

തമിഴ്‌നാടിന്റെ വ്യവസായ ഹബ്ബാണ് തിരുപ്പൂര്‍. ടെക്‌സ്റ്റൈല്‍ ഇന്‍ഡസ്ട്രിയിലൂടെ രാജ്യത്തിന് കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യമാണ് ഈ നഗരം സമ്മാനിക്കുന്നത്. പ്രൗഢി നിറഞ്ഞ തിരുപ്പൂരിന്റെ പ്രതാപം കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ അത്ര മികച്ച നിലയിലല്ല. യുഎസ് ഇന്ത്യയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയ 50 ശതമാനം തീരുവയാണ് തിരുപ്പൂരിന് തിരിച്ചടിയായത്.
വസ്ത്ര നിര്‍മാണ ക്ലസ്റ്ററുകളായിരുന്നു തിരുപ്പൂരിന്റെ സമ്പത്ത്. കഴിഞ്ഞ ഓഗസ്റ്റിനുശേഷം രണ്ടുലക്ഷത്തിലധികം പേര്‍ക്കാണ് തിരുപ്പൂരില്‍ തൊഴില്‍ നഷ്ടമായത്. ടെക്‌സ്റ്റൈല്‍ മേഖലയില്‍ നേരിട്ട് തൊഴിലെടുക്കുന്നവരുടെ മാത്രം കണക്കല്ല ഇത്. അനുബന്ധ മേഖലകളെ കൂടി ഉള്‍പ്പെടുത്തിയുള്ളതാണിത്. ഇവിടെ നിര്‍മിച്ചിരുന്ന വസ്ത്രങ്ങളിലേറെയും കയറിപ്പോയിരുന്നത് യുഎസിലേക്കായിരുന്നു. പെട്ടെന്നൊരുനാള്‍ തീരുവ ഉയര്‍ന്നതോടെ യുഎസ് കമ്പനികള്‍ ഇന്ത്യന്‍ നിര്‍മാതാക്കളെ കൈവിട്ടു.
തീരുവ യുദ്ധത്തില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെട്ട വസ്ത്ര നിര്‍മാണ കമ്പനികള്‍ 70 ശതമാനം വരെ ഉത്പാദനം വെട്ടിക്കുറച്ചിരുന്നു. പല കമ്പനികളും തൊഴിലാളികളെ പിരിച്ചുവിട്ടു. മൂന്ന് ഷിഫ്റ്റ് വരെ പ്രവര്‍ത്തിച്ചിരുന്ന കമ്പനികള്‍ പ്രവര്‍ത്തനസമയം കുറച്ചു.
പരിതാപകരമായ അവസ്ഥയില്‍ നിന്ന് ഇപ്പോള്‍ തിരിച്ചുവരവിനുള്ള ഇന്ധനമാണ് ആദ്യം യൂറോപ്യന്‍ യൂണിയനുമായുള്ളതും ഇപ്പോള്‍ യുഎസുമായുള്ള വ്യാപാര കരാറുകളും നല്കുന്നത്. ഇന്ത്യന്‍ വസ്ത്ര കയറ്റുമതിക്കാര്‍ക്ക് യുഎസ് എന്നത് പൊന്നുകായ്ക്കുന്ന വിപണിയാണ്. മറ്റേതൊരു വിപണി കൊണ്ടും യുഎസിലെ നഷ്ടം മറികടക്കാന്‍ സാധിക്കുമായിരുന്നില്ല. 18 ശതമാനത്തിലേക്ക് തീരുവ മാറുന്നതോടെ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് വലിയ അവസരമാകും തുറന്നുകിട്ടുക.
ഇന്ത്യയ്ക്കുള്ള തീരുവ 18 ശതമാനമാക്കിയാണ് കുറച്ചിരിക്കുന്നത്. ഇനി ടെക്‌സ്‌റ്റൈല്‍ കയറ്റുമതിയില്‍ മുന്നിലുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. ചൈന, വിയറ്റ്‌നാം, ഇന്ത്യ, ബംഗ്ലാദേശ്, ഇന്തോനേഷ്യ, കംബോഡിയ എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളത്. ചൈന തന്നെയാണ് മുന്നില്‍. ലിസ്റ്റില്‍ വിയറ്റ്‌നാമിനും താഴെയാണ് ഇന്ത്യയുടെ സ്ഥാനം. തൊട്ടുപിന്നില്‍ ബംഗ്ലാദേശുമുണ്ട്.
ഇനി ഈ രാജ്യങ്ങള്‍ക്ക് യുഎസിന്റെ തീരുവ എത്രയെന്ന് നോക്കാം. 37 ശതമാനമാണ് നിലവില്‍ ചൈനയ്ക്കുള്ള തീരുവ. വിയറ്റ്‌നാമിന് (19 ശതമാനം) ബംഗ്ലാദേശിന് 20, കംബോഡിയയ്ക്ക് 19 എന്നിങ്ങനെയാണ് നിരക്കുകള്‍. ഈ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ ഉണ്ട്.
യുഎസിലേക്ക് ഏറ്റവും കൂടുതല്‍ ടെക്‌സ്‌റ്റൈല്‍ ഉത്പന്നങ്ങള്‍ കയറ്റിയയച്ചിരുന്ന ചൈനയ്ക്ക് പുതിയ ലോകക്രമത്തില്‍ ആ മുന്നേറ്റം നിലനിര്‍ത്താന്‍ സാധിക്കില്ല. കുറഞ്ഞ താരിഫിലേക്ക് മാറുന്നതിനാല്‍ കൂടുതല്‍ വിലക്കുറവില്‍ യുഎസ് കമ്പനികളില്‍ നിന്ന് ഓര്‍ഡറുകള്‍ സ്വന്തമാക്കാന്‍ തിരുപ്പൂരിലെയും സൂറത്തിലെയും സംരംഭകര്‍ക്ക് സാധിക്കും.
ഗുണമേന്മയില്‍ ചൈനയ്ക്ക് മുന്നിലും ബംഗ്ലാദേശിനും വിയറ്റ്‌നാമിനും ഒപ്പവുമാണ് ഇന്ത്യന്‍ വസ്ത്രങ്ങളുടെ സ്ഥാനം. ബംഗ്ലാദേശില്‍ ടെക്‌സ്റ്റൈല്‍ വ്യവസായം അനിവാര്യമായ പതനത്തിലേക്ക് നീങ്ങുകയാണ്. മുഹമ്മദ് യൂനുസ് സര്‍ക്കാര്‍ വന്നശേഷം ആയിരക്കണക്കിന് വസ്ത്ര നിര്‍മാണ യൂണിറ്റുകളാണ് പൂട്ടിപ്പോയത്. പതിനായിരക്കണക്കിന് പേര്‍ക്ക് തൊഴിലും നഷ്ടപ്പെട്ടും.
ബംഗ്ലാദേശിന്റെ വിപണി ഇന്ത്യയുടെ നിയന്ത്രണത്തിലേക്ക് വരികയാണെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഷേഖ് ഹസീനയുടെ ഭരണകാലത്ത് ബംഗ്ലാദേശിലെ ടെക്‌സ്റ്റൈല്‍ മേഖലയ്ക്ക് ഭീഷണിയാകാന്‍ ഇന്ത്യ ശ്രമിച്ചിരുന്നില്ല. ഇത്തവണത്തെ ബജറ്റില്‍ ടെക്‌സ്റ്റൈല്‍ മേഖലയ്ക്കായി വലിയ പ്രഖ്യാപനങ്ങളാണ് നടത്തിയിരിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine