വ്യവസായ രംഗത്ത് നിന്ന് ആരും ഇല്ലാതെ വ്യവസായ പരിഷ്കരണ സമിതി
വ്യവസായ രംഗത്ത് നിന്ന് ആരും ഇല്ലാതെ വ്യവസായ പരിഷ്കരണ സമിതി. വ്യവസായങ്ങളുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു നിലവിലുള്ള നിയമങ്ങളിലെ കാലഹരണപ്പെട്ട വകുപ്പുകളും ചട്ടങ്ങളും പരിശോധിക്കുന്നതിനും പുതുക്കുന്നതിനു മുള്ള നിർദേശങ്ങൾ നൽകുന്നതിനുമാണ് മൂന്നംഗ സമിതിക്ക് രൂപം നൽകിയിരിക്കുന്നത്. മൂന്നു മാസത്തിനകം സമിതി സർക്കാരിനു റിപ്പോർട്ട് നൽകും.
നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ് ലീഗൽ സ്റ്റഡീസ്(ന്യുവാൽസ്) വൈസ് ചാൻസലർ ഡോ. കെ.സി. സണ്ണി അധ്യക്ഷനായുള്ള സമിതിയിൽ മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥൻ ടി. നന്ദകുമാർ പ്രത്യേക ക്ഷണിതാവും , നിയമ പരിഷ്‌കരണ കമ്മിഷൻ വൈസ് ചെയർമാൻ കെ. ശശിധരൻ നായർ അംഗവുമായിരിക്കും ഇവർ ,വ്യവസായങ്ങൾ തുടങ്ങുന്നതും നടത്തുന്നതുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു നിലവിലുള്ള നിയമങ്ങളിലെ കാലഹരണപ്പെട്ടതും ഇന്നത്തെക്കാലത്ത് യുക്തിക്കു നിരക്കുന്നതല്ലെന്നു തോന്നുന്നതുമായ നിയമങ്ങളും ചട്ടങ്ങളും പരിഷ്‌കരിക്കുന്നതു സംബന്ധിച്ചു പരിശോധന നടത്തി സർക്കാരിനു റിപ്പോർട്ട് സമർപ്പിക്കും. വ്യവസായങ്ങളുമായി ബന്ധപ്പെട്ടു വിവിധ വകുപ്പുകൾ സൂക്ഷിക്കേണ്ട രജിസ്റ്ററുകൾ കൈകാര്യം ചെയ്യുന്ന നടപടി ലളിതമാക്കുന്നതിനുള്ള നിർദേശങ്ങളും ഈ സമിതി സർക്കാരിനു നൽകും.
സംസ്ഥാനത്തെ വ്യവസായ സമൂഹവുമായും സംരംഭകരുമായും ആശയവിനിമയം നടത്തിയാകും നിർദേശങ്ങൾ തയാറാക്കുക. ഇക്കാര്യത്തിൽ പൊതുജനങ്ങൾക്കും വ്യവസായ ലോകത്തെക്കുറിച്ചു ധാരണയുള്ളവർക്കം നിർദേശങ്ങൾ സമർപ്പിക്കാം. കെ.എസ്.ഐ.ഡി.സിയാകും സമിതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.
എന്നാൽ സമിതിയിൽ വ്യവസായ രംഗത്ത് നിന്നുള്ള വ്യക്തികളെ കൂടി ഉൾപ്പെടുത്തണമെന്നുള്ള ആവശ്യം ഉയർന്നു.
ഇത് സംബന്ധിച്ചു വ്യവസായികൾ വ്യവസായ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.