ബാങ്കിംഗ്, ഓഹരി വിപണി, നികുതി... വിവിധ മേഖലകളെ ബജറ്റ് എങ്ങനെ സ്വാധീനിക്കും?

ബാങ്കിംഗ്, ഓഹരി വിപണി, നികുതി... വിവിധ മേഖലകളെ ബജറ്റ് എങ്ങനെ സ്വാധീനിക്കും?

വിവിധ മേഖലകളിലെ വിദഗ്ധരുടെ അഭിപ്രായം ഇങ്ങനെ
Published on

കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്റെ എട്ടാമത്തെ ബജറ്റ് അവതരണം വിവിധ മേഖലകളില്‍ ഇന് ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കും. വിവിധ രംഗങ്ങളില്‍ ബജറ്റ് ഉണ്ടാക്കുന്ന ചലനങ്ങളെ കുറിച്ച് വിദഗ്ധര്‍ പങ്കുവയ്ക്കുന്ന അഭിപ്രായങ്ങള്‍ നോക്കാം.

 വി. പി നന്ദകുമാര്‍
വി. പി നന്ദകുമാര്‍

മധ്യവര്‍ഗത്തിനെ പരിഗണിച്ചത് സാമ്പത്തിക ആക്കം കൂട്ടും

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തന്റെ തുടര്‍ച്ചയായ എട്ടാം ബജറ്റില്‍ വളര്‍ന്നുവരുന്ന ജനസംഖ്യയ്ക്ക് വലിയ തോതിലുള്ള നികുതി ഇളവാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എം.ഡി.യും സിഇഒയുമായ വി. പി നന്ദകുമാര്‍. പ്രതിവര്‍ഷം 12 ലക്ഷം രൂപവരെ വരുമാന ഇളവാണ് ലഭിക്കുന്നത്. നികുതി കുറയുന്നതോടെ ഉപഭോഗത്തിനും സമ്പാദിക്കുന്നതിനുമുള്ള പ്രവണത വളരെ കൂടുതലുള്ള മധ്യവര്‍ഗത്തിന്റെ കൈകളിലേക്ക് ഗണ്യമായ തുക എത്തിക്കും. ഇത് സ്വകാര്യ ഉപഭോഗം വര്‍ധിപ്പിക്കുകയും ഗാര്‍ഹിക സമ്പാദ്യം ഉയര്‍ത്തുകയും സാമ്പത്തിക ആക്കം കൂട്ടുകയും ചെയ്യും.

സമീപ മാസങ്ങളില്‍ സ്വകാര്യ ഉപഭോഗച്ചെലവ് ചുരുങ്ങുന്നത് സാമ്പത്തിക വളര്‍ച്ചയിലെ മിതത്വത്തിന് പിന്നിലെ പ്രധാന ഘടകമാണെന്ന് ഓര്‍മ്മിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ. പോള്‍ തോമസ്‌
കെ. പോള്‍ തോമസ്‌

ഭാവി വളര്‍ച്ചയ്ക്കും വികസനത്തിനും ശക്തമായ അടിത്തറ പാകും

സര്‍ക്കാരിന്റെ നയത്തിന് സമാനമായി, 2025-26 ലെ കേന്ദ്ര ബജറ്റില്‍ സമഗ്ര വികസനത്തിന് ധനമന്ത്രി ഊന്നല്‍ നല്‍കിയത് വളരെ സ്വാഗതാര്‍ഹമാണെന്ന് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എംഡി & സിഇഒയുമായ കെ. പോള്‍ തോമസ്‌ പറഞ്ഞു.

ഗ്രാമീണ്‍ ക്രെഡിറ്റ് സ്‌കോര്‍, കെസിസി വായ്പ പരിധി 3 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമായി ഉയര്‍ത്തിയതും, മൈക്രോ എന്റര്‍പ്രൈസസിനുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ അവതരിപ്പിക്കുക തുടങ്ങിയവ സാമ്പത്തിക ഉൾപ്പെടുത്തലിന് ഊന്നൽ നൽകുന്ന പ്രധാന പ്രഖ്യാപനങ്ങളാണ്.

അന്താരാഷ്ട്ര വ്യാപാരത്തിനായുള്ള 'ഭാരത് ട്രേഡ്‌നെറ്റ്' (ബിടിഎന്‍) പ്രഖ്യാപനത്തോടെ ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചറിന് ഉത്തേജനം ലഭിക്കും. ഇത് വ്യാപാര ഡോക്യുമെന്റേഷനും ധനസഹായ പരിഹാരങ്ങള്‍ക്കുമുള്ള ഏകീകൃത പ്ലാറ്റ്ഫോമായി പ്രവര്‍ത്തിക്കും, കൂടാതെ കേന്ദ്ര കെവൈസി രജിസ്ട്രിയായും പ്രവര്‍ത്തിക്കും.

12 ലക്ഷം രൂപവരെയുള്ള വാര്‍ഷിക വരുമാനത്തിന് ആദായനികുതി ഒഴിവാക്കിയത് ഒരു പ്രധാന നേട്ടമാണ്, ഇത് ഇടത്തരം വരുമാനക്കാരായ കുടുംബങ്ങളെ ശാക്തീകരിക്കുകയും നഗര, ഗ്രാമ വിപണികളില്‍ പണ ലഭ്യത വർദ്ധിപ്പിക്കുകയും ചെയ്യും. അതുകൊണ്ട്, 2025-26 ലെ കേന്ദ്ര ബജറ്റ് നിലവിലെ സാമ്പത്തിക വളര്‍ച്ചയെ നിലനിര്‍ത്തുക മാത്രമല്ല, ഭാവി വളര്‍ച്ചയ്ക്കും വികസനത്തിനും ശക്തമായ അടിത്തറ പാകുകയും ചെയ്യും.

 പ്രിന്‍സ് ജോര്‍ജ്
പ്രിന്‍സ് ജോര്‍ജ്

പതുക്കെ മാറ്റമുണ്ടാക്കാനാകും

പെട്ടെന്നല്ലെങ്കിലും പോസിറ്റീവായ മാറ്റമുണ്ടാക്കാവുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് ഡി.ബി.എഫ്.എസ് മാനേജിംഗ് ഡയറക്ടര്‍ പ്രിന്‍സ് ജോര്‍ജ് പറഞ്ഞു. നിലവില്‍ പണപ്പെരുപ്പവും വിലക്കയറ്റവും മൂലം ആളുകളുടെ കൈയില്‍ പണഞെരുക്കമുണ്ട്. കോവിഡിന് ശേഷം ആ ഞെരുക്കം കൂടി. ഭക്ഷണസാധനങ്ങള്‍ക്ക് മാത്രമല്ല ആശുപത്രി ചെലവുള്‍പ്പെടെ സകലതും ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ നികുതി ഇളവ് ആശ്വാസമാണ്. അതുവഴി മിച്ചം പിടിക്കുന്ന തുക നിക്ഷേപം നടത്താനോ ചെലവഴിക്കാനോ ആളുകള്‍ തയാറായേക്കുമെന്നാണ് കരുതുന്നത്.

ഇക്കണോമിക് സര്‍വേയില്‍ സൂചിപ്പിച്ചതുപോലെ നിയന്ത്രണങ്ങള്‍ കുറച്ചുകൊണ്ട് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ വേണ്ട കാര്യങ്ങള്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഉള്‍പ്പെടുത്തിയില്ല. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിനെ കുറിച്ച് പരമാര്‍ശമുണ്ടായെങ്കിലും പണം നിക്ഷേപിക്കുന്നവര്‍ക്ക് ആത്മവിശ്വാസം പകരുന്ന എന്ത് നടപടികളാണ് കൈക്കൊള്ളുകയെന്ന് വ്യക്തമാക്കിയില്ല. ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ യു.എസിന്റെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പോലും നിക്ഷേപകര്‍ക്ക് അനുകൂല സാഹചര്യമൊരുക്കുമെന്ന് പറയുമ്പോഴാണ് ഇന്ത്യയില്‍ ഇങ്ങനെയെന്നതാണ് ശ്രദ്ധേയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിനോദ് ഫ്രാന്‍സിസ്
വിനോദ് ഫ്രാന്‍സിസ്

വര്‍ദ്ധിച്ചുവരുന്ന ആഗോള അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ബജറ്റ് സമ്പദ്വ്യവസ്ഥ സ്ഥിരതയുള്ളതാണെന്നും ദീര്‍ഘകാല പുരോഗതിയിലേക്ക് നീങ്ങുന്നുണ്ടെന്നും ഉറപ്പുനല്‍കുന്നതാണെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് ജിഎം-ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ വിനോദ് ഫ്രാന്‍സിസ് പറഞ്ഞു.

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ നികുതിക്ക് ശേഷമുള്ള വ്യക്തിഗത വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ഉപഭോഗം പുനരുജ്ജീവിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി പരിഷ്‌കാരങ്ങള്‍ വിവേകപൂര്‍വ്വം അവതരിപ്പിച്ചു.

2026 സാമ്പത്തിക വര്‍ഷം 4.4% ധനക്കമ്മി ലക്ഷ്യം വയ്ക്കുന്നതിനൊപ്പം ഉപഭോഗം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

മാത്രമല്ല, സമ്പദ്വ്യവസ്ഥയിലെ ഏറ്റവും ഉത്പാദന മേഖലകളില്‍ 2026 സാമ്പത്തിക വര്‍ഷത്തില്‍ 11.21 ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപം സര്‍ക്കാര്‍ അനുവദിക്കുന്നത് ഒരു ഡൊമിനോ ഇഫക്റ്റ് ഉണ്ടാക്കുകയും സമ്പദ്വ്യവസ്ഥയില്‍ മൂലധന രൂപീകരണം ത്വരിതപ്പെടുത്തുകയും ചെയ്യും.

ഇന്ത്യയുടെ ഉത്പാദന വളര്‍ച്ചയെ നയിക്കുന്ന രണ്ടാമത്തെ എഞ്ചിനാണ് എംഎസ്എംഇകള്‍. 1.5 ലക്ഷം കോടി രൂപ അനുവദിച്ചുകൊണ്ടുള്ള തീരുമാനം നിക്ഷേപം ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് കൂടുതല്‍ പ്രചോദനം നല്‍കും, ഇത് വളര്‍ച്ചയില്‍ സ്വാധീനം ചെലുത്തുകയും ഇന്ത്യയുടെ വികസനത്തിന് സഹായിക്കുകയും ചെയ്യും.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെങ്കിട്ടരാമന്‍ വെങ്കിടേശ്വരന്‍
വെങ്കിട്ടരാമന്‍ വെങ്കിടേശ്വരന്‍

ഉപഭോഗത്തിന് ഊന്നല്‍ നല്‍കിയുള്ള സമതുലിത ബജറ്റ്

വികസിത് ഭാരത് എന്ന ലക്ഷ്യത്തെ മുന്‍നിറുത്തിയുള്ള വികാസനോന്മുഖമായ ബഡ്ജറ്റാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് ഫെഡറല്‍ ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ആന്‍ഡ് സിഎഫ്ഒ വെങ്കിട്ടരാമന്‍ വെങ്കിടേശ്വരന്‍. കൃഷി, പാദരക്ഷ, തുകല്‍, കളിപ്പാട്ടം, ഭക്ഷ്യസംസ്‌കരണം തുടങ്ങിയ തൊഴിലാളികള്‍ക്കു പ്രാധാന്യമുള്ള ചെറുകിട- ഇടത്തരം മേഖലകള്‍ക്ക് വലിയ പിന്തുണയാണ് ബജറ്റ് നല്‍കിയിരിക്കുന്നത്. ചെറുകിട- ഇടത്തരം മേഖലകളില്‍ ബാങ്ക് നല്കിപ്പോരുന്ന പ്രാധാന്യത്തിന് പൂരകമാവുക വഴി ഇടപാടുകാരുമായുള്ള ബന്ധം ദൃഢമാക്കാന്‍ ബ്ജറ്റ് സഹായിക്കുന്നു. വരുമാനനികുതി നിരക്കില്‍ വരുത്തിയ കുറവ് ഉപഭോഗത്തിന്റെ വളര്‍ച്ചയ്ക്ക് സഹായമാകും. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച സാമ്പത്തിക ഏകീകരണ പദ്ധതി തുടരുന്നതാണ്. കാപെക്സിനു ചെലവഴിക്കുന്ന തുക അടിസ്ഥാന സൗകര്യമേഖലയുടെ ഉണര്‍വിനും തൊഴില്‍ സൃഷ്ടിക്കലിനും വഴിയൊരുക്കും. ചുരുക്കിപ്പറഞ്ഞാല്‍ ഉപഭോഗത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള സമതുലിത ബജറ്റ് ആണ് അവതരിപ്പിച്ചതെന്ന് വെങ്കിട്ടരാമന്‍ പറയുന്നു.

Indel money success story and showing ceo image
ഉമേഷ് മോഹനന്‍

ഉപഭോഗം വര്‍ധിപ്പിക്കുന്നതിലും സമ്പദ് വ്യവസ്ഥയ്ക്ക് ഊര്‍ജ്ജം പകരുന്നതിലും ഊന്നല്‍

2025-26 വര്‍ഷത്തെ കേന്ദ്ര ബജറ്റ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഉപഭോഗം വര്‍ധിപ്പിക്കുന്നതിലും ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്ക് ഊര്‍ജ്ജം പകരുന്നതിലുമാണെന്ന് ഇന്‍ഡെല്‍ മണി എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഉമേഷ് മോഹനന്‍ അഭിപ്രായപ്പെട്ടു. കാര്‍ഷിക മേഖല, മത്സ്യബന്ധനം, സൂക്ഷ്മ, ഇടത്തരം, ചെറുകിട സംരംഭങ്ങള്‍, കുറഞ്ഞ ചിലവിലുള്ള വീടുകള്‍, തുണിത്തരങ്ങള്‍, തുകലും അനുബന്ധ വ്യവസായങ്ങളും എന്നിവ അടങ്ങിയ അടിസ്ഥാന മേഖലയ്ക്കാണ് ഊന്നല്‍ നല്‍കിയിട്ടുള്ളത്. സൂക്ഷ്മ, ഇടത്തരം, ചെറുകിട സംരംഭങ്ങള്‍ക്കുള്ള വായ്പാ ഗാരണ്ടി വര്‍ധിപ്പിക്കുകയും കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളുടെ വായ്പാ പരിധി കൂട്ടുകയും ചെയ്തത് സുപ്രധാന ചുവടു വെയ്പാണ്. ഗ്രാമീണ മേഖലയ്ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുകയും വ്യക്തിഗത ആദായ നികുതിയില്‍ ഇളവനുവദിക്കുകയും ചെയ്ത നടപടി സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയും വായ്പാ ഡിമാന്റ് വര്‍ധിപ്പിക്കുകയും ചെയ്യും. ഗ്രാമീണ സമ്പദ് വ്യവസ്ഥ സജീവമാകുന്നതോടെ വായ്പയും അതിന്റെ വിതരണവും വര്‍ധിയ്ക്കും. ഈ നയ വ്യതിയാനം ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും ചെറുകിട സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും ഒരു പോലെ ഗുണകരമാണ്. അദ്ദേഹം വിലയിരുത്തി.

സ്ത്രീകള്‍, പട്ടിക ജാതി ,പട്ടിക വര്‍ഗം, കൈവണ്ടിത്തൊഴിലാളികള്‍, തെരുവു കച്ചവടക്കാര്‍ തുടങ്ങി സമൂഹത്തിലെ ദുര്‍ബ്ബല വിഭാഗങ്ങളിലേക്കുള്ള വായ്പയുടെ ഒഴുക്കു വര്‍ധിപ്പിയ്ക്കാനും ബഡ്ജറ്റ് ലക്ഷ്യമിടുന്നുണ്ട്. വീട്ടുചിലവുകള്‍ സംബന്ധിച്ച് ഈയിടെ പുറത്തു വന്ന സര്‍വേ ഫലം ചൂണ്ടിക്കാട്ടുന്നതു പോലെ ഗ്രാമ, നഗര വ്യത്യാസമില്ലാതെ ഉപഭോഗം കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ അങ്ങേയറ്റം ആവശ്യമായ അടിസ്ഥാന വര്‍ഗത്തിന്റെ സാമ്പത്തിക വീണ്ടെടുപ്പ് മൊത്തത്തിലുള്ള സാമ്പത്തിക വളര്‍ച്ചയ്ക്കു സഹായകമായിത്തീരും. പൊതുവേ പറഞ്ഞാല്‍, നിര്‍മ്മാണ മേഖലയ്ക്കും തുല്യ പ്രാധാന്യം നല്‍കി ,പുതിയ പന്ഥാവ് വെട്ടിത്തുറക്കുന്ന ബജറ്റാണിത്. ' നാഷണല്‍ മാനുഫാക്ചറിംഗ് മിഷ' ന് രൂപം നല്‍കുകയും വ്യാപാര, ധനകാര്യ , എംഎസ്എംഇ മന്ത്രാലയങ്ങളെ ഏകോപിപ്പിച്ച് കയറ്റുമതി വര്‍ധിപ്പിക്കാനുള്ള പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്. സൗരോര്‍ജ്ജ സെല്ലുകളുടേയും വൈദ്യുത വാഹനങ്ങള്‍ക്കാവശ്യമായ ബാറ്ററികളുടേയും നിര്‍മ്മാണം വര്‍ധിപ്പിക്കാനുള്ള ശ്രമം പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. അദ്ദേഹം പറഞ്ഞു.

കെ.എസ് ഹരിഹരന്‍
കെ.എസ് ഹരിഹരന്‍

വ്യവസായത്തിനും വ്യാപാരമേഖലയ്ക്കും ഗുണമാകും

ടി.ഡി.എസില്‍ ഇളവ് പ്രഖ്യാപിച്ചതുള്‍പ്പെടെയുള്ള ബജറ്റ് തീരുമാനങ്ങള്‍ ഗുണകരമാണെന്ന് നികുതി വിദഗ്ദ്ധനും ഹൈക്കോടതി അഭിഭാഷകനുമായ കെ.എസ് ഹരിഹരന്‍. അടുത്തയാഴ്ച പാര്‍ലമെന്റില്‍ ആദായ നികുതി സംബന്ധിച്ച നികുതി ബില്‍ അവതരിപ്പിക്കുമെന്ന് പറഞ്ഞതും വ്യവസായത്തിനും വ്യാപാര മേഖലയ്ക്കും ഗുണകരമാകുമെന്ന് പ്രതീക്ഷിക്കാം. വികാസ് ഭാരത് എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് നികുതി, ഊര്‍ജമേഖല, നഗര വികസനം, ഖനനം, സാമ്പത്തിക മേഖല മുതലായ രംഗത്ത് ഒട്ടേറെ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും ഒട്ടേറെ പരിഗണന കൊടുക്കുന്നുണ്ട്.

കര്‍ഷകര്‍ക്ക് പ്രത്യേക കൈത്താങ്ങ് നല്‍കാനുള്ള പദ്ധതിയും നല്ലതാണ്. തുകല്‍ ചെരുപ്പ് മേഖലയ്ക്കും അനുബന്ധ മേഖലകള്‍ക്കും നല്ലൊരു തുക കരുതിവച്ചിട്ടുണ്ട്. 22 ലക്ഷംപേര്‍ക്ക് തൊഴില്‍ ഉറപ്പാക്കുമെന്നതും സ്റ്റാര്‍ട്ടപ്പില്‍ 27 മേഖലകള്‍ കൂടി ഉള്‍പ്പെടുത്തുമെന്നതും ഗുണകരമാണ്. മൈക്രോ ഇന്‍ഡസ്ട്രീസ് ക്രെഡിറ്റ്‌ കാര്‍ഡ് ഏര്‍പ്പെടുത്തുന്നതും കിസാന്‍ ക്രെഡിറ്റ് പദ്ധതി മൂന്ന് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കുന്നത് കാര്‍ഷിക മേഖലയില്‍ ഉണര്‍വുണ്ടാക്കും. സാമ്പത്തിക വികസത്തില്‍ 70 ശതമാനമെന്നു പറയുന്നത് ശ്ലാഘനീയമാണ്. എല്ലാം കണക്കിലെടുക്കുമ്പോള്‍ സൗഹാര്‍ദപരമായ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചിരിക്കുന്നതെന്ന് പറയാം.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com