കോടിയിലേറെ വാര്‍ഷിക ശമ്പളം 74 ഇന്‍ഫോസിസ് ജീവനക്കാര്‍ക്ക്

പ്രതിവര്‍ഷം ഒരു കോടി രൂപയിലേറെ വരുമാനം നേടുന്ന ഇന്‍ഫോസിസ് ജീവനക്കാരുടെ എണ്ണം മുന്‍ വര്‍ഷത്തെ 64 ല്‍ നിന്ന് 2019-20 സാമ്പത്തിക വര്‍ഷം 74 ആയി വര്‍ധിച്ചു.നിശ്ചിത തുക ശമ്പളവും സ്റ്റോക്ക് ഇന്‍സെന്റീവുകളും വേരിയബിള്‍ പേ, റിട്ടയറല്‍ ആനുകൂല്യങ്ങള്‍ എന്നിവയും ചേരുന്നതിനാലാണ് കോടിപതികളുടെ എണ്ണം ഉയര്‍ന്നത്്. വൈസ് പ്രസിഡന്റ് പദവിക്കും അതിനു മുകളിലും വരുന്നവരാണിവര്‍.

പ്രവര്‍ത്തന മികവുള്ള ജീവനക്കാരെ ആകര്‍ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമായാണ് യോഗ്യരായ ജീവിക്കാര്‍ക്ക് ഇന്‍ഫോസിസ് ഓഹരികള്‍ നല്‍കുന്നത്്. ജീവനക്കാരുടെ ശമ്പളത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ശരാശരി 10 ശതമാനമാണ് വര്‍ധനവുണ്ടായത്. 2020 മാര്‍ച്ച് 31ലെ കണക്കു പ്രകാരം 1,89,640 ജീവനക്കാരാണ് കമ്പനിയിലുള്ളത്.

സ്റ്റോക്ക് ആനുകൂല്യങ്ങളുടെ വര്‍ദ്ധനവ് കാരണം ഈ സാമ്പത്തിക വര്‍ഷം ജീവനക്കാരുടെ നഷ്ടപരിഹാരത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായി. ജീവനക്കാരുടെ ശരാശരി വേതനം (എംആര്‍ഇ) 2019-20 ല്‍ 10 ശതമാനം ഉയര്‍ന്ന് 6.8 ലക്ഷമായി. മുന്‍ വര്‍ഷം 6.2 ലക്ഷം രൂപയായിരുന്നു. ഇന്‍ഫോസിസ് സിഇഒ സലില്‍ പരേഖിന്റെ മൊത്തം വരുമാനം 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 39 ശതമാനം വര്‍ധിച്ച് 34.27 കോടിയായി. ശമ്പളമായി 16.85 കോടി രൂപയും ഓഹരി വിഹിതമായി 17.04 കോടി രൂപയും മറ്റിനത്തില്‍ 38 ലക്ഷം രൂപയുമാണ് പരേഖിന് ലഭിച്ചത്.

കോവിഡ് പശ്ചാത്തലത്തില്‍ പുതിയ സാധാരണ ക്രമം വികസിച്ചുകൊണ്ടിരിക്കുന്നതായും അതിന്റെ ചലനാത്മകത മനസിലാക്കി പ്രതികരിക്കാനുള്ള നിര്‍ണായക മാര്‍ഗ്ഗങ്ങള്‍ അടുത്ത മാസങ്ങളില്‍ കണ്ടെത്തേണ്ടതുണ്ടെന്നും ഓഹരി ഉടമകള്‍ക്ക് അയച്ച കത്തില്‍ ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദന്‍ നിലേകനി ചൂണ്ടിക്കാട്ടി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it