടിരിക്കുന്ന ഉത്ന്നങ്ങളെ താരിഫ് വര്‍ധന ബാധിക്കില്ലെങ്കിലും പുതുതായി യു.എസില്‍ നിന്ന് ഓര്‍ഡറുകള്‍ ലഭിക്കുന്നില്ല. ഇതിനകം ലഭിച്ച ഓര്‍ഡറുകള്‍ കയറ്റി അയച്ചു കഴിഞ്ഞതായാണ് SEEPZ ജെംസ് ആന്റ് ജുവലറി മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കുന്നത്. സീപ്‌സില്‍ 200 ഓളം രത്‌നാഭരണ കയറ്റുമതി യൂണിറ്റുകള്‍ അംഗമാണ്. ഏകദേശം ഒരു ലക്ഷത്തിലധികം ആളുകള്‍ ജോലി ചെയ്യുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com