എയര്‍ ഇന്ത്യയില്‍ മിഴി നട്ട് ഇന്‍ഡിഗോ, എത്തിഹാദ്

എയര്‍ ഇന്ത്യയില്‍ മിഴി നട്ട് ഇന്‍ഡിഗോ, എത്തിഹാദ്
Published on

സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട എയര്‍ ഇന്ത്യയെ ഏറ്റെടുക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ച് പ്രമുഖ സ്വകാര്യ വിമാനക്കമ്പനികളായ ഇന്‍ഡിഗോയും എത്തിഹാദും. 'ഈ കമ്പനികളില്‍ നിന്നുള്ള പ്രതിനിധികള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സന്ദര്‍ശിക്കുകയും അനൗദ്യോഗികമായി ദേശീയ വിമാനക്കമ്പനിയോട് താല്‍പര്യം കാണിക്കുകയും ചെയ്തിട്ടുണ്ട്.അതേസമയം, ടാറ്റാ ഗ്രൂപ്പ് ഇതുവരെ ഒരു താല്‍പ്പര്യവും പ്രകടിപ്പിച്ചിട്ടില്ല'- ഒരു ഉന്നതോദ്യോഗസ്ഥന്‍ പറഞ്ഞു.

നിലവിലെ  നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) നിയമങ്ങള്‍ അനുസരിച്ച് വിദേശ വിമാനക്കമ്പനിയായതിനാല്‍ എത്തിഹാദിന് എയര്‍ ഇന്ത്യയുടെ 49 ശതമാനം ഓഹരികളേ വാങ്ങാനാകൂ. എന്നാല്‍ ദേശീയ നിക്ഷേപ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് (ഐഎഫ്ആര്‍എസ്) അല്ലെങ്കില്‍ അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി (എഡിഐഎ) യുമായി ചേര്‍ന്ന് എയര്‍ ഇന്ത്യയില്‍ 100% ഓഹരി സ്വന്തമാക്കാനാണ് എത്തിഹാദിന്റെ താല്‍പ്പര്യം.ഇന്ത്യന്‍ സര്‍ക്കാരിന്റെ പിന്തുണയുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ നിക്ഷേപ കമ്പനിയാണ് ഐഎഫ്ആര്‍എസ്. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ മേഖലയ്ക്ക് ദീര്‍ഘകാല മൂലധനം ഉറപ്പാക്കാനാണ് ഇത് സ്ഥാപിച്ചത്.

ആഭ്യന്തര വിമാന കമ്പനിയായതിനാല്‍ ഇന്‍ഡിഗോയ്ക്ക് 100% ഓഹരി വാങ്ങുന്നതില്‍ നിയമ തടസമില്ല. 20 ശതമാനം ഓഹരികള്‍ പൊതുമേഖലയില്‍ നിലനിര്‍ത്താനുള്ള താല്‍പ്പര്യം സര്‍ക്കാര്‍ നേരത്തെ തന്നെ ഉപേക്ഷിച്ചിരുന്നു.നേരത്തെ എയര്‍ഇന്ത്യ വില്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ നിരവധി ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

നിലവില്‍ എയര്‍ ഇന്ത്യക്ക് 60000 കോടി രൂപയുടെ ബാധ്യതയുണ്ട്. എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ടാറ്റയ്ക്ക് ഇപ്പോള്‍ താല്പര്യമില്ലെന്നാണ് സൂചന. എയര്‍ ഇന്ത്യ അടുത്തിടെ സിംഗപ്പൂരിലും ലണ്ടനിലും നിക്ഷേപ റോഡ്ഷോകള്‍ നടത്തിയിരുന്നു.

പ്രവര്‍ത്തനരഹിതമായ ജെറ്റ്എയര്‍വെയ്‌സ് വാങ്ങാന്‍ ഹിന്ദുജ ബ്രദേഴ്‌സ് നീക്കം പുനരാരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഗോപീചന്ദ് ഹിന്ദുജയുടെയും അശോക് ഹിന്ദുജയുടെയും നേതൃത്വത്തിലുള്ള ഗ്രൂപ്പ് ജനുവരി 15 ന് മുമ്പ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കും എന്നാണ് വിവരം. ജെറ്റ് എയര്‍വെയ്‌സിന്റെ സര്‍വ്വീസുകള്‍ ഇപ്പോള്‍ നിറുത്തി വച്ചിരിക്കുകയാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com