പ്രതിസന്ധികള്‍ക്കിടയിലും വളര്‍ച്ച നേടി ഐടി മേഖല: നാസ്‌കോം

ആഗോള പ്രതിസന്ധികള്‍ക്കിടയിലും നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ സാങ്കേതികവിദ്യ മേഖല 24,500 കോടി ഡോളറിലെത്തുമെന്ന് നാസ്‌കോം. 2030 ഓടെ ഐടി വ്യവസായം 50,000 കോടി ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും നാസ്‌കോമിന്റെ കണക്കുകള്‍ വ്യക്തമാക്കി. 2022-23 സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ച 1900 കോടി രൂപയുടെ വരുമാനം കൂട്ടിച്ചേര്‍ക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഐടി സേവനങ്ങള്‍, ബിസിനസ് പ്രോസസ് മാനേജ്മെന്റ്, സോഫ്റ്റ്‌വെയർ ഉല്‍പ്പന്നങ്ങള്‍, എന്‍ജിനീയറിംഗ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ്, ആഭ്യന്തര വിപണി എന്നീ വിഭാഗങ്ങളിലാണ് വളര്‍ച്ച. അതിനാല്‍ ഈ വ്യവസായം തുടര്‍ച്ചയായ വരുമാന വളര്‍ച്ച കൈവരിക്കുന്നുണ്ട്. ഇനിയും ഇതില്‍ മുന്നേറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

മൂന്ന് ലക്ഷം പുതിയ ജോലികൾ

തീരുമാനങ്ങള്‍ എടുക്കുന്നതിലുള്ള കാലതാമസം, ചില വിപണികളിലെ ഡിമാന്‍ഡ് കുറയുന്നത്, തൊഴിലവസര വിടവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ മേഖലയ്ക്ക് ആശങ്കയുണ്ടാക്കുന്നുവെന്ന് ഇന്ത്യന്‍ ഐടി വ്യവസായത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. എങ്കിലും സാങ്കേതിക വ്യവസായം 2023 സാമ്പത്തിക വര്‍ഷത്തില്‍ 2,90,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു, 20 ലക്ഷം വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെ 54 ലക്ഷത്തിലധികം തൊഴിലാളികള്‍ ഈ മേഖലയിലുണ്ട്.

വ്യവസായത്തെ ശക്തിപ്പെടുത്തി

2022-23 വ്യാവസായിക വളര്‍ച്ചയുടെ മറ്റൊരു വര്‍ഷമാണ്. ഇത് രാജ്യത്തിന് ഏറെ പ്രയോജനം ചെയ്യുന്നു. ആഗോള വെല്ലുവിളികള്‍ക്കിടയിലും പ്രധാന മേഖലകളിലെ മെച്ചപ്പെട്ട പ്രകടനം വ്യവസായത്തെ ശക്തിപ്പെടുത്തിയതായി നാസ്‌കോം ചെയര്‍പേഴ്സണ്‍ കൃഷ്ണന്‍ രാമാനുജം പറഞ്ഞു. 2023-24 സാമ്പത്തില്‍ വര്‍ഷത്തില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമാനമായി തുടരും

യുഎസ്, ഏഷ്യാ പസഫിക്, ബാങ്കിംഗും മറ്റ് ധനകാര്യ മേഖലകളും, നിര്‍മാണ മേഖല, ആരോഗ്യസംരക്ഷണ മേഖല തുടങ്ങിയ പ്രധാന വിപണികളില്‍ നിന്നും വ്യവസായങ്ങളില്‍ നിന്നുമാണ് ഉയര്‍ച്ച വളര്‍ച്ചയുണ്ടായത്. അതേസമയം യൂറോപ്പ്, യാത്ര, യൂട്ടിലിറ്റികള്‍ എന്നിവയില്‍ മന്ദഗതിയിലുള്ള വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്ന് നാസ്‌കോം പ്രസിഡന്റ് ദേബ്ജാനി ഘോഷ് പറഞ്ഞു. സാങ്കേതിക ചെലവുകള്‍ വര്‍ധിക്കും. ആഗോള പ്രതിസന്ധിയും ശക്തമായി തുടരും. സമാനമായ ഒരു വര്‍ഷമായിരിക്കും വരുന്ന സാമ്പത്തിക വര്‍ഷമെന്നും ദേബ്ജാനി ഘോഷ് പറഞ്ഞു.

Related Articles
Next Story
Videos
Share it