ആഭ്യന്തര യാത്രക്കാര്‍ വര്‍ധിച്ചു; ഇന്‍ഡിഗോ എയര്‍ലൈന്‍സിന് വന്‍ നേട്ടം; ലാഭത്തില്‍ 62% വളര്‍ച്ച

ഓഹരി ഉടമകള്‍ക്ക് 10 രൂപ വീതം ലാഭവിഹിതം
IndiGo
IndiGocanva
Published on

ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിലുണ്ടായ വളര്‍ച്ചയുടെ കരുത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് കമ്പനിയായ ഇന്റര്‍ഗ്ലോബ് ഏവിയേഷന് നാലാം പാദത്തില്‍ 62 ശതമാനം ലാഭ വളര്‍ച്ച. മാര്‍ച്ച് 31 വരെ കമ്പനിയുടെ ലാഭം 3,073 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 1,894 കോടി രൂപയായിരുന്നു ലാഭം.

ഈ കാലയളവില്‍ ഇന്‍ഡിഗോ ആരംഭിച്ച പുതിയ റൂട്ടുകള്‍ ലാഭകരമായത് കമ്പനിയുടെ വളര്‍ച്ചക്ക് സഹായകമായി. ബിസിനസ് ക്ലാസുകളില്‍ നിന്നുള്ള വരുമാനത്തില്‍ വലിയ വര്‍ധനയുണ്ടായി. ഓപ്പറേഷണല്‍ വരുമാനത്തില്‍ 24 ശതമാനം വര്‍ധനയാണുണ്ടായത്.

ലാഭം തരുന്ന യാത്രക്കാര്‍

ഇന്‍ഡിഗോ സേവനം ഉപയോഗിക്കുന്ന ഓരോ യാത്രക്കാരനില്‍ നിന്നും ലഭിക്കുന്ന ലാഭത്തിന്റെ തോതും വര്‍ധിച്ചു. ഒരു യാത്രക്കാരന്‍ ഓരോ കിലോമീറ്റര്‍ യാത്ര ചെയ്യുമ്പോഴും ഇന്‍ഡിഗോയുടെ വരുമാനത്തില്‍ 5.32 രൂപയാണ് വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത് 2.4 ശതമാനം കൂടി. ഉപയോഗിക്കുന്ന സീറ്റുകളുടെ എണ്ണത്തിലും വര്‍ധനയുണ്ടാക്കാന്‍ കഴിഞ്ഞതും നേട്ടത്തിന് കാരണമാണ്. 87.4 ശതമാനം സീറ്റുകളിലും യാത്രക്കാരുണ്ട്. നിലവില്‍ 400 വിമാനങ്ങളാണ് ഇന്‍ഡിഗോക്കുള്ളത്.

10 രൂപ ലാഭവിഹിതം

ഓഹരി ഉടമകള്‍ക്ക് ഒരു ഷെയറിന് 10 രൂപ പ്രകാരം ലാഭവിഹിതം നല്‍കാന്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി. 30 ദിവസത്തിനുള്ളിലാണ് ഇത് നല്‍കുക. കമ്പനിയുടെ ലാഭവര്‍ധനയെ തുടര്‍ന്ന് ഇന്റര്‍ഗ്ലോബ് ഓഹരി വില 0.4 ശതമാനം കൂടി. 5,465.65 രൂപയിലാണ് ക്ലോസ് ചെയ്തത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com