

രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയതും വൈകയിതും മൂലം പ്രതിസന്ധിയിലായത് വിവാഹ പാര്‍ട്ടികള്‍. വിവാഹ സീസണ്‍ സമയത്തെ ഈ റദ്ദാക്കലില്‍ നിരവധി വധൂവരന്മാരും അവരുടെ കുടുംബാംഗങ്ങളും യാത്രാ തടസം നേരിട്ടു. വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് സ്വന്തം വിവാഹ റിസപ്ഷനില്‍ പോലും നേരിട്ട് പങ്കെടുക്കാന്‍ പല നവവധൂവരന്‍മാര്‍ക്കും സാധിച്ചില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സ്വന്തം വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കേണ്ടി വന്ന നവവധൂവന്‍മാരുടെ വാര്‍ത്ത വലിയ ശ്രദ്ധ നേടുകയും ചെയ്തു. ക്ഷണിക്കപ്പെട്ട അതിഥികള്‍ മുന്നില്‍ വലിയ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട ഇവര്‍ സദസിനോട് ക്ഷമാപണം നടത്തി. നവദമ്പതികള്‍ ഇരിക്കേണ്ട വേദി ഒഴിഞ്ഞു കിടന്നു. അവസാന നിമിഷം പരിപാടി റദ്ദാക്കാന്‍ കഴിയാത്തതിനാലാണ് 'വിര്‍ച്വല്‍' മാര്‍ഗ്ഗം സ്വീകരിച്ചതെന്നാണ് വധുവിന്റെ മാതാവ് ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചത്.
വിമാന സര്‍വീസ് മുടങ്ങിയതിനെ തുടര്‍ന്ന് ബംഗളൂരു വിമാനത്താവളത്തില്‍ കുടുങ്ങിയ 80 പേരുള്‍പ്പെടെയുള്ള ഒരു വരന്റെ കുടുംബത്തിന് ഒടുവില്‍ വലിയ തുക മുടക്കി ഒരു ചാര്‍ട്ടേഡ് വിമാനം ബുക്ക് ചെയ്ത് വിവാഹവേദിയിലേക്ക് പോകേണ്ടി വന്നു. ഡല്‍ഹിയില്‍ നിന്ന് ഗോവയിലേക്ക് ബന്ധുക്കള്‍ക്ക് എത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് മറ്റൊരു വിവാഹം ജനുവരിയിലേക്ക് മാറ്റിവെക്കേണ്ടി വന്നു.
സിംഗപ്പൂര്‍ ഹൈക്കമ്മീഷണര്‍ സൈമണ്‍ വോങ്ങിനും വിമാനത്താവളത്തിലെ പ്രതിസന്ധി കാരണം ഒരു സ്റ്റാഫ് അംഗത്തിന്റെ വിവാഹത്തിന് എത്തിച്ചേരാന്‍ കഴിഞ്ഞില്ല.
കേരളത്തിലും നിരവധി യാത്രക്കാരാണ് ഇന്‍ഡിഗോ വിമാനസര്‍വീസുകളും വൈകുന്നതും കൂട്ടത്തോടെ റദ്ദാക്കുന്നതും മൂലം വലഞ്ഞത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശനിയാഴ്ച മാത്രം ആറ് ആഭ്യന്തര വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. ഡല്‍ഹി, ഹൈദരാബാദ്, ബെംഗളൂരു സെക്ടറുകളിലേക്കുള്ള മൂന്ന് വിമാനങ്ങളുമാണ് മുടങ്ങിയത്. നിരവധി പേരുടെ ചെക്ക്-ഇന്‍ ബാഗുകള്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പല പ്രധാന വിമാനത്താവളങ്ങളിലും നീണ്ട ക്യൂവാണ് കാണുന്നത്.
പൈലറ്റുമാരുടെ ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട് (Duty-Hour Guidelines)സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ വന്ന വീഴ്ചയാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് സമ്മതിച്ചു. നവംബര്‍ ഒന്നു മുതലാണ് ക്രൂ ഡ്യൂട്ടി ചട്ടം നടപ്പാക്കിയത്. ഇതോടെ പൈലറ്റുമാരുടെ ക്ഷാമം നേരിടുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. കഴിഞ്ഞ ദിവസങ്ങളിലായി 1000-ത്തിലധികം വിമാന സര്‍വീസുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്. യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ എയര്‍ലൈന്‍ ക്ഷമ ചോദിച്ചിട്ടുണ്ട്. സംഭവത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുറച്ചു ദിവസത്തേക്കു കൂടി പ്രതിസന്ധി തുടരുമെന്നാണ് അറിയുന്നത്.
നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ എയര്‍ലൈന്‍സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ഉന്നത ഉദ്യോഗസ്ഥരും രംഗത്തുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine