ഇന്‍ഫോപാര്‍ക്ക് വരുന്നു ഈ കൊച്ചി മെട്രോ സ്റ്റേഷനിലേക്ക്

കൊച്ചി മെട്രോ കാക്കനാട് ഇന്‍ഫോപാര്‍ക്കിലേക്ക് വരുന്നതിന് മുമ്പേ ഇന്‍ഫോപാര്‍ക്ക് ഇതാ കൊച്ചി മെട്രോ സ്റ്റേഷനിലേക്ക് വരുന്നു. എറണാകുളം സൗത്ത് കൊച്ചി മെട്രോ സ്റ്റേഷനിലാണ് ഇന്‍ഫോപാര്‍ക്ക് വരുന്നത്. ഇതിന്റെ ഭാഗമായി സൗത്ത് മെട്രോ സ്റ്റേഷനില്‍ ഐ.ടി വര്‍ക്ക്സ്പെയ്സ് നിര്‍മ്മിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിലും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍) മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റയും ഒപ്പുവച്ചു.

സൗകര്യങ്ങളേറെ

എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനില്‍ ആറ് നിലകളിലായി 39,880 ചതുരശ്ര അടിയില്‍ ഫ്‌ളെക്‌സി വര്‍ക്ക്‌സ്‌പേസുകള്‍ സ്ഥാപിക്കുന്നതിനാണ് ധാരണയായത്. ഇത് 500 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. കോ വര്‍ക്കിംഗ് സ്‌പേസിന്റെ ആവശ്യം വര്‍ധിക്കുന്നത് പരിഗണിച്ചാണ് ഇവിടെ ഫ്‌ളെക്‌സി വര്‍ക്ക് സ്‌പേസ് ഒരുക്കുന്നത്.

യാത്രാ സൗകര്യങ്ങളും നവീന ഓഫീസ് സൗകര്യങ്ങളും സംയോജിക്കുന്ന പ്രീമിയം വര്‍ക്ക് സ്‌പേസ്, കോ വര്‍ക്കിംഗ് സ്‌പേസ് മാതൃകകളില്‍ ഒരുങ്ങുന്ന ഈ ഓഫീസ് സൗകര്യം ഐ.ടി, ഐ.ടി.ഇ.എസ് കമ്പനികള്‍ക്കും ജീവനക്കാര്‍ക്കും ഉപയോഗപ്പെടുത്താം. പാന്‍ട്രി ഏരിയ, ഇവന്റുകള്‍ക്ക് സ്ഥലം, പാര്‍ക്കിംഗ് തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കും.

ഐ.ടി വ്യവസായത്തിന്റെ വളര്‍ച്ച

നഗരകേന്ദ്രമായ സൗത്ത് മെട്രോ സ്റ്റേഷനിലെ വര്‍ക്ക് സ്‌പേസ് ഐ.ടി വളര്‍ച്ചയിലെ പ്രധാന ചുവടുവെയ്പ്പാണെന്ന് ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുറുന്തില്‍ പറഞ്ഞു. ഈ സൗകര്യം ഐ.ടി വ്യവസായ മേഖലയുടെ വളര്‍ച്ചയ്ക്ക് സഹായകരമാണെന്ന് കെ.എം.ആര്‍.എല്‍ എം.ഡി ലോക്നാഥ് ബെഹ്റ പറഞ്ഞു. 2024 ഒക്ടോബറില്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it