Begin typing your search above and press return to search.
ഗെയിമിംഗും പാന്‍മസാലയും നിറയുന്ന ഐപിഎല്‍, പരസ്യ വിപണിയില്‍ മങ്ങിയ തുടക്കം
ഐപിഎല്‍ 15ആം സീസണ്‍ ആരാധകര്‍ അവേശത്തോടെ വരവേറ്റപ്പോള്‍ പരസ്യ വിപണി തുടങ്ങിയത് അത്ര തിളക്കത്തോടെയല്ല. മുന്‍വര്‍ഷത്തെ സീസണിനോട് താരതമ്യപ്പെടുത്തുമ്പോള്‍ ഇത്തവണ പരസ്യങ്ങളുടെ എണ്ണം, പരസ്യ വിഭാഗങ്ങള്‍, ബ്രാന്‍ഡുകളുടെ എണ്ണം തുടങ്ങിയവ ഇടിഞ്ഞു. ടിഎഎം മീഡിയ റിസര്‍ച്ച് ആണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തു വിട്ടത്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ആദ്യ 5 ഐപിഎല്‍ മാച്ചുകളില്‍ പരസ്യം ചെയ്യാനെത്തിയവരുടെ എണ്ണത്തില്‍ 15 ശതമാനം ഇടിവാണ് ഉണ്ടായത്. പരസ്യ കാറ്റഗറി (വിഭാഗങ്ങള്‍) 58ല്‍ നിന്ന് 41 ആയി ചുരുങ്ങിയ. 97 ബ്രാന്‍ഡുകളാണ് ആദ്യ 5 മാച്ചുകളില്‍ പരസ്യം ചെയ്യാനെത്തിയത്. രണ്ട് ടീമുകള്‍ കൂടി എത്തിയതോടെ ഈ സീസണില്‍ മാച്ചുകളുടെ എണ്ണം 74 ആയി ഉയര്‍ന്നിട്ടുണ്ട്. 10 ശതമാനം വര്‍ധനവോടെ 14 ലക്ഷത്തോളം രൂപയാണ് 10 സെക്കന്‍ഡ് പരസ്യത്തിന് സ്റ്റാര്‍ നെറ്റ്‌വര്‍ക്ക് ഈടാക്കുന്നത്. ഈ സാഹചര്യത്തില്‍ എല്ലാ മത്സരങ്ങളിലും പരസ്യം നല്‍കാതെ ടീമുകളും സ്റ്റേഡിയങ്ങളും തെരഞ്ഞെടുത്താണ് ബ്രാന്‍ഡുകള്‍ പരസ്യം നല്‍കുന്നുത്.
ഏറ്റവും അധികം പരസ്യങ്ങള്‍ എത്തുന്നത് ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനികളില്‍ നിന്നാണ്. കഴിഞ്ഞ വര്‍ഷത്തെ 12 ശതമാനത്തില്‍ നിന്ന് 17 ശതമാനമായി ആണ് ഐപിഎല്ലിലെ പരസ്യ വിഹിതം ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനികള്‍ ഉയര്‍ത്തിയത്. ഇത്തവണയും ഡ്രീം11 ആണ് ഐപിഎല്ലില്‍ മുന്നിട്ട് നില്‍ക്കുന്നത്. പരസ്യ വിഹിതത്തില്‍ രണ്ടാംസ്ഥാനം പാന്‍മസാല കമ്പനികള്‍ക്കാണ്. ബോളിവുഡ് താരങ്ങളായ ഷാരുഖ് ഖാനും അമിതാഭ് ബച്ചനുമൊക്കെ അഭിനയിക്കുന്ന പാന്‍ മസാല പരസ്യങ്ങള്‍ ഐപിഎല്‍ കാണുന്നവര്‍ക്ക് സുപരിചിതമായിരിക്കും. കേരളത്തില്‍ 2012ല്‍ നിരോധിച്ച പാന്‍മസാലകളുടെ പരസ്യം ഇപ്പോഴും ടിവിയിലൂടെ നമ്മള്‍ കാണുന്നു എന്ന കാര്യം തല്‍ക്കാലം മാറ്റിവെക്കാം.
ഡ്രീം11, കമല പാന്‍ മസാല, സ്വിഗ്ഗി, ടാറ്റ ഡിജിറ്റല്‍, ഗെയിംസ്‌ക്രാഫ്റ്റ് എന്നിവരാണ് ആദ്യ ഐപിഎല്‍ മാച്ചുകളിലെ ടോപ് 5 പരസ്യ ബ്രാന്‍ഡുകള്‍. ഈ അഞ്ച് കമ്പനികള്‍ ചേര്‍ന്നാണ് ഐപിഎല്ലിലെ 40 ശതമാനം പരസ്യങ്ങളും നല്‍കിയത്. പരസ്യങ്ങളില്‍ നിന്ന് 4000 കോടിയിധകം രൂപയുടെ വരുമാനമാണ് ഈ സീസണില്‍ സ്റ്റാര്‍നെറ്റ്‌വര്‍ക്ക് പ്രതീക്ഷിക്കുന്നത്.
അതേ സമയം പൂര്‍ണമായും കാണികളെ പ്രവേശിപ്പിക്കാന്‍ തുടങ്ങിയതോടെ ഐപിഎല്ലിലെ ടിക്കറ്റ് വരുമാനം ഉയര്‍ന്നിട്ടുണ്ട്. കൊവിഡിന് മുമ്പ് 400 രൂപ മുതല്‍ ടിക്കറ്റ് ലഭിച്ചിരുന്ന സ്ഥാനത്ത് ഇന്ന് 800 മുതല്‍ 8000 രൂപ വരെ നല്‍കണം. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലെ ടിക്കറ്റ് നിരക്കുകള്‍ 2,500 രൂപ മുതലാണ് തുടങ്ങുന്നത്. ടീമുകളുടെ ബ്രാന്‍ഡ് മൂല്യം അനുസരിച്ച് റേറ്റുകളിലും ടിക്കറ്റിന്റെ ഡിമാന്‍ഡിലും വ്യത്യാസമുണ്ട്. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ആര്‍സിബി, കൊല്‍ക്കത്ത എന്നിവരാണ് ബ്രാന്‍ഡ് മൂല്യത്തില്‍ മുന്നിട്ടു നില്‍ക്കുന്ന ഐപിഎല്‍ ടീമുകള്‍.
Next Story
Videos