ഇൻഡിഗോ പ്രതിസന്ധി: ദുരിതത്തിലായ യാത്രക്കാര്‍ക്ക് ₹ 500 കോടി നഷ്ടപരിഹാരം, റീഫണ്ടുകൾ ഉടന്‍ തീര്‍പ്പാക്കുമെന്നും എയര്‍ലൈന്‍

ദുരിതത്തിലായ യാത്രക്കാരെ കൃത്യമായി തിരിച്ചറിയുന്ന നടപടികളാണ് നിലവിൽ പുരോഗമിക്കുന്നത്
IndiGo
IndiGocanva
Published on

ഓപ്പറേഷണൽ കാരണങ്ങളാലും വിമാന ജീവനക്കാർക്കുള്ള ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻസ് (FDTL) ഓർഡറിലെ പുതിയ മാറ്റങ്ങൾ മൂലവും രാജ്യത്തുടനീളം ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കി ഇൻഡിഗോയെ പിടിച്ചുലച്ച പ്രതിസന്ധിക്ക് അയവു വരുന്നു. കേന്ദ്രസർക്കാരിന്റെ ശക്തമായ ഇടപെടലിന് ശേഷം ബഡ്ജറ്റ് കാരിയറായ ഇൻഡിഗോയുടെ പ്രവർത്തനങ്ങൾ ഇപ്പോൾ സ്ഥിരത കൈവരിച്ചു തുടങ്ങിയിരിക്കുകയാണ്.

പുതുക്കിയ "സ്കെയിൽഡ് ഡൗൺ" ഷെഡ്യൂൾ പ്രകാരം എയർലൈൻ 2,000 ത്തിലധികം പ്രതിദിന സർവീസുകൾ വിജയകരമായി നടത്തുന്നതായി വെള്ളിയാഴ്ചത്തെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം ഡൽഹി, ബംഗളൂരു തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളിൽ നിന്ന് ഇന്നലെ ഏകദേശം 160 വിമാനങ്ങൾ റദ്ദാക്കേണ്ടിവന്നിട്ടുണ്ട്.

നഷ്ടപരിഹാരം

ഗുരുതരമായി ബാധിക്കപ്പെട്ട യാത്രക്കാർക്ക് ആശ്വാസം നൽകുന്നതിന്റെ ഭാഗമായി, 500 കോടി രൂപയിലധികം നഷ്ടപരിഹാരം നൽകുമെന്ന് ഇൻഡിഗോ അറിയിച്ചു. യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂറിനുള്ളിൽ വിമാനങ്ങൾ റദ്ദാക്കിയ ഉപഭോക്താക്കൾക്കും ഡിസംബർ 3, 4, 5 തീയതികളിൽ വിമാനത്താവളങ്ങളിൽ കുടുങ്ങിപ്പോയവർക്കുമാണ് നഷ്ടപരിഹാരം നൽകുക.

സുതാര്യമായി എളുപ്പത്തില്‍ നഷ്ടപരിഹാരം ലഭിക്കുന്ന തരത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കുക. നിലവിൽ, ദുരിതത്തിലായ യാത്രക്കാരെ കൃത്യമായി തിരിച്ചറിയുന്ന നടപടികൾ പുരോഗമിക്കുകയാണ്. നഷ്ടപരിഹാരം സുഗമമായി കൈമാറുന്നതിനായി ജനുവരിയിൽ ഇവരുമായി ബന്ധപ്പെടുമെന്ന് ഇൻഡിഗോ വ്യക്തമാക്കി.

റീഫണ്ടുകൾ

നഷ്ടപരിഹാര നടപടികൾക്കൊപ്പം, റീഫണ്ടുകൾ വേഗത്തിൽ തീർപ്പാക്കുന്നതിലാണ് എയർലൈൻ ഡിസംബർ മാസത്തിൽ പ്രഥമ ശ്രദ്ധ നൽകുന്നത്. ബാധിക്കപ്പെട്ട എല്ലാ ഉപഭോക്താക്കൾക്കുമുള്ള റീഫണ്ടുകൾ കാര്യക്ഷമമായും അടിയന്തിരമായും പൂർത്തിയാക്കാനാണ് ലക്ഷ്യം. മിക്ക റീഫണ്ടുകളും ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്; ശേഷിക്കുന്നവ ഉടൻ തന്നെ ലഭിക്കുമെന്നും ഇൻഡിഗോ എക്സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.

ഭാവിയിൽ ഇത്തരം പ്രവർത്തനപരമായ തടസങ്ങൾ ഉണ്ടാകാതിരിക്കാൻ, അടുത്തിടെയുണ്ടായ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം വിശകലനം ചെയ്യുന്നതിനായി എയർലൈൻ ബോർഡ് സ്വതന്ത്ര വ്യോമയാന വിദഗ്ദ്ധനെ നിയമിച്ചിട്ടുണ്ട്. വെറ്ററൻ ഏവിയേഷൻ വിദഗ്ദ്ധനായ ക്യാപ്റ്റൻ ജോൺ ഇൽസൺ നയിക്കുന്ന ചീഫ് ഏവിയേഷൻ അഡ്വൈസേഴ്സ് എൽഎൽസി അവലോകനം നടത്തി ബോർഡിന് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കും.

IndiGo crisis: ₹ 500 crore compensation for affected passengers, refunds will be settled soon, says airline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com