എംഎസ്എംഇ വായ്പാ കുടിശ്ശികയില്‍ വര്‍ധന; വ്യാവസായിക വായ്പ ഉയര്‍ന്നു

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളിലെ (MSME) വായ്പാ കുടിശ്ശിക വര്‍ധിച്ചതോടെ 2022 നവംബറില്‍ വ്യാവസായിക വായ്പ 13.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി ക്രെഡിറ്റ് റേറ്റിംഗ് കമ്പനിയായ കെയര്‍എഡ്ജ് അറിയിച്ചു. മുന്‍വര്‍ഷം ഇത് 4.4 ശതമാനമായിരുന്നു. എംഎസ്എംഇകളിലെ ശക്തമായ വായ്പാ വളര്‍ച്ച, ഉയര്‍ന്ന പ്രവര്‍ത്തന മൂലധന ആവശ്യകതകള്‍ എന്നിവയാണ് ഇത് ഉയരാന്‍ കാരണം. 2022 നവംബര്‍ 18 വരെയുള്ള കണക്കനുസരിച്ച് വായ്പ 32.9 ലക്ഷം കോടി രൂപയാണ്.

വായ്പ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് എംഎസ്എംഇ മന്ത്രാലയം വിവിധ വായ്പകള്‍ ഇത്തരം സംരംഭങ്ങള്‍ക്ക് നല്‍കുന്നുണ്ട്. മുന്‍ഗണനാ മേഖലയിലുള്ള വായ്പകള്‍ക്ക് കീഴില്‍ എംഎസ്എംഇ മേഖലയ്ക്ക് നവംബറില്‍ നല്‍കിയ മൊത്തം ബാങ്ക് വായ്പ 18.26 ലക്ഷം കോടി രൂപയാണ്. ഈ 18.26 ലക്ഷം കോടിയില്‍ 14.57 ലക്ഷം കോടി സൂക്ഷ്മ ചെറുകിട യൂണിറ്റുകളുടേതും 3.69 ലക്ഷം കോടി ഇടത്തരം സംരംഭങ്ങളുടേതുമാണ്.

ഇതില്‍ സൂക്ഷ്മ ചെറുകിട വ്യവസായങ്ങളുടെ വായ്പാ കുടിശ്ശിക 2021 നവംബറിലെ 15.3 ശതമാനത്തില്‍ നിന്ന് 19.6 ശതമാനം വളര്‍ച്ചയോടെ 2022 നവംബറില്‍ 5.6 ലക്ഷം കോടി രൂപയായി. ഇടത്തരം വ്യവസായങ്ങള്‍ 29.7 ശതമാനം വളര്‍ച്ചയോടെ 2022 നവംബര്‍ വരെ വായ്പാ കുടിശ്ശിക 2.2 ലക്ഷം കോടി രൂപയായി രേഖപ്പെടുത്തി. 2021 നവംബറിലെ 37.4 ശതമാനം വളര്‍ച്ചയില്‍ നിന്ന് 2022 ല്‍ വന്‍കിട വ്യവസായങ്ങളുടെ വായ്പാ കുടിശ്ശിക 25.1 ലക്ഷം കോടി രൂപ രേഖപ്പെടുത്തി.

നിലവില്‍ പ്രധാനമന്ത്രിയുടെ തൊഴിലുറപ്പ് പദ്ധതി (PMEGP) ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതി പോലെ വിവിധ പദ്ധതികള്‍ എംഎസ്എംഇകളെ പിന്തുണയ്ക്കുന്നതാനായി സാമ്പത്തിക സഹായ പദ്ധതികള്‍ നല്‍കുന്നുണ്ട്. രാജ്യത്തിന്റെ കയറ്റുമതിയുടെ 49 ശതമാനം സംഭാവന ചെയ്യുന്നത് എംഎസ്എംഇകളാണ്. കൂടാതെ ഇവ ഇന്ത്യയുടെ ആഭ്യന്തര മൊത്ത ഉല്‍പാദനത്തില്‍ 30 ശതമാനം സംഭവന ചെയ്യുന്നുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it