

രാജ്യത്തെ പ്രമുഖ ഐടി സേവന ദാതാക്കളായ ഇന്‍ഫോസിസിന്റെ അറ്റാദായത്തില്‍ മുന്‍ പാദത്തെ അപേക്ഷിച്ച് 9.6 ശതമാനത്തിന്റെ ഇടിവ്. 6,654 കോടി രൂപയാണ് ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ കമ്പനി നേടിയ ലാഭം. ലേബര്‍ കോഡ് (Labour Code) നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട് കമ്പനിക്കുണ്ടായ 1,289 കോടി രൂപയുടെ അധിക ബാധ്യതയാണ് അറ്റാദായത്തെ കാര്യമായി ബാധിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നാം പാദഫലങ്ങള്‍ പുറത്തുവിട്ട ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), എച്ച്സിഎല്‍ ടെക് (HCL Tech) തുടങ്ങിയ കമ്പനികളുടെയും ലാഭത്തെ പുതുതായി കൊണ്ടുവന്ന തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ ചെലവുകള്‍ ബാധിച്ചിരുന്നു മൂന്ന് കമ്പനികള്‍ക്കും ചേര്‍ത്ത് 4,373 കോടി രൂപയാണ് ഇത്തരത്തില്‍ ഈ ഇനത്തില്‍ ചെലവാക്കേണ്ടി വന്നത്.
വാര്‍ഷികാടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോഴും ഇന്‍ഫോസിസിന്റെ അറ്റാദായത്തില്‍ 2.2 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ലാഭം കുറഞ്ഞെങ്കിലും കമ്പനിയുടെ വരുമാനത്തില്‍ വര്‍ധനയുണ്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 8.89 ശതമാനം വര്‍ധിച്ച് 45,479 കോടി രൂപയായി വരുമാനം ഉയര്‍ന്നു.
ആഗോള സാമ്പത്തിക പ്രതിസന്ധികളും ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങളും ഐടി മേഖലയുടെ വളര്‍ച്ചാ പ്രതീക്ഷകളെ ബാധിച്ച ഏതാനും മോശം പാദങ്ങള്‍ക്ക് ശേഷം, ഇന്‍ഫോസിസ് മികച്ച ഡിമാന്‍ഡ് ഔട്ട്ലുക്ക് (Demand outlook) പ്രവചിച്ചിരിക്കുകയാണ്. 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള വരുമാന വളര്‍ച്ചാ ലക്ഷ്യം 3- 3.5 ശതമാനമായി കമ്പനി പുതുക്കി നിശ്ചയിച്ചു. ഇക്കാലയളവില്‍ 4.8 ബില്യണ്‍ ഡോളറിന്റെ വന്‍കിട കരാറുകള്‍ നേടാന്‍ കമ്പനിക്ക് സാധിച്ചു.
സാങ്കേതികവിദ്യയ്ക്കായുള്ള ചെലവിടല്‍ മെച്ചപ്പെട്ടതായി ഈ ആഴ്ച ആദ്യം ടിസിഎസും (TCS), എച്ച്‌സിഎല്‍ ടെക്കും (HCLTech) വ്യക്തമാക്കിയിരുന്നു. എച്ച്‌സിഎല്‍ ടെക് വരുമാന വളര്‍ച്ചാ ലക്ഷ്യം പുതുക്കി നിശ്ചയിക്കുകയും ചെയ്തു.
ഈ പാദത്തില്‍ ഇന്‍ഫോസിസ് 5,043 ജീവനക്കാരെ കൂടി പുതുതായി നിയമിച്ചു. തുടര്‍ച്ചയായ ആറാം പാദത്തിലാണ് കമ്പനിയുടെ ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ മൊത്തം ജീവനക്കാരുടെ എണ്ണത്തില്‍ 13,655 പേരുടെ വര്‍ധനയുണ്ടായി. സെപ്റ്റംബര്‍ പാദത്തില്‍ 3,31,991 ആയിരുന്ന ജീവനക്കാരുടെ എണ്ണം ഡിസംബര്‍ പാദം അവസാനിക്കുമ്പോള്‍ 3,37,034 ആയി ഉയര്‍ന്നു.
ജോലിസ്ഥലങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) വലിയ മാറ്റങ്ങള്‍ വരുത്തുന്നതും ഐടി മേഖലയിലാകെ പിരിച്ചുവിടലുകള്‍ നടക്കുന്നുണ്ടെങ്കിലും, 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 20,000 ഫ്രഷേഴ്‌സിനെ (freshers) നിയമിക്കുമെന്ന് ഇന്‍ഫോസിസ് വ്യക്തമാക്കി. ഇതില്‍ 18,000 പേരെ ഡിസംബര്‍ അവസാനത്തോടെ തന്നെ കമ്പനി നിയമിച്ചുകഴിഞ്ഞു. വരും സാമ്പത്തിക വര്‍ഷത്തില്‍ (FY27) 20,000 ട്രെയിനികളെ കൂടി നിയമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
എഐ (AI) അധിഷ്ഠിത സേവനങ്ങളായ 'ഇന്‍ഫോസിസ് ടോപാസ്' വലിയ വളര്‍ച്ചാ സാധ്യതയാണ് നല്‍കുന്നതെന്നും, ആഗോള വിപണിയിലെ പ്രതിസന്ധികള്‍ക്കിടയിലും പുതിയ കരാറുകള്‍ നേടാനാവുന്നത് ശുഭസൂചനയാണെന്നും സിഇഒ സലീല്‍ പരേഖ് വ്യക്തമാക്കി.
Infosys Q3 profit drops 9.6% to ₹6,654 crore due to ₹1,289 crore labour code impact, despite revenue growth.
Read DhanamOnline in English
Subscribe to Dhanam Magazine